Connect with us

book review

ആർദ്രതയുടെയും നോവിന്റെയും നേർച്ചിത്രങ്ങൾ

റോഹിംഗ്യൻ ജനത അനുഭവിക്കുന്ന യാതനകളും വേദനകളും വളരെ കൃത്യമായിട്ട് തന്നെ "നിസ്സഹായതയുടെ കടലാഴങ്ങൾ' പറയുന്നുണ്ട്. ഷാഹിദ ബീഗവും മുഷ്താക്കും തസ്്ലീമയും ഹസനുമൊക്കെ നേരിടുന്ന ക്രൂരത എന്നും ഒരു നോവായി വായനക്കാരുടെ മനസ്സിലുണ്ടാകും.

Published

|

Last Updated

കഥകൾ കൊച്ചു കൊച്ചു കൈയൊപ്പുകളാണ്. സ്വപ്നാടനം പോലെ. നിദ്രാടനം പോലെ. അത് വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ജീവിതത്തിന്റെ തീക്ഷ്ണ സ്പർശങ്ങൾ ഭാവനയുടെ ചിറകിലേറ്റി കഥകളെഴുതുമ്പോൾ അതിന് ശിൽപ്പഭംഗിയും മനോഹാരിതയുമുണ്ടാകും. അതാണ് ഈ സമാഹാരത്തിന്റെ സൗകുമാര്യം. അത് സാഹിത്യത്തെയും ഭാഷയേയും ജ്വലിപ്പിക്കുന്നുണ്ട്. പലപ്പോഴും ഇന്ദ്രിയ ഗോപുരമായ ദൃശ്യപ്പൊലിമ കൊണ്ട് ജാബിറിന്റെ കഥകൾ അനുവാചകന് വേറിട്ട കാഴ്ചകളാകുന്നു.

അവതാരികയിൽ എഴുത്തുകാരൻ മനോജ് കെ പി കൂമ്പാളയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഇതിനെ അന്വർഥമാക്കും വിധത്തിലുള്ളതാണ് കൂന്പാളയിലെ ഓരോ എഴുത്തുകളും.

ജാബിർ മലയിലിന്റെ ഏറ്റവും പുതിയ പുസ്തകമാണ് കൂമ്പാള. പേരിൽ തന്നെ വളരെ വ്യത്യസ്തത തോന്നിക്കുന്ന ഈ പുസ്തകം ഓർമകളും യാത്രകളും കഥകളുമടങ്ങിയ 25 അധ്യായങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
“വേദനയുടെ ഈണമുള്ള പാട്ട്’ വായിച്ചു തീരുമ്പോൾ വായനക്കാരന്റെ മനസ്സിൽ തമിഴ്നാട്ടിലെ പരമകുടി ഗ്രാമത്തിൽനിന്ന് പശിയടക്കാൻ ജോലിതേടി ചെന്നൈയിലേക്ക് വണ്ടി കയറിയ സെന്തിലെന്ന ബാലൻ ഒവ്വോറു പൂക്കളുമേ.. സൊൾ ഗിരതെ… എന്ന പാട്ടും പാടി ഒരു നോവായി മനസ്സിലുണ്ടാകുമെന്നത് തീർച്ചയാണ്.

റോഹിംഗ്യൻ ജനത അനുഭവിക്കുന്ന യാതനകളും വേദനകളും വളരെ കൃത്യമായിട്ട് തന്നെ “നിസ്സഹായതയുടെ കടലാഴങ്ങൾ’ പറയുന്നുണ്ട്. ഷാഹിദ ബീഗവും മുഷ്താക്കും തസ്്ലീമയും ഹസനുമൊക്കെ നേരിടുന്ന ക്രൂരത എന്നും ഒരു നോവായി വായനക്കാരുടെ മനസ്സിലുണ്ടാകും.
ആർദ്രമായ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആവിഷ്കാരമാണ് “ഒറ്റമരം’ എന്ന കഥ. പട്ടിണിയിൽ നിന്ന് രക്ഷിക്കാമെന്നും താജ്മഹൽ കാണിച്ചു തരാമെന്നും പറഞ്ഞ് പെൺകുട്ടികളെ പറ്റിച്ച് ലൈംഗിക അടിമകളാക്കി വിൽക്കുന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ് “മേവാത്തിലെ കണ്ണീർപൂക്കൾ’.
മേവാത്തിലെ കണ്ണീർപൂക്കളിലെ ഷംനയുടെയും ഹഫ്‌സയുടെയും ജീവിതം വളരെ പരിതാപകരമാണ്. അവർ ഇരുവരും ആരാലോ പറ്റിക്കപ്പെട്ട് ഹരിയാനയിലെ ഒരു ഗ്രാമത്തിലെത്തിയതാണ്. സ്വന്തം വീട് എവിടെയാണെന്നോ ഉമ്മ, ഉപ്പ ആരാണെന്ന് പോലും ഷംനക്കറിയില്ല. യജമാനന്റെ കുട്ടികളെ പ്രസവിക്കുകയും അവരുടെ വീട് നോക്കുകയും രാവന്തിയോളം പണിയെടുക്കുകയും ചെയ്യുക. ഒടുവിൽ യജമാനൻ മടുക്കുമ്പോൾ വേറൊരാൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വരെ കാത്തിരിക്കുക.

താജ്മഹൽ കാണിച്ചുതരാം എന്ന് പറഞ്ഞാണ് അഫ്സയെ ഒരാൾ പറ്റിച്ചത്. ഇന്നുവരെ ഹഫ്സ താജ്മഹൽ കണ്ടിട്ടില്ല. “ഞാൻ ഇപ്പോൾ ഗർഭിണിയാണ്. ഒരു ആൺകുട്ടിയെ പ്രസവിച്ചാൽ അയാൾ എന്നെ വിളിക്കും. അയാളുടെ കുടുംബപരമ്പര ജന്മം നൽകുക എന്നതു മാത്രമാണ് എന്റെ കടമ. അതോടെ കരിമ്പിൻ ചണ്ടി പോലെ ഞാൻ പുറത്തേക്ക് വലിച്ചെറിയപ്പെടും”. എന്നും പറഞ്ഞ് തേങ്ങുന്ന ഹഫ്സ വായനക്കാരന്റെ നെഞ്ച് തകർക്കുന്ന വേദനയുടെ ഒരു യാഥാർഥ്യമാണ്.
സ്വന്തം ചോരയിൽ പിറന്ന മകന്റെ ചങ്കിൽ കാൽപ്പാദമമർത്തി ഒരു പുഷ്പം ചവിട്ടിയരയ്ക്കുന്ന ലാഘവത്തോടെ ജീവനെ പറത്തിവിട്ട പപ്പേട്ടന്റെ നീറുന്ന നോവിനെ അടയാളപ്പെടുത്തുകയാണ് “രക്തം പുരണ്ട തുഷാരബിന്ദുക്കൾ’

വൃദ്ധന്മാരുടെ ശാപഭൂമിയാണ് കണ്ണമ്പൂര്. നാല് ചുവരുകൾക്കുള്ളിൽ ജീവിതത്തിന്റെ മൂവന്തിയിൽ നിൽക്കുന്നവരെ ദയയേതുമില്ലാതെ കൊന്നുകളയുന്ന കഥ പറയുകയാണ് “കണ്ണമ്പൂര്’. ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ആർദ്രതയുടെയും നോവിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതീവ ദുഃഖത്തിന്റെയും വിഭിന്ന മുഖങ്ങൾ കൂമ്പാളയിൽ നമുക്ക് കാണാനും വായിക്കാനുമാകും. പിയാനോ ബുക്‌സാണ് കൂമ്പാള പ്രസിദ്ധീകരിച്ചിരിക്കുന്നത്. 110 രൂപയാണ് പുസ്തകത്തിന്റെ വില.

---- facebook comment plugin here -----

Latest