Connect with us

Editorial

സംഘ്പരിവാറിന്റെ ചരിത്ര നിർമിതി

"നമ്മുടെ ചരിത്രം നഷ്ടപ്പെടാൻ അനുവദിക്കരുത്. ചരിത്രം നഷ്ടപ്പെട്ടാൽ ചെറുത്തുനിൽപ്പിനുള്ള ജനതയുടെ ശക്തി ക്ഷയിക്കും'. നമ്മുടെ ദേശീയ സമരത്തിന് കരുത്തു പകർന്നത് ഇന്ത്യൻ ജനതയുടെ ഐക്യത്തിനും പരസ്പ സൗഹൃദത്തിനും അടിത്തറ പാകിയ ചരിത്രമാണ്.

Published

|

Last Updated

ന്ത്യാ ചരിത്രം മാറ്റി എഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം സർക്കാർ ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച, അഹോം സൈന്യാധിപൻ ലചിത് ബർഫുക്കന്റെ 400 ാം ജന്മവാർഷിക പരിപാടിയിലെ സമാപനപ്രസംഗത്തിലാണ് സ്വാതന്ത്ര്യത്തിനു ശേഷവും കൊളോണിയൽ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് രാജ്യത്ത് ഇപ്പോഴും പഠിപ്പിക്കുന്നതെന്നും അത് തിരുത്തിയെഴുതേണ്ടതുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞത്. ചടങ്ങിൽ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളാണ് ഇന്ന് പ്രചാരത്തിലുള്ളതെന്ന് ആരോപിക്കുകയും അവ മാറ്റിയെഴുതണമെന്നു ചരിത്ര പണ്ഡിതന്മാരോട് നിർദേശിക്കുകയുമുണ്ടായി. മാതൃരാജ്യത്തിനുവേണ്ടി പോരാടാൻ മാതൃകാപരമായ വീര്യം പ്രകടിപ്പിച്ച 30 മഹത്തായ ഇന്ത്യൻ സാമ്രാജ്യങ്ങളെയും 300 യോദ്ധാക്കളെയും കുറിച്ച് ഗവേഷണം നടത്താനും ഷാ ആവശ്യപ്പെട്ടു.

ഇന്ത്യാ ചരിത്രം മാറ്റിയെഴുതുന്നതിനെക്കുറിച്ച് മോദിയും സംഘ്പരിവാർ വൃത്തങ്ങളും നേരത്തേയും സൂചിപ്പിച്ചിരുന്നു. മാത്രമല്ല, രാജ്യത്തിന്റെ ചരിത്രം ഹിന്ദുത്വ ഫാസിസ്റ്റ് വീക്ഷണത്തിലധിഷ്ടിതമായി മാറ്റിയെഴുതാൻ ഹിന്ദുത്വ ഗവേഷകരും ചരിത്രപണ്ഡിതരും അടങ്ങുന്ന 14 അംഗ സമിതിയെ നിയോഗിച്ചതായി 2018 ജൂണിൽ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് വെളിപ്പെടുത്തുകയും ചെയ്തു. ഈ ചരിത്ര നിർമാണ സമിതി ഡൽഹിയിൽ ചേർന്ന യോഗത്തിന്റെ മിനുട്‌സ് സഹിതമാണ് റോയിട്ടേഴ്‌സ് വാർത്ത പുറത്തു വിട്ടത്. പന്ത്രണ്ടായിരം വർഷം മുമ്പുള്ള ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്ഭവം കണ്ടെത്താനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്. സമിതി പണിപ്പുരയിൽ അവരുടെ ജോലി നിർവഹിച്ചു വരുന്നുണ്ടാകണം.
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും ആദിമ നിവാസികളെക്കുറിച്ചും നിലവിലുള്ള ചരിത്രം ആർ എസ് എസിനെയും സംഘ്പരിവാർ സംഘടനകളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും ആര്യന്മാർ അധിനിവേശത്തിലൂടെ ഇന്ത്യയിലേക്ക് കടന്നുവന്നവരാണെന്ന ചരിത്രസത്യം, രാജ്യത്തിന്റെ മുന്നേറ്റത്തിൽ മുസ്‌ലിം ഭരണാധികാരികൾ വഹിച്ച പങ്ക്, സ്വാതന്ത്ര്യ സമരത്തോട് ഹിന്ദുത്വരുടെ നിസ്സഹകരണവും അവരുടെ ബ്രിട്ടീഷ് കൂറും, ആർ എസ് എസ് താത്വികാചാര്യനായ സവർക്കർ ബ്രിട്ടീഷുകാർക്കു മാപ്പെഴുതിക്കൊടുത്ത് അവരുടെ പാദസേവകനായി മാറിയതുമെല്ലാം സംഘ്പരിവാറിനെങ്ങനെ ചരിത്രത്തിൽ വെച്ചു പൊറുപ്പിക്കാനാകും. സത്യസന്ധമായ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ ആര്യന്മാർക്കും ഹിന്ദുത്വർക്കും രാഷ്ട്രനിർമാണത്തിലോ രാജ്യത്തിന്റെ വളർച്ചയിലോ ഒരു പങ്കുമില്ലെന്നാണ് ആർക്കും ബോധ്യപ്പെടുക. ഇതാണ് മോദി സർക്കാർ അധികാരമേറ്റയുടനെ പുതിയൊരു ചരിത്രനിർമിതിയെന്ന അജൻഡയിലേക്ക് കാലെടുത്തു വെച്ചതിന് പിന്നിൽ.

ആര്യന്മാർ ഇന്ത്യയിലേക്കു അതിക്രമിച്ചു കടന്നുവന്നവരല്ല ആദിമനിവാസികളാണെന്നു വരുത്തിത്തീർക്കണം, രാമായണം മിത്തല്ല അതിലെ പരാമർശങ്ങൾ യാഥാർഥ്യമാണെന്നു കാണിക്കണം. ഇതിന് സഹായകമായ ചരിത്രമാണ് ബി ജെ പിയും ആർ എസ് എസും ലക്ഷ്യം വെക്കുന്നത്. മോദി സർക്കാർ നിയോഗിച്ച സമിതിയുടെ ചരിത്രം പുറത്തിറങ്ങുന്നതോടെ പല മിത്തുകളും ചരിത്രത്തിന്റെ ഭാഗമായി മാറും. പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് ആധുനിക സയൻസല്ല, വേദകാല ഇന്ത്യയാണെന്നും പുരാണ ഭാവനാ കഥാപാത്രത്തിന് ആനയുടെ തലയുണ്ടായത് സർജറിയിലുടെയാണെന്നും നേരത്തേ പ്രധാനമന്ത്രി മോദി അവകാശപ്പെട്ടതാണല്ലോ. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, വേദകാല ഇന്ത്യയാണെന്നു രാമായണത്തിലെ പുഷ്പക വിമാനത്തെ ചൂണ്ടി ബി ജെ പി നേതാവും മുൻ കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രിയുമായിരുന്ന സത്യപാൽ സിംഗും തട്ടിവിട്ടിരുന്നു. ഇത്തരം നിരവധി മിത്തുക്കളും ഭാവനകളും ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന കാലം വിദൂരമല്ല.
വി ഡി സവർക്കർ, ഗോൾവാൾക്കർ, ബി എസ് മുഞ്ചേ തുടങ്ങി മതേതര വിരുദ്ധ ആശയങ്ങളുടെ വക്താക്കളായ തീവ്ര ഫാസിസ്റ്റുകളെയും സാമ്രാജ്യത്വ ചിന്താഗതിക്കാരെയും മഹാന്മാരും ദേശസ്‌നേഹികളുമാക്കുന്ന, താജ്മഹലിനെ തേജോമഹാലയമെന്ന ശിവക്ഷേത്രമാക്കി ചിത്രീകരിക്കുന്ന മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും അവമതിക്കുന്ന ഇന്ത്യാ ചരിത്രമാണ് സംഘ്പരിവാർ ആസൂത്രണം ചെയ്യുന്നത്. ഫാസിസ്റ്റുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് സത്യസന്ധമായ ചരിത്രമാണ്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അഡോൾഫ് ഹിറ്റ്‌ലറുടെ അടുത്ത സഹകാരിയും നാസി ജർമനിയുടെ പ്രൊപഗാണ്ട മന്ത്രിയുമായിരുന്ന ഗീബൽസ് ഒരിക്കൽ പറഞ്ഞു. “1789നെ ഞാൻ ചരിത്രത്തിൽ നിന്നു നീക്കം ചെയ്യും’ സ്വാതന്ത്ര്യം, സമത്വം എന്നീ മുദ്രാവാക്യം ഉയർത്തി ഫ്രഞ്ച് വിപ്ലവം അരങ്ങേറിയ വർഷമായതു കൊണ്ടാണ് 1789നെ ഫാസിസ്റ്റുകൾ വെറുക്കുന്നത്. ഹിറ്റ്‌ലറുടെയും ഗീബൽസിന്റെയും ചിന്താധാരയുടെ സ്വാധീനമാണ് സത്യസന്ധമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഹിന്ദുത്വ ഫാസിസ്റ്റുകൾ ഭയപ്പെടുന്നതിനു പിന്നിലും.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള വിശകലനങ്ങളിൽ പ്രമുഖ ചരിത്രകാരിയായ റൊമീല ഥാപ്പർ പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. 1980 മുതൽ ഗുജറാത്തിൽ നടന്നു വരുന്ന ചരിത്രം തിരുത്തൽ പ്രക്രിയയുടെ ഫലമാണ് 2002 ലെ വംശഹത്യയിലേക്ക് കാര്യങ്ങളെ നയിച്ചതെന്നാണ് അവരുടെ നിരീക്ഷണം. ഗുജറാത്തിൽ നടന്നതിനേക്കാൾ ഭീകരമായ ചരിത്ര അട്ടിമറിയാണ് കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ ഗുജറാത്തിൽ കണ്ടതിനേക്കാൾ ഭയാനകമായിരിക്കും. ഈ സാഹചര്യത്തിൽ ചരിത്രത്തെ വികലവും മലിനവുമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മതേതര സമൂഹത്തിന്റെയും സത്യസന്ധമായ ചരിത്രകാരന്മാരുടെയും കനത്ത ജാഗ്രതയും ഇടപെടലുകളും ആവശ്യമാണ്. 1930ൽ സ്വാതന്ത്ര്യ സമര കാലത്ത് മഹാവീർ പ്രസാദ് ദ്വിവേദി ഉണർത്തിയത് വളരെ അർഥവത്താണ്. “നമ്മുടെ ചരിത്രം നഷ്ടപ്പെടാൻ അനുവദിക്കരുത്. ചരിത്രം നഷ്ടപ്പെട്ടാൽ ചെറുത്തുനിൽപ്പിനുള്ള ജനതയുടെ ശക്തി ക്ഷയിക്കും’. നമ്മുടെ ദേശീയ സമരത്തിന് കരുത്തു പകർന്നത് ഇന്ത്യൻ ജനതയുടെ ഐക്യത്തിനും പരസ്പ സൗഹൃദത്തിനും അടിത്തറ പാകിയ ചരിത്രമാണ്.