Connect with us

Editorial

ആർ ബി ഐ പണനയം വിലക്കയറ്റത്തിന് പരിഹാരമോ?

ഇപ്പോൾ ആർ ബി ഐ എടുത്ത തീരുമാനം വിപണിയിൽ പണലഭ്യത കുറക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇതുവഴി വിലക്കയറ്റം പിടിച്ചു നിർത്താനും രൂപയുടെ മൂല്യമുയർത്താനും സാധിക്കുമെന്നത് പരമ്പരാഗത സാമ്പത്തിക ധാരണ മാത്രമാണ്. പലപ്പോഴും ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക.

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെന്തെന്ന് വിശദീകരിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന ചില കണക്കുകളുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി), ആളോഹരി വരുമാനം, വളർച്ചാ നിരക്ക് അനുമാനം, പണപ്പെരുപ്പ നിരക്ക്, ഇറക്കുമതി കയറ്റുമതി അനുപാതം തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാൽ യഥാർഥത്തിൽ രാജ്യത്തെ മനുഷ്യർ അനുഭവിക്കുന്ന പ്രതിസന്ധികളെ ശരിയായി പ്രതിഫലിപ്പിക്കാൻ ഈ സാങ്കേതിക സംഖ്യകൾക്കൊന്നും സാധ്യമല്ല. ഉദാഹരണത്തിന് ജി ഡി പി കൂടി എന്നത് കൊണ്ട് രാജ്യത്തെ ദരിദ്രരുടെ ജീവിതം മെച്ചപ്പെട്ടു എന്ന് പറയാനാകില്ല. അതിസമ്പന്നരുടെ മാത്രം സമ്പത്ത് വളരുകയും പാവപ്പെട്ടവരുടെ ദിവസ വരുമാനം താഴോട്ട് പോകുകയും ചെയ്താലും ജി ഡി പി വളരും. കൊവിഡ് മഹാമാരിയുടെ കാലത്ത് അതാണ് കണ്ടത്. വൻകിട മുതലാളിമാർക്ക് ഒന്നും സംഭവിച്ചില്ല. തൊഴിലാളികളും ദിവസ വേതനക്കാരും നട്ടംതിരിഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾ. നിരന്തരം ഇടിയുന്ന കറൻസി മൂല്യം. വർധിച്ചു വരുന്ന തൊഴിലില്ലായ്മ. ഭക്ഷ്യ ശേഖരം മിച്ചമാണെന്ന് പറയുമ്പോഴും ഭക്ഷ്യ ധാന്യങ്ങൾക്ക് വില കുതിച്ചുയരുന്നുവെന്ന വിരോധാഭാസം. ഉയർന്നു കൊണ്ടേയിരിക്കുന്ന ഇന്ധന വില. വിറ്റഴിക്കപ്പെടുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ. ഇതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നേർചിത്രം. ഇതിനെ മറച്ചുവെക്കാൻ കുറേ കണക്കുകൾ മുന്നോട്ട് വെക്കുന്നതിൽ ഒരർഥവുമില്ല.

ആർ ബി ഐ, ഐ എം എഫ് തുടങ്ങിയവ ഈയിടെ പുറത്തിറക്കിയ പഠനങ്ങൾ വിശകലനം ചെയ്താൽ രാജ്യം അത്ര മെച്ചത്തിലല്ല പോകുന്നതെന്ന് വ്യക്തമാകും. റഷ്യ- യുക്രൈൻ യുദ്ധം, അസംസ്‌കൃത ഇന്ധന വില വർധന തുടങ്ങിയവയടക്കമുള്ള കാരണങ്ങളാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്നും നാണ്യപ്പെരുപ്പം വർധിക്കുമെന്നും ആർ ബി ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് മാർച്ചിൽ 6.95 ശതമാനമാണ് രേഖപ്പെടുത്തിയത്. റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയർന്ന നിരക്കായ 6.95 ശതമാനമാണ് മാർച്ചിൽ രേഖപ്പെടുത്തിയത്.
2022- 23ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഒമ്പത് ശതമാനമായിരിക്കുമെന്നാണ് നേരത്തേ ഐ എം എഫ് മുന്നോട്ട് വെച്ച അനുമാനം. പിന്നീട് അത് 8.2 ശതമായി കുറച്ചു. ആർ ബി ഐയുടെ കണക്കിൽ ഇത് 7.2 ശതമാനമാണ്. ഇപ്പറഞ്ഞ 8.2 ശതമാനം ചൈനയേക്കാൾ കൂടുതലാണെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പിടിച്ചു നിൽക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും വാദിക്കുന്നവരുണ്ട്. അത്തരം താരതമ്യം കൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. താരതമ്യ ആഘോഷങ്ങളിൽ ആർപ്പ് വിളിക്കും മുമ്പ് തൊഴിലില്ലായ്മാ നിരക്ക് കൂടി നോക്കുന്നത് നന്നായിരിക്കും. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസത്തെ 7.60 ശതമാനത്തിൽ നിന്ന് 7.83 ശതമാനമായി വർധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് സെന്റർ ഫോർ മോണിറ്ററിംഗ്് ഇന്ത്യൻ ഇക്കണോമിയുടെ പുതിയ കണക്കുകൾ. മാർച്ചിൽ 7.60 ശതമാനം ആയിരുന്നതാണ് ഏപ്രിലിൽ 7.83 ആയി വർധിച്ചിരിക്കുന്നത്. പ്രാദേശിക മാർക്കറ്റുകളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വേഗം കുറഞ്ഞതുമാണ് തൊഴിലവസരങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് സി എം ഐ ഇ വ്യക്തമാക്കുന്നു. എന്താണ് ഇതിന്റെ അർഥം? സാമ്പത്തിക ഉണർവും മാന്ദ്യവും മനുഷ്യരുടെ ക്രയശേഷിയെയും വിപണി ആത്മവിശ്വാസത്തെയും നിക്ഷേപ, സമ്പാദ്യ പ്രവണതകളെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ഇതിൽ ഒന്നിനെ മാത്രം പരിപോഷിപ്പിച്ചത് കൊണ്ടായില്ല. നിക്ഷേപകർക്ക്, അത് ആഭ്യന്തരമായാലും വൈദേശികമായാലും, പരവതാനി വിരിക്കുകയാണ് പലപ്പോഴും സർക്കാറുകൾ ചെയ്യാറുള്ളത്. എന്നാൽ വാങ്ങാനാളില്ലാതെ എങ്ങനെ ഉത്പാദന മേഖല മെച്ചപ്പെടും?

ഈ വസ്തുത മുന്നിൽ വെച്ചു വേണം ആർ ബി ഐ പ്രഖ്യാപിച്ച പണനയത്തിന്റെ ഫലപ്രാപ്തി വിലയിരുത്താൻ. അസാധാരണമായ നീക്കമാണ് ആർ ബി ഐ നടത്തിയിരിക്കുന്നത്. മൂന്ന് മാസ ഇടവേള തികയാൻ കാത്തുനിൽക്കാതെ ചേർന്ന പണനയ സമിതി യോഗത്തിൽ റിപോ നിരക്ക് 0.4 ശതമാനവും ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) 0.5 ശതമാനവും വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ റിപോ നിരക്ക് 4.4 ശതമാനവും സി ആർ ആർ 4.5 ശതമാനവുമായി. നാല് വർഷത്തിന് ശേഷം ഇതാദ്യമായാണ് റിപോ നിരക്ക് ഉയർത്തുന്നത്. 6.25 ശതമാനമായിരുന്ന റിപോ നിരക്ക് 2018 ആഗസ്റ്റിലാണ് 0.25 ശതമാനം ഉയർത്തി 6.5 ശതമാനമാക്കിയത്. പിന്നീട് നിരക്ക് തുടർച്ചയായി കുറഞ്ഞ ശേഷം 2020 മെയ് മുതൽ നാല് ശതമാനത്തിൽ തുടരുകയായിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്തുക ലക്ഷ്യമിട്ടാണ് റിപോ നിരക്ക് ഉയർത്തിയതെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പണപ്പെരുപ്പ നിരക്കിലെ വർധന, ഭൗമ രാഷ്ട്രീയ സംഘർഷം, അസംസ്‌കൃത എണ്ണ വിലയിലെ കുതിപ്പ് എന്നിവ സമ്പദ്വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗവർണർ പറഞ്ഞു. വാണിജ്യ ബേങ്കുകളുടെ കൈവശം പണലഭ്യത കുറഞ്ഞാൽ റിസർവ് ബേങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്ക് ആണ് റിപോ. ഇത് ഉയരുമ്പോൾ പൊതു പലിശ നിരക്ക് ഉയരും. ആർ ബി ഐ തീരുമാനിക്കുന്ന നിക്ഷേപങ്ങളുടെ പണമായി സൂക്ഷിക്കേണ്ട നിശ്ചിത ശതമാനമാണ് സി ആർ ആർ. ഈ നിരക്ക് വർധിക്കുന്നത്, ബേങ്ക് വായ്പ കുറക്കുന്നു.

ഇപ്പോൾ ആർ ബി ഐ എടുത്ത തീരുമാനം വിപണിയിൽ പണലഭ്യത കുറക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇതുവഴി വിലക്കയറ്റം പിടിച്ചു നിർത്താനും രൂപയുടെ മൂല്യമുയർത്താനും സാധിക്കുമെന്നത് പരമ്പരാഗത സാമ്പത്തിക ധാരണ മാത്രമാണ്. പലപ്പോഴും ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ദരിദ്രരായ മനുഷ്യർക്ക് ആശ്വാസമെത്തിക്കുകയും ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുകയുമാണ് ശരിയായ പരിഹാരം. വിലക്കയറ്റമുണ്ടാക്കുന്ന നികുതികൾ ഒഴിവാക്കുകയും വേണം. പൊതു മേഖലാ സ്ഥാപനങ്ങളാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. അത് തകർക്കരുത്. അന്താരാഷ്ട്ര കരാറുകൾ രാജ്യത്തിന്റെ താത്പര്യങ്ങൾ ബലികഴിച്ചാകരുത്. എണ്ണ ഇറക്കുമതിയിൽ ഏറ്റവും ലാഭകരമായ സാധ്യതകൾ തേടണം. അതിന് ആരേയും പേടിക്കേണ്ട കാര്യമില്ല.