Connect with us

Kozhikode

ഹജ്ജ് അപേക്ഷാ സമർപ്പണം നാളെ കൂടി; കേരളത്തിൽ നിന്ന് ഇതുവരെ 9,452 പേർ

ഇന്ത്യയിൽ നിന്ന് ഇതുവരെയായി കൂടുതൽ പേർ ഹജ്ജിന് അപേക്ഷിച്ചത് കേരളത്തിൽ നിന്നാണ്.

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 9,452. മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്-2,841. കോഴിക്കോട് ജില്ലയിൽ നിന്ന് ഇതുവരെയായി 2,093 അപേക്ഷകരാണുള്ളത്. എറണാകുളം-1,043, ആലപ്പുഴ-152, ഇടുക്കി-80, കണ്ണൂർ-1,016, കാസർകോട്-479, കൊല്ലം-264, കോട്ടയം-119, പാലക്കാട്-466, പത്തനംതിട്ട-34, തിരുവനന്തപുരം-278, തൃശൂർ-368, വയനാട്-219 എന്നിങ്ങനെയാണ് സംസ്ഥാനത്ത് നിന്ന് ഇതുവരെ ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ത്യയിൽ നിന്ന് ഇതുവരെയായി കൂടുതൽ പേർ ഹജ്ജിന് അപേക്ഷിച്ചത് കേരളത്തിൽ നിന്നാണ്. 8,859 അപേക്ഷകരുള്ള ജമ്മു കശ്മീരാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ നിന്ന് ഇതുവരെയായി 7,237, ഉത്തർപ്രദേശ്-6,960, പശ്ചിമബംഗാൾ-6,263 എന്നിങ്ങനെയാണ് ഹജ്ജിന് അപേക്ഷിച്ചതിന്റെ കണക്ക്. ഇത്തവണ ഹജ്ജ് അപേക്ഷാ സമർപ്പണം പൂർണമായും ഓൺലൈൻ വഴിയാണ്. കഴിഞ്ഞ നവംബർ മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.

അതേസമയം, ഈ വർഷം സംസ്ഥാന ഹജജ് കമ്മിറ്റി കൂടുതൽ ട്രെയിനർമാരെ നിയമിക്കുന്നുണ്ട്. ഇവരുടെ ഇന്റർവ്യൂ അടുത്ത മാസം ഒമ്പത്, പത്ത് തീയതികളിൽ നടക്കാനാണ് സാധ്യത. കേന്ദ്ര ഹജ്ജ് കമ്മിറ്റി 53 ട്രെയിനർമാരെ സംസ്ഥാനത്ത് നിന്ന് നേരത്തേ തിരഞ്ഞെടുത്തിരുന്നു. ഇവരുൾപ്പെടെ 200 ട്രെയിനർമാരുടെ സേവനം ഹാജിമാർക്ക് ലഭ്യമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിച്ച യോഗ്യതയുള്ളവരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചത്. ഇതുവരെ ലഭിച്ച ഭൂരിപക്ഷം ഹജ്ജ് അപേക്ഷകളിലും കവർ നമ്പറുകൾ നൽകിയിട്ടുണ്ട്. എണ്ണൂറോളം ഹജ്ജ് അപേക്ഷകളിലുണ്ടായിരുന്ന ന്യൂനതകൾ പരിഹരിച്ചു.