kozhikode murder
ഹോട്ടല്‍ ഉടമയുടെ കൊല: കൂടുതല്‍ പേര്‍ക്കു പങ്കുള്ളതായി സൂചന
അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ ട്രോളിബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്തു.

കോഴിക്കോട് | ഒളവണ്ണയിലെ ഹോട്ടല്‍ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുള്ളതായി സൂചന. ഷിബിലി, പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ക്കു പുറമെ ഇവരുടെ സുഹൃത്ത് ആഷിഖ് എന്ന ചിക്കുവും കൊലപാതകത്തില്‍ പങ്കെടുത്തു എന്നാണു വ്യക്തമാവുന്നത്.
അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ ട്രോളിബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്തു. ഉയരത്തില്‍ നിന്ന് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടിയ നിലയിലായതില്‍ ടാര്‍പായ് ഉപയോഗിച്ചു പൊതിഞ്ഞ ശേഷമാണ് കയറിട്ടു വലിച്ചു കയറ്റിയത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സിദ്ധിഖ് രണ്ടു മുറി എടുത്തതായി കണ്ടെത്തി. ഒളവണ്ണയിലെ ഹോട്ടലിനു മുകളില്‍ താമസിക്കാന്‍ സ്വന്തം മുറിയുണ്ടായിട്ടും ഇദ്ദേഹം നഗരത്തില്‍ എന്തിനു രണ്ടു മുറി എടുത്തു എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കം ഉണ്ടെന്നാണു വിവരം.
മുഖ്യ പ്രതി ഷിബിലി 15 ദിവസം മുന്‍പാണ് ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സഹപ്രവര്‍ത്തകന്‍ യൂസഫ് മൊഴി നല്‍കി. മോശം പെരുമാറ്റവും സ്വഭാവവും കാരണം സിദ്ദീഖ് ഷിബിലിയെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിബിലിയുടെ ഇടപാടുകള്‍ തീര്‍ത്ത് ഒഴിവാക്കിയത്. അന്ന് വൈകുന്നേരം മുതലാണു സിദ്ദീഖിനെ കാണാതായത്.
ഷിബിലിയുടെ പണം കൊടുത്ത് പറഞ്ഞുവിട്ട ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണ് ഉടമ സിദ്ധിഖ്. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഉടമ ഹോട്ടലില്‍ നിന്നു പോയത്. പിന്നീട് തിരിച്ചുവന്നില്ലെന്നാണു മൊഴി.
ജോലിക്കാരുമായി നല്ല രീതിയില്‍ ഇടപെട്ടിരുന്നയാളാണ് സിദ്ദീഖ്. പട്ടാമ്പി സ്വദേശിയാണ് ഷിബിലിയെന്നാണു വിവരം. സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സിദ്ദീഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായ ശേഷവും എ ടി എമ്മില്‍ നിന്നു തുക പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം പല കഷ്ണങ്ങളാക്കി ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു എന്നാണു കരുതുന്നത്.