Connect with us

Book Review

മരണമില്ലാത്ത കഥ

വർഷങ്ങൾക്കിപ്പുറവും എച്ചിൽക്കൂനകൾക്കും അഴുക്കു ചാലുകൾക്കുമിടയിൽ എസ് കെ പറഞ്ഞുതീരാത്ത ഒത്തിരി മനുഷ്യ ക്കോലങ്ങൾ അലയുന്നുണ്ട്. ഒരു വികസന പത്രികയിലും ഇടം നേടാൻ കഴിയാതെ പോയ ചില മനുഷ്യർ ! അത്തരം ജീവിതങ്ങളിലേക്കുള്ള വായനയുടെ വാതായനമാണ് ഈ കൃതി. പുസ്തകത്തിന്റെ ഓരോ ഭാഗവും വ്യത്യസ്ത ജീവിതങ്ങളെയാണ് വരച്ചിടുന്നത്.

Published

|

Last Updated

ഭൂമിയിലെ ഏറ്റവും ഉദാരമായ പരിസരങ്ങളിലൊന്ന് തെരുവുകളാണെന്നതിൽ സംശയമില്ല. ജനനം മുതൽ മരണം വരെയുള്ള വേഷപ്പകർച്ചക്കളെയെല്ലാം ആവാഹിച്ചെടുത്തൊരു സത്യമാണത്. കുടിയിറക്കലുകളുടെയും പട്ടിണിയുടെയും ഒറ്റപ്പെടുത്തലുകളുടെയും കാരാഗൃഹവാസികളെ പ്രതീക്ഷകളുടെ കണികകൾ കാണിച്ചു വിവേചനങ്ങൾ ഏതുമില്ലാതെ ചേർത്തു പിടിക്കാൻ തെരുവുകൾക്ക് സാധിക്കും. തെരുവിന്റെ മക്കൾക്ക് ജാതിയുടെയോ മതത്തിന്റെയോ മേൽവിലാസങ്ങൾ ആവശ്യമില്ല. അരവയറെങ്കിലും നിറക്കാൻ സാധിക്കുന്ന എച്ചിൽപുറങ്ങളിലും കാലണയെങ്കിലും കൈക്കൽ ആക്കാനാകുന്ന ഏത് തൊഴിൽ മേഖലകളിലും അവരുടെ സാന്നിധ്യം കാണാനാകും. എസ് കെ പൊറ്റെക്കാട്ടിന്റെ “ഒരു തെരുവിന്റെ കഥ’ യിൽ മുഴച്ചു നിൽക്കുന്നതും ഇത്തരം കഥാപാത്രങ്ങളാണ്.

വരികളിൽ മാംസവും മജ്ജയും ചിതറിക്കിടക്കുന്ന ആ മനുഷ്യരെ പരിചയപ്പെട്ടു തീരാൻ തന്നെ സമയമെടുക്കും. ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവ സൗന്ദര്യ വിശേഷണങ്ങളിലൂടെയാണ് എസ് കെ പൊറ്റെക്കാട്ടിന്റെ ആഖ്യാന രീതി ഇഴഞ്ഞുനീങ്ങുക. കേന്ദ്ര കഥാപാത്രമായ പത്ര വിൽപ്പനക്കാരൻ കുറുപ്പിലേക്ക് എത്തും മുന്പേ ഓമഞ്ചിയും കുരുടൻ മുരുകനും പൊരിക്കാലൻ അന്ത്രുവും രാധയും മമ്മത്തും ഇറച്ചികണ്ടം മൊയ്തീനും കുഞ്ഞിപ്പാത്തുവും തെരുവിന്റെ ചിത്രങ്ങളായി വായനക്കാരുടെ ഹൃദയങ്ങളിൽ തമ്പടിച്ചിരിക്കും. തൊള്ളായിരത്തി അറുപതുകളിൽ വിരചിതമായ ഈ കൃതി കേരളീയ സാമൂഹിക സാമ്പത്തിക പരിസരങ്ങളിലേക്ക് കൂടി പടർന്നുപിടിക്കുമ്പോൾ പഴക്കം വന്നൊരു ചരിത്രഗ്രന്ഥം പോലെ കനപ്പെട്ടതാകുകയാണ്.
പല കഥാപാത്രങ്ങളും വ്യത്യസ്തമായ ഇടങ്ങളിലൂടെ നീങ്ങുമ്പോൾ മികച്ച വായനക്കാരനും നിരീക്ഷകനുമായ എസ് കെയുടെ പാണ്ഡിത്യം ഫണം വിടർത്തുന്നത് കാണാം. നാട്ടു വൈദ്യത്തിലേയും സസ്യ ശാസ്ത്രത്തിലേയും അറിവുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് അതിനുദാഹരണമാണ്.

വർഷങ്ങൾക്കിപ്പുറവും എച്ചിൽകൂനകൾക്കും അഴുക്കു ചാലുകൾക്കുമിടയിൽ എസ് കെ പറഞ്ഞു തീരാത്ത ഒത്തിരി മനുഷ്യക്കോലങ്ങൾ അലയുന്നുണ്ട്. ഒരു വികസന പത്രികയിലും ഇടം നേടാൻ കഴിയാതെ പോയ ചില മനുഷ്യർ! അത്തരം ജീവിതങ്ങളിലേക്കുള്ള വായനയുടെ വാതായനമാണ് ഈ കൃതി. പുസ്തകത്തിന്റെ ഓരോ ഭാഗവും വ്യത്യസ്ത ജീവിതങ്ങളെയാണ് വരച്ചിടുന്നത്.
പരിചിതമല്ലാത്ത അനുഭവങ്ങളുടെ ഇടവഴികളിലൂടെ വായനക്കാരനെ എസ് കെ കൈപിടിച്ചു നടത്തുമ്പോൾ വഴികളിൽ ചിലപ്പോൾ മനുഷ്യരുടെ ചുടുരക്തം മണക്കും. മങ്ങിമയങ്ങിയ തെരുവ് വിളക്കുകൾക്കിടയിൽ നിന്നും കള്ളന്മാരും കൊലപാതകികളും ചാടി വീഴും, കണ്ണ് തെളിയാത്ത ഇരുട്ടിനുള്ളിൽ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾ കാതുകളിൽ ഇരച്ചു കയറും, വഴിയോരങ്ങളിൽ നിന്നും വേശ്യകൾ വില പറഞ്ഞു മാടി വിളിക്കും.
അനുഭവിക്കാത്ത ജീവിതങ്ങൾക്കിടയിൽ നിന്ന് വായനക്കാരന് ശ്വാസം മുട്ടുമ്പോൾ ചില ഫലിതങ്ങൾ പറഞ്ഞും പത്രാസ്സുകാരുടെ മണിമാളികകൾ കാട്ടിത്തന്നും എസ് കെ താത്കാലികമായി ചിന്തകളെ വഴിതിരിച്ചു വിടും.

വരികളിൽ ഒഴുകി വീണ്ടും തെരുവിലെത്തുമ്പോൾ പുത്തൻ വാർത്തകളുമായി “കാര്യം വിഷമസ്ഥിതി, പേപ്പർ കാലണ’യെന്ന് കുറുപ്പ് കൂക്കി വിളിക്കുന്നുണ്ടാകും. കുറുപ്പിന്റെ കണ്ണുകളിലൂടെ പുസ്തകം നിലത്തുവെക്കാനാകാതെ തെരുവിലൂടെ ഓടിയും നടന്നും ജീവിതങ്ങൾ ചികയുമ്പോൾ ഈ കൃതി തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. സൂക്ഷ്മമായി സന്ദർഭങ്ങളെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന എസ് കെ പൊറ്റെക്കാട്ടിന്റെ ആഖ്യാന രീതിയുടെ കൗശലം അത്രയേറെ മികച്ചതായിരുന്നു. ചില ഭാഗങ്ങളിൽ കഥാപാത്രങ്ങളുടെ ബോഡി ഷെയ്മിംഗ് പ്രയോഗങ്ങൾ കണ്ണിൽ തറച്ചു എന്നതൊഴിച്ചാൽ മികച്ചൊരു വായനാനുഭവമാണ് “ഒരു തെരുവിന്റെ കഥ’ സമ്മാനിച്ചത്.

നോവൽ എങ്ങനെയായിരിക്കും അവസാനിക്കുകയെന്ന ചൂടുപിടിച്ച ചിന്തകൾക്ക് മുന്നിൽ മരണത്തിന്റെ തണുപ്പുള്ള ശരീരങ്ങളെ നിരത്തി എസ് കെ അവസാനിപ്പിക്കാനൊരുങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ നിര്യാണം പോലെ വേദന തോന്നി. കേന്ദ്ര കഥാപാത്രങ്ങൾ മാഞ്ഞു പോകുന്നതോടെ അവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് പുതിയ മനുഷ്യക്കോലങ്ങൾക്കായി കാത്തിരിക്കും. ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു. അതെ, ഇതൊരു മരണമില്ലാത്ത കഥയാണ്.
ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. വില 310 രൂപ.

അജീർ അബ്ദുർറസാഖ്
ajeer246@gmail.com