Connect with us

Articles

പിന്നാക്ക സമുദായങ്ങള്‍ എത്രകാലം ഇരകളാകണം?

ഭരണഘടനാ വ്യവസ്ഥകളും ശക്തമായ നിയമങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം യു പിയിലെ റായ്ബറേലിയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കി മേല്‍ജാതിയില്‍പ്പെട്ടവര്‍ തങ്ങളുടെ കാല് നക്കിപ്പിച്ചത്. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള കിരാതവും പൈശാചികവുമായ അതിക്രമങ്ങളുടെ റിപോര്‍ട്ടുകള്‍ സാധാരണ സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

Published

|

Last Updated

പട്ടിക ജാതി-പട്ടിക വര്‍ഗകാര്‍ക്കും പിന്നാക്ക-ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുള്ള കാര്യമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇവര്‍ക്കെതിരെ അതിക്രമങ്ങള്‍ കുറയുമെന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. പട്ടികജാതിക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്തും തുടര്‍ന്ന് രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്തും പിന്നാക്കക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.

യു പിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകയിലും മറ്റുമായി ആയിരക്കണക്കിന് ഹരിജന മര്‍ദനങ്ങള്‍ നടന്നു. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള കിരാതവും പൈശാചികവുമായ അതിക്രമങ്ങളുടെ റിപോര്‍ട്ടുകള്‍ സാധാരണ സംഭവങ്ങളായി മാറി. ഗോഹത്യയുടെയും ഗോമാംസത്തിന്റെയും പേരില്‍ നടന്ന കിരാത മര്‍ദനങ്ങളും കൊലപാതകങ്ങളുമെല്ലാം ഹരിജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരായാണ് നടന്നത്.

നമ്മുടെ രാജ്യത്തെ ഭരണഘടനയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ സംരക്ഷണം ഈ വിഭാഗങ്ങള്‍ക്കുണ്ട് എന്നര്‍ഥം. എന്നാല്‍ രാജ്യത്തെ ഭരണഘടനയും നിയമങ്ങളും നല്‍കുന്ന സംരക്ഷണമൊന്നും ഇക്കൂട്ടര്‍ക്ക് ലഭ്യമാകുന്നതേയില്ല. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഭരണഘടനാപരമായ സംരക്ഷണം മാത്രം പോരെന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമവും വികസനവും ശാക്തീകരണവും ലക്ഷ്യമാക്കിയുള്ള അനേകം പ്രത്യേക പദ്ധതികളും പരിപാടികളും സര്‍ക്കാറുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ത്യയിലെ പിന്നാക്ക വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവരാണ് പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍. സാമൂഹികമായ വിവേചനവും സാമ്പത്തികമായ പിന്നാക്കാവസ്ഥയും അനുഭവിച്ചാണ് ഇവര്‍ ജീവിക്കുന്നത്. അതിനാല്‍ സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇന്ത്യയിലെ ഭരണഘടനാ നിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തി. പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായകരമായ വ്യവസ്ഥകള്‍ നമ്മുടെ ഭരണഘടനയിലുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ 341, 342 വകുപ്പ് പ്രകാരം സാമൂഹികവും സാമ്പത്തികവുമായ അവശതയനുഭവിക്കുന്ന ജാതികളെയും വര്‍ഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളൊരു പട്ടിക പുറത്തിറക്കുകയുണ്ടായി. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരാണ് പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍. 1991ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിലെ ഏതാണ്ട് 24.56 ശതമാനം പേര്‍ പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരുമാണ്.

പരമ്പരാഗത ഹിന്ദു സാമൂഹിക ഘടനയിലെ ഏറ്റവും താഴത്തെ തലത്തില്‍പ്പെട്ടവരാണ് പട്ടിക ജാതിക്കാര്‍. അധഃകൃത വര്‍ഗങ്ങള്‍ എന്നും അവരെ വിളിക്കാറുണ്ട്. ഭരണഘടനയുടെ 341ാം വകുപ്പിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ വിഭാഗങ്ങളും പട്ടിക ജാതികളില്‍പ്പെടുന്നു. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പാര്‍ശ്വവത്കരിക്കപ്പെടുന്ന മറ്റൊരു വിഭാഗമാണ് പട്ടിക വര്‍ഗക്കാര്‍. ഭരണഘടനയുടെ 342ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ വിഭാഗങ്ങളും പട്ടിക വര്‍ഗത്തില്‍പ്പെടുന്നു.

പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് സംരക്ഷണവും പരിരക്ഷയും നല്‍കുന്ന ഒട്ടേറെ വകുപ്പുകള്‍ ഇന്ത്യയുടെ ഭരണഘടനയിലുണ്ട്. ഭരണഘടയിലെ 17ാം അനുഛേദം തൊട്ടുകൂടായ്മയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നു. കടകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, വിനോദ കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ പ്രവേശിക്കുന്നത് തടയാന്‍ പാടില്ലെന്നും പൊതുകിണറുകളും കുളങ്ങളും അവര്‍ ഉപയോഗിക്കുന്നത് നിഷേധിക്കരുതെന്നും ഭരണഘടന അനുശാസിക്കുന്നു. അസ്പൃശ്യതയെ നിരോധിച്ചുകൊണ്ട് 1955ല്‍ പാര്‍ലിമെന്റ് നിയമം പാസ്സാക്കുകയുണ്ടായി. 1976ല്‍ ഈ നിയമം പൗരാവകാശ നിയമം എന്ന പേരില്‍ ഭേദഗതി ചെയ്യപ്പെട്ടു. ഈ നിയമമനുസരിച്ച് ഏത് രീതിയിലുള്ള തൊട്ടുകൂടായ്മയും കുറ്റകരമാണ്.

ഭരണഘടനാ വ്യവസ്ഥകളും ശക്തമായ നിയമങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം യു പിയിലെ റായ്ബറേലിയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കി മേല്‍ജാതിയില്‍പ്പെട്ടവര്‍ തങ്ങളുടെ കാല് നക്കിപ്പിച്ചത്. രാജ്യത്തെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഒരു സംഭവമാണിത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജഗത്പൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ തിരക്കൊഴിഞ്ഞ ഉദ്യാനത്തില്‍ വെച്ച് സവര്‍ണ യുവാക്കള്‍ വളഞ്ഞാക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് പ്രചരിച്ചത്. ഒന്നില്‍ ഇരുചക്ര വാഹനത്തില്‍ ഇരിക്കുന്ന യുവാക്കാള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കാല്‍ നക്കുന്ന വിദ്യാര്‍ഥിയെ കാണാം. ഠാക്കൂര്‍ എന്ന ജാതിപ്പേരിന്റെ സ്‌പെല്ലിംഗ് പറയാന്‍ യുവാക്കള്‍ ആവശ്യപ്പെടുന്നു, തെറ്റുന്നതോടെ വിദ്യാര്‍ഥിയെ അപഹസിക്കുകയും ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് മര്‍ദിക്കുകയും ചെയ്യുന്നു. കൂടുതല്‍ ആക്രമണം ഭയന്ന് വിറക്കുന്ന വിദ്യാര്‍ഥിയെയും രണ്ടര മിനുട്ടുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. മറ്റൊരു വീഡിയോയില്‍ ഈ വിദ്യാര്‍ഥി കഞ്ചാവ് വിറ്റതായി യുവാക്കള്‍ ആരോപിക്കുന്നതും മര്‍ദനം ഭയന്ന് കുറ്റം സമ്മതിക്കുന്നതും കാണാം.

അക്രമി സംഘത്തില്‍പ്പെട്ട ചിലരുടെ കൃഷിയിടത്തില്‍ വിദ്യാര്‍ഥിയുടെ അമ്മ ജോലി ചെയ്തിരുന്നതായും അതിന്റെ കൂലി ചോദിക്കാന്‍ ചെന്നപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്. എന്തിനാണ് തല്ലുന്നതെന്ന് തുടര്‍ച്ചയായി ചോദിച്ചിട്ടും അക്രമികള്‍ വ്യക്തമായി മറുപടി നല്‍കിയില്ലെന്ന് ഈ വിദ്യാര്‍ഥിയുടെ സഹോദരി പറഞ്ഞു. പോലീസ് കേസെടുത്തെങ്കിലും വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ജോലി നേരത്തേ തന്നെ പോലീസ് ആരംഭിച്ചുവെന്നര്‍ഥം.
എന്തായാലും, ഇന്ത്യയിലെ പട്ടിക ജാതി-പട്ടിക വര്‍ഗത്തിന്റെ പ്രഖ്യാപിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് നടക്കുന്നില്ലെന്ന് പരിശോധിക്കേണ്ട സമയം വൈകിയിരിക്കുകയാണ്. പട്ടിക ജാതി-പട്ടിക വര്‍ഗത്തിന്റെ ഉദ്യോഗ നിയമന സംവരണം ഫലപ്രദമായി നടക്കുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും ബോധപൂര്‍വം നിഷേധിക്കുകയാണ്. പ്രത്യേക അവകാശങ്ങളും പ്രമോഷനിലെ സംവരണമടക്കമുള്ള കാര്യങ്ങളും ഇല്ലാതാക്കാനുള്ള നീക്കങ്ങളും ഒരു ഭാഗത്ത് നടക്കുകയാണ്. പരമോന്നത കോടതി പോലും പലപ്പോഴും പിന്നാക്ക വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലേ എന്ന് തോന്നിപ്പോകും. ഭരണകൂടത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇക്കൂട്ടര്‍ക്കെല്ലാമുണ്ട്.

സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ദളിത്-പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. ന്യൂനപക്ഷം വരുന്ന മേല്‍ജാതി വിഭാഗത്തിന്റെ താത്പര്യ സംരക്ഷണം മാത്രമാണ് ഇക്കൂട്ടരുടെ അജന്‍ഡയിലുള്ളത്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ഭരണഘടനയിലുണ്ടെങ്കില്‍ ആ ഭരണഘടനയെ തന്നെ തിരുത്തിയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ദളിത്-പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളേയും ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് കാല്‍ നക്കിച്ച ഠാക്കൂര്‍മാരുടെ കിരാതമായ നടപടിയെയും ഗൗരവമായി കാണുകയും അതിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ട സമയമാണിത്.

advgsugunan@gmail.com

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest