Connect with us

Editorial

പുറത്തിറങ്ങാന്‍ ഭയക്കുന്നോ സ്ത്രീ സമൂഹം?

സ്ത്രീപീഡനങ്ങള്‍ക്കെതിരെ നിയമം ആവിഷ്‌കരിച്ചതു കൊണ്ടായില്ല, മുഖം നോക്കാതെ അത് നടപ്പാക്കണം. കേസുകള്‍ വര്‍ഷങ്ങളോളം വെച്ചു താമസിപ്പിക്കാതെ വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം.

Published

|

Last Updated

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ഞായറാഴ്ച രാത്രി 10 മണിക്ക് കോഴിക്കോട് നഗരത്തില്‍ ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവതിയെ ക്രിസ്ത്യന്‍ കോളജ് ട്രാഫിക് ജംഗ്ഷനില്‍ വെച്ച് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം ശല്യം ചെയ്യുകയും ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിക്കുകയുമുണ്ടായി. ഇന്നലെ പുലര്‍ച്ചെ കാഞ്ഞങ്ങാട്-പത്തനംതിട്ട ബസിലെ യാത്രക്കാരിക്ക് നേരേ പീഡന ശ്രമമുണ്ടായി. തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവാണ് ലൈംഗികമായി സ്ത്രീയെ ശല്യം ചെയ്തത്. യുവതി പോലീസിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ വെച്ച് പോലീസ് ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

രണ്ട് ദിവസം മുമ്പ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന നന്ദിത എന്ന സ്ത്രീക്ക് നേരേ സഹയാത്രികനായ യുവാവില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി. നന്ദിത യുവാവിനെതിരെ ശക്തമായി പ്രതികരിച്ചു. വിവരമറിഞ്ഞ കണ്ടക്ടറും യുവതിയുടെ സഹായത്തിനെത്തി. അതോടെ യുവാവ് ബസില്‍ നിന്നിറങ്ങിയോടി. കണ്ടക്ടര്‍ ചാടിയിറങ്ങി അയാളെ പിടിച്ചെങ്കിലും കണ്ടക്ടറെ തള്ളിമാറ്റി യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും പിന്തുടരുകയും എയര്‍പോര്‍ട്ട് സിഗ്നല്‍ ജംഗ്ഷനില്‍ വെച്ച് പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സക്ക് പോകാന്‍ പോലും സ്ത്രീകള്‍ ഭയക്കേണ്ട അവസ്ഥയാണ്. രണ്ട് മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐ സി യുവില്‍ വിശ്രമിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.

അക്രമത്തിനും പീഡനത്തിനും ഇരയായ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കുകയോ പുറത്തു പറയുകയോ ചെയ്ത സംഭവങ്ങളാണിതെല്ലാം. തങ്ങളുടെ ദുരനുഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ പറയുന്നത് കുടുംബത്തിനും ഭാവിജീവിതത്തിനും ദോഷം ചെയ്യുമോ എന്ന ഭീതിയാല്‍ പുറത്തറിയിക്കാതെ ഞരമ്പ് രോഗികളെ നിശ്ശബ്ദരായി സഹിക്കുന്നവരാണ് നല്ലൊരു പങ്ക് സ്ത്രീകളും. വീടിനു വെളിയിലിറങ്ങിയുള്ള സഞ്ചാരം, വിശിഷ്യാ തനിച്ചുള്ള ബസ്, തീവണ്ടി യാത്രകള്‍ സ്ത്രീകള്‍ക്കിന്നൊരു പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തൊഴിലിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ‘മീ ടൂ’വില്‍ നിരവധി നടിമാരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ വിവരിച്ചത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെചൊല്ലി രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ സമരത്തിലാണ്. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷക്കുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് മാനം സംരക്ഷിച്ച് തൊഴില്‍ ചെയ്യാന്‍ പറ്റുന്നില്ല പലയിടങ്ങളിലും.

സ്ത്രീപീഡനങ്ങള്‍ തടയാന്‍ രാജ്യത്ത് കര്‍ശനമായ നിയമങ്ങളുണ്ട്. സംസ്ഥാനങ്ങള്‍ക്കുമുണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങള്‍. എന്നാല്‍ സ്ത്രീപീഡനങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയല്ലാതെ കുറയുന്നില്ല. 2020ല്‍ 1,880 ബലാത്സംഗ കേസുകളും 3,890 ഇതര ലൈംഗികാതിക്രമങ്ങളുമായിരുന്നു പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2021ല്‍ യഥാക്രമം ഇത് 2,318ഉം 4,269ഉം ആയി വര്‍ധിച്ചു. സ്ത്രീപീഡനങ്ങളുടെ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ പോലീസീല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. ഇതില്‍ തന്നെ നല്ലൊരു ശതമാനവും കേസെടുക്കാതെ പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നു. പോലീസില്‍ പരാതിപ്പെടുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും പല സംഭവങ്ങളിലും കുറ്റവാളികളുടെ ഭീഷണി ഭയന്നോ നിയമ നടപടികളുടെ സങ്കീര്‍ണത മൂലമോ സ്ത്രീകള്‍ പരാതി നല്‍കാന്‍ വിമുഖത കാണിക്കുകയാണെന്നും ഇതിനിടെ വനിതാ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എന്താണ് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം? നിയമ നടപടികളിലെ താമസം, പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് നിയമ പാലകരില്‍ നിന്നും പ്രതികളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ഭീഷണികളും പ്രയാസങ്ങളും, പ്രതികളുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷം, ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന സാഹചര്യം, ലഹരിയുടെ സ്വാധീനം തുടങ്ങി പലതുണ്ട് കാരണങ്ങള്‍. കേസുകള്‍ കോടതികളില്‍ തീര്‍പ്പാകാന്‍ പലപ്പോഴും വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നു. ഇതുമൂലം പരാതിക്കാരിയായ സ്ത്രീകള്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യം കാണിക്കാതെ പരാതി പിന്‍വലിക്കുന്നു. പരാതിയുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ പോലീസ് അവഗണിക്കുകയോ അപമാനിക്കുകയോ പ്രതികളുടെ സ്വാധീനം മൂലം കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്ത സംഭവങ്ങളും നിരവധി.

കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തെ ഒരു സി ഐക്കെതിരെ പീഡന പരാതി നല്‍കിയ യുവതി അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും നെടുമങ്ങാട് പോലീസ് യാതൊരു നടപടിയുമെടുത്തിട്ടില്ല. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ പ്രതിയായ സി ഐയുടെ കുടുംബം നല്‍കിയ പരാതിയില്‍ തനിക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തുകയുണ്ടായി. പ്രതികള്‍ ഉന്നതരോ സ്വാധീനമുള്ളവരോ ആയ മിക്ക കേസുകളിലും ഇതാണ് അവസ്ഥ. നിയമം ആവിഷ്‌കരിച്ചതു കൊണ്ടായില്ല, മുഖം നോക്കാതെ അത് നടപ്പാക്കണം. കേസുകള്‍ വര്‍ഷങ്ങളോളം വെച്ചു താമസിപ്പിക്കാതെ വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം. കടുത്ത ശിക്ഷ ലഭിക്കുമെന്നും നീതിന്യായ വ്യവസ്ഥ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ബോധ്യമുണ്ടാകുമ്പോഴേ കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കുകയുള്ളൂ.