Connect with us

Gyanvapi masjid

ഗ്യാന്‍വാപി: ഉത്തരവിടുന്നതില്‍ വാരാണസി കോടതിയെ വിലക്കി സുപ്രീം കോടതി, സര്‍വേ റിപ്പോര്‍ട്ട് സമർപ്പിച്ചു

ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയത്.

Published

|

Last Updated

ന്യൂഡല്‍ഹി / വാരാണസി | ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഉത്തരവിടുന്നതില്‍ നിന്ന് വാരാണസി കോടതിയെ വിലക്കി സുപ്രീം കോടതി. ഗ്യാന്‍വാപി വീഡിയോ സര്‍വേക്കെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് നിലവില്‍ ഉത്തരവിടുന്നതില്‍ നിന്ന് വാരാണസി കോടതിയെ വിലക്കിയത്. അതേസമയം, വീഡിയോ സര്‍വേ റിപ്പോര്‍ട്ട് അഡ്വക്കറ്റ് കമ്മീഷണര്‍ വാരാണസി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വാദം മാറ്റിവെക്കണമെന്ന് ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയത്. സീല്‍ ചെയ്ത കവറിലാണ് വാരാണസി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വീഡിയോ, ഫോട്ടോ എന്നിവയുടെ ചിപ്പും കൈമാറിയിട്ടുണ്ട്. അഡ്വക്കറ്റ് കമ്മീഷണര്‍ അജയ് പ്രതാപ് സിംഗിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മസ്ജിദ് വളപ്പിനകത്ത് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് വാരാണസി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വീഡിയോ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. സര്‍വേയില്‍ പങ്കെടുത്ത അഭിഭാഷകരില്‍ ഒരാള്‍ മസ്ജിദിലെ അംഗസ്‌നാനം വരുത്തുന്ന ചെറുടാങ്കില്‍ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുകയും ഇതിനെ തുടര്‍ന്ന് ആ ഭാഗം അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം സുപ്രീം കോടതി മുസ്ലിംകളെ മസ്ജിദിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉത്തരവ് സ്റ്റേ ചെയ്യുകയും എന്നാല്‍, ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കണമെന്നും ഉത്തരവിട്ടിരുന്നു.