Connect with us

Ongoing News

ഹൃദയത്തിന്റെ പ്രധാന ധമനിയില്‍ വീക്കം, അന്നനാളത്തില്‍ വിള്ളല്‍, ശസ്ത്രക്രിയയിലൂടെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് പ്രവാസി മലയാളി

മകളുടെ കല്യാണത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് രക്തം ഛര്‍ദ്ദിച്ച് മുറിയില്‍ കുഴഞ്ഞുവീണത്.

Published

|

Last Updated

ദുബൈ| ഹൃദയത്തിന്റെ പ്രധാന ധമനിയില്‍ വലിയ വീക്കം. അന്നനാളത്തില്‍ വിള്ളല്‍. കാലുകളുടെ രക്തക്കുഴലുകളില്‍ രക്തം കട്ടപ്പിടിച്ചു പ്രവര്‍ത്തനം നിലയ്ക്കുക. പത്തനംത്തിട്ട സ്വദേശിയായ ഷാജിക്കുട്ടന്‍ പിയ്ക്ക് (48) ജീവിതത്തിലേക്ക് മടങ്ങി വരാന്‍ വെല്ലുവിളികള്‍ അനേകമായിരുന്നു. എന്നാല്‍ എല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ഷാജിക്ക് ഇത് രണ്ടാം ജന്മം.

മാര്‍ച്ച് 23-നാണ് ദുബായിയിലെ താമസ സ്ഥലത്ത് രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ ഷാജിയെ സുഹൃത്തുക്കള്‍ മന്‍ഖൂലിലുള്ള ആസ്റ്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഷാജി അര്‍ധബോധാവസ്ഥയിലേക്ക് വീണിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഷാജിയ്ക്ക് വേഗം തന്നെ രക്തം നല്‍കുകയും, പ്രാഥമിക പരിശോധയുടെ ഭാഗമായി നെഞ്ചിന്റെ എക്സറേ എടുക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ ഹൃദയത്തിന് വീക്കം കണ്ടെത്തിയതിനാല്‍ വേഗം തന്നെ കാത്ത് ലാബിലേക്ക് മാറ്റി.

‘സിടി സ്‌കാനില്‍ ഹൃദയ ധമനിയിലുള്ള വീക്കം പൊട്ടാറായ അവസ്ഥയിലായിരുന്നു. രക്തധമനിയില്‍ അണുബാധ ഉണ്ടാക്കിയ പഴുപ്പ് പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. ധമനി പൊട്ടുന്ന പക്ഷം തല്‍ക്ഷണം മരണം സംഭവിക്കും. അതിനുമുമ്പായി തൊറാസിക് എന്‍ഡോവാസ്‌കുലര്‍ അയോടിക് അന്യൂറിസം റിപ്പയര്‍ (ടിവാര്‍) എന്ന ശസ്ത്രക്രിയ നടത്തുകയും ധമനിയുടെ വീക്കം പരിഹരിക്കുകയും ചെയ്തു,’ ആസ്റ്റര്‍ മന്‍ഖൂലിലെ സ്പെഷ്യലിസ്റ്റ് വാസ്‌കുലര്‍ സര്‍ജന്‍ ഡോ. സെന്തില്‍നാഥന്‍ ടിടി പറഞ്ഞു. ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്നു കാത്ത് ലാബില്‍നിന്നു ഷാജിയെ മാറ്റിയെങ്കിലും ഉടന്‍ തന്നെ ഹൃദയത്തിന്റെ പമ്പിംഗിനെ ബാധിക്കുന്ന പെരികാര്‍ഡിയല്‍ എഫ്യൂഷന്‍ ഉണ്ടാവുകയും സ്ഥിതി വഷളാവുകയും ചെയ്തു.

‘ഹൃദയത്തില്‍ പഴുപ്പ് കെട്ടിനിന്നതാണ് സ്ഥിതി വഷളാകാന്‍ കാരണം. ഇതിനായി പെരികാര്‍ഡിയോസെന്റസിസ് എന്ന പ്രക്രിയയിലൂടെ പഴുപ്പ് പുറത്തെടുത്തു. ഏതാണ്ട് 300എംഎല്‍ പഴുപ്പാണ് ഇങ്ങനെ ഷാജിയുടെ ഹൃദയത്തില്‍നിന്നും പുറത്തെടുത്തത്,’ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റായ നവീത് അഹമ്മദ് പറഞ്ഞു.

തുടര്‍ന്ന് നില മെച്ചപ്പെട്ട ഷാജിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ടാം ദിവസം പരിശോധനയില്‍ അന്നനാളത്തില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അന്നനാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തുടര്‍ന്ന് ഷാജിയെ എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എല്ലാം പരിഹരിച്ചുവെന്ന് സമാധാനിച്ചപ്പോഴാണ് വലതുകാലില്‍ പള്‍സ് ഇല്ലാതാകുയും കാലിന്റെ പ്രവര്‍ത്തനം നിലച്ചതായി കാണുകയും ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലിലെ പ്രധാന രക്തധമനിയായ ഫെമറല്‍ ആര്‍ട്ടറിയില്‍ പലയിടങ്ങളിലായി രക്തം കട്ടപ്പിടിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു ഡോ. സെന്തില്‍നാഥന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ കട്ടപ്പിടിച്ച രക്തം നീക്കുകയും രക്തധമിനിയിലൂടെ രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്തു. ഏതാണ്ട് 16 ദിവസത്തിനുള്ളില്‍ നാലു ശസ്ത്രക്രിയയ്ക്കാണ് ഷാജി വിധേയനായത്.

‘ജീവിതത്തിലേക്ക് മടങ്ങി വരാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് എന്റെ രണ്ടാം ജന്മമാണ്. ദൈവത്തിനോടും ഡോക്ടര്‍മാരോടുമാണ് കടപ്പാട്. അവരോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. മകളുടെ കല്യാണം എന്റെ സ്വപ്നമാണ്. അതില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് തന്നെ വലിയ സൗഭാഗ്യമായി കരുതുന്നു,’ ഷാജി പറഞ്ഞു. വ്യാഴായ്ച്ച ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനെ തുര്‍ന്നു മകളുടെ കല്യാണത്തിന് പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി