Connect with us

Kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്

ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്നാണ് ഷൊര്‍ണൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബേങ്കിന്റെ വാദം.

Published

|

Last Updated

പാലക്കാട്| ബേങ്കുകാര്‍ ജപ്തി നടപടിക്കെത്തിയതിനെതുടര്‍ന്ന് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പോലീസ്. പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48) യാണ് ഇന്നലെ സ്വയം തീകൊളുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്കെത്തിയപ്പോഴാണ് ജയ ആത്മഹത്യക്കു ശ്രമിച്ചത്. സംഭവത്തിനു പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു.

80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ജയ വായ്പയെടുത്ത രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബേങ്ക് ജപ്തി നടപടി സ്വീകരിച്ചത്.

ജയയുടെ ബേങ്ക് അക്കൗണ്ടുകള്‍ പോലീസ് വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്നാണ് ഷൊര്‍ണൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക് അധികൃതരുടെ വിശദീകരണം. ഇതും പോലീസ് അന്വേഷിക്കും. ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പോലീസ് പ്രാഥമിക മൊഴിയെടുത്തു. ജയയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബേങ്ക് നടപടിക്കെതിരെ പ്രതിഷേധിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്നലെ വൈകിട്ട് ബേങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബേങ്കിന് മുന്നില്‍ പ്രതിഷേധിക്കും.

 

 

 

Latest