Connect with us

amendment of environment law

പാതവെട്ടുന്നത് പരിസ്ഥിതി ചൂഷകര്‍ക്ക് വേണ്ടിയോ?

പ്രകൃതി വിഭവങ്ങള്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടെ അവകാശപ്പെട്ടതാണെന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടാണ് സുസ്ഥിര വികസനം എന്നത്. ആഗോളാംഗീകൃത സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ പ്രധാന തത്ത്വങ്ങളാണ് മുന്‍കരുതല്‍ തത്ത്വവും മലിനീകരണമുണ്ടാക്കിയയാള്‍ നഷ്ടപരിഹാരം ഒടുക്കണമെന്ന തത്ത്വവും. എന്നാല്‍ ഈ സിദ്ധാന്തത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്നവരുടേത്.

Published

|

Last Updated

കാലാവസ്ഥാ വ്യതിയാനമില്ലെന്ന് ലോക രാഷ്ട്രത്തലവന്‍മാരില്‍ ആര്‍ക്കും പറഞ്ഞൊഴിയാന്‍ പറ്റാത്ത വിധം അതൊരു പുലര്‍ച്ചയായി നമുക്ക് മുമ്പിലുണ്ട്. ഈയിടെ പാക്കിസ്ഥാനെ മുക്കിക്കളഞ്ഞ മഹാ പ്രളയമടക്കം പ്രവചനാതീതമായിരിക്കുന്നു പ്രകൃതിയുടെ ഗതിമാറ്റങ്ങള്‍. മഹാമാരികളായി ലോകത്ത് വ്യാപിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഇനിയും വന്നും പോയിക്കൊണ്ടിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം പുതിയ പകര്‍ച്ചവ്യാധികളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുവെന്നും സമീപകാല പഠനങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാരണമുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ഇന്ത്യയും മുക്തമല്ല. പരിസ്ഥിതി സംരക്ഷണം പ്രധാന അജന്‍ഡയായി ഭരണകൂടത്തിന് തോന്നാത്തതിന്റെ ഭവിഷ്യത്തുകള്‍ നമ്മുടെ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു. 2022ലെ എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് പ്രകാരം 180 രാജ്യങ്ങളില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ അയല്‍ രാജ്യങ്ങളുള്‍പ്പെടെ മറ്റെല്ലാ ലോക രാജ്യങ്ങള്‍ക്കും താഴെയാണ് പരിസ്ഥിതി പ്രകടന സൂചികയില്‍ ഇന്ത്യയുള്ളത്. റിപോര്‍ട്ട് പ്രകാരം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ട് ആപത്കരമായ നിലയില്‍ പരിസ്ഥിതി നശീകരണവും മലിനീകരണവും നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന ചോദ്യത്തിന് അനിഷേധ്യമായ ഒരുത്തരം നല്‍കുന്നുണ്ട് ഈയിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്ന പരിസ്ഥിതി നിയമങ്ങളിലെ ചില നിര്‍ണായക ദേദഗതി നിര്‍ദേശങ്ങള്‍.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1981ലെ അന്തരീക്ഷ നിയമം, 1974ലെ ജല നിയമം എന്നീ പ്രധാന പരിസ്ഥിതി സംരക്ഷണ സ്റ്റാറ്റ്യൂട്ടുകളില്‍ ഭേദഗതി വരുത്താനുള്ള പ്രാഥമിക നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമപരമായ ചട്ടക്കൂടുകള്‍ ഭേദഗതി ചെയ്ത് നേരത്തേ ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കിയതിനെ ഡീക്രിമിനലൈസ് ചെയ്യുകയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.

നിരവധി പരിസ്ഥിതി നിയമ ലംഘനങ്ങളെയാണ് നിസ്സാര കുറ്റകൃത്യം എന്ന ഗണത്തില്‍പ്പെടുത്തി തടവ് ശിക്ഷ ഒഴിവാക്കുന്ന വിധം നിയമ ഭേദഗതി കൊണ്ടുവരുന്നത്. അതുവഴി, പിഴയൊടുക്കിയാല്‍ മിക്കവാറും പരിസ്ഥിതി നിയമ ലംഘനങ്ങളുടെ ഉത്തരവാദിത്വമൊഴിയാനുള്ള അവസരമാണ് നിയമലംഘകര്‍ക്ക് ഭരണകൂടമൊരുക്കുന്നത്. നിസ്സാര നിയമ ലംഘനങ്ങളില്‍ തടവ് ശിക്ഷാ ഭയം ഇല്ലാതാക്കുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശിക്ഷിക്കപ്പെടുമെന്ന പേക്കിനാവ് പോലുമില്ലാതെ പരിസ്ഥിതി കൈയേറ്റം നടത്താനും മലിനീകരിക്കാനും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കാനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 10(1) വകുപ്പ്, ഭേദഗതി വരുത്താന്‍ നിശ്ചയിക്കപ്പെട്ട വകുപ്പുകളിലൊന്നാണ്. പ്രസ്തുത വകുപ്പനുസരിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് പാരിസ്ഥിതിക കുറ്റകൃത്യം നടന്നതോ നടക്കാന്‍ സാധ്യതയുള്ളതോ ആയ സ്ഥലം പരിശോധിക്കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കാനുമുള്ള അവകാശമുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് വ്യവസായം നടത്തുന്ന ഉടമ ആവശ്യമായ സഹായം ചെയ്യണമെന്ന് രണ്ടാം ഉപവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. അതില്‍ വീഴ്ച വരുത്തല്‍ തടവും പിഴയും ലഭിക്കാന്‍ അര്‍ഹതയുള്ള കുറ്റകൃത്യമാണ്. ഈ വകുപ്പ് പ്രകാരമുള്ള തടവ് ശിക്ഷ ഒഴിവാക്കി പകരം പിഴയടച്ചാല്‍ രക്ഷപ്പെടാമെന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്നത് നമ്മുടെ പരിസ്ഥിതി സമ്പത്തിനെ കൂടുതല്‍ നാശോന്മുഖമാക്കുന്നതിനും പ്രകൃതിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെയും അപകടപ്പെടുത്തുന്നതിനും കാരണമാകും. സമാനമായ രീതിയിലാണ് പല പ്രധാന വകുപ്പുകളും ഭേദഗതി ചെയ്യുന്നത്.

പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന തീര്‍ച്ചയുടെ ഭാഗമാണല്ലോ നിയമ ലംഘകര്‍ അഴിയെണ്ണേണ്ടിവരുമെന്ന മാന്‍ഡേറ്റ്. അതില്‍ നിന്ന് ഭരണകൂടം ബോധപൂര്‍വം പിന്‍മാറുമ്പോള്‍ നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല. പിടിക്കപ്പെടുന്ന പക്ഷം പിഴയൊടുക്കി പാരിസ്ഥിതിക കുറ്റകൃത്യം തുടരാം എന്ന് വരുമ്പോള്‍ കോര്‍പറേറ്റുകളുടെ കച്ചവടത്തിന് ഒരു മുടക്കവും വന്നുകൂടെന്ന മനോനിലയാണ് ഭരണകൂടം പങ്കുവെക്കുന്നത്. പരിസ്ഥിതി നിയമ ലംഘനങ്ങള്‍ക്ക് പിഴയൊടുക്കാന്‍ വിധിക്കപ്പെട്ടാലും പിഴത്തുക നിര്‍ണയിക്കുന്നത് അഡ്ജുഡിക്കേഷന്‍ ഓഫീസറുടെ വിവേചനാധികാരമാണ് എന്നാണ് നിയമ ഭേദഗതി. അതിലൂടെ അധികാര ദുര്‍വിനിയോഗത്തിനും നിയമലംഘനത്തിനുമുള്ള മറ്റൊരു കവാടം കൂടെ തുറന്നിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പലവിധ ദുരന്തങ്ങള്‍ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആത്മാര്‍ഥവും ഉത്തരവാദിത്വപൂര്‍ണവുമായ നടപടികള്‍ സ്വീകരിക്കേണ്ട കാലത്താണ് ഭരണകൂടം തലമറന്ന് എണ്ണതേക്കുന്നത്. “പൊല്യൂട്ട് ആന്‍ഡ് പേ’ എന്ന അപകടകരമായ സന്ദേശം നല്‍കുന്ന നിയമ ഭേദഗതിയിലൂടെ പരിസ്ഥിതി സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാതെ പറയുന്നത്. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് മലിനീകരിക്കപ്പെടാത്ത അന്തരീക്ഷത്തിനുള്ള അവകാശം. അത് മേലില്‍ കോര്‍പറേറ്റ് വ്യവസായികളുടെ ഔദാര്യമാണെന്ന് വരുമ്പോള്‍ അത്യന്തം ആപത്കരമായ ഒരു ഭാവിയിലേക്കാണ് ഭരണകൂടം രാജ്യത്തെ കൊണ്ടെത്തിക്കുന്നത്.

പരിസ്ഥിതി മലിനീകരണത്തിന് ഉത്തരവാദിയായ വ്യക്തിയില്‍ നിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കുന്നത് നല്ലത് തന്നെ. അതേസമയം പരിസ്ഥിതി നശീകരണത്തിന്റെയും മലിനീകരണത്തിന്റെയും ഉത്തരവാദിത്വമൊഴിയാനുള്ള ഉപായമായി പിഴയൊടുക്കല്‍ മാറിക്കൂടാ. പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചിരിക്കുന്നത് അതൊഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ മാത്രമേ പിഴയൊടുക്കി തടവ് ശിക്ഷ ഒഴിവാക്കുന്നത് സാധൂകരിക്കപ്പെടുന്നുള്ളൂ. എന്നാല്‍ നിയമ വ്യവസ്ഥിതിക്ക് പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നിരിക്കെ പിഴയിട്ട് പഞ്ചായത്താക്കുന്നത് നിയമ സംവിധാനത്തോടുള്ള കടുത്ത അവഹേളനമാണ്. പ്രകൃതി വിഭവങ്ങള്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടെ അവകാശപ്പെട്ടതാണെന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടാണ് സുസ്ഥിര വികസനം എന്നത്. ആഗോളാംഗീകൃത സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ പ്രധാന തത്ത്വങ്ങളാണ് മുന്‍കരുതല്‍ തത്ത്വവും മലിനീകരണമുണ്ടാക്കിയയാള്‍ നഷ്ടപരിഹാരം ഒടുക്കണമെന്ന തത്ത്വവും. എന്നാല്‍ ഈ സിദ്ധാന്തത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് നമ്മുടെ രാജ്യം ഭരിക്കുന്നവരുടേത്.

സ്വന്തമെന്ന് അവകാശപ്പെടാന്‍ ആര്‍ക്കും അവകാശമില്ലാത്തതാണ് പ്രകൃതി വിഭവങ്ങള്‍. അതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണത്തിന് യാതൊരു നിയമ പരിരക്ഷയുമുണ്ടാകരുത്. പരിസ്ഥിതി നിയമങ്ങളില്‍ പലതിലും തടവ് ശിക്ഷ ഒഴിവാക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിക്ക് ന്യായമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ക്രിമിനല്‍ കുറ്റകൃത്യമാകുമ്പോള്‍ പരാതി ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്നും നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നതിന്റെ തോത് കുറവാണെന്നുമാണ്. നടപടിക്രമങ്ങള്‍ ലളിതമാക്കിയും അതിന് വേഗം നല്‍കിയും പരിഹരിക്കാവുന്ന പ്രശ്‌നമാണത്. ക്രിമിനല്‍ നടപടി ചട്ടത്തിന് പകരം പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക ചട്ടം രൂപപ്പെടുത്തുകയുമാകാം. അങ്ങനെയിരിക്കെ എലിയെ പേടിച്ച് ഇല്ലം ചുടുന്ന മാതൃകയിലുള്ള നിയമ ഭേദഗതിയുടെ അകം താത്പര്യങ്ങള്‍ എന്ത് തന്നെയായാലും അത് വിനാശകരമാണ്.

Latest