Connect with us

Kuwait

ഇറാഖില്‍ നിന്നുള്ള ഭീഷണി; അതിര്‍ത്തി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി കുവൈത്ത്

ഇറാഖിലെ ഒരു പാര്‍ലിമെന്റംഗം കഴിഞ്ഞ ദിവസം കുവൈത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് ഏറ്റുപിടിച്ച് ചില ഇറാഖികള്‍ കുവൈത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | ഇറാഖില്‍ നിന്നുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത പാലിക്കാന്‍ സുരക്ഷാ സൈനിക ഉദ്യോഗസ്ഥര്‍ക്ക് കുവൈത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇറാഖിലെ ഒരു പാര്‍ലിമെന്റംഗം കഴിഞ്ഞ ദിവസം കുവൈത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് ഏറ്റുപിടിച്ച് ചില ഇറാഖികള്‍ കുവൈത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തിയേക്കാവുന്ന ഏത് നടപടിയും നേരിടുന്നതിന് കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ സൈനികര്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. കുവൈത്ത് സൈന്യവും ആഭ്യന്തര മന്ത്രാലയവും നാഷനല്‍ ഗാര്‍ഡും തമ്മില്‍ ഏകോപനം ശക്തമാക്കുകയും വടക്കന്‍ അതിര്‍ത്തികളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയുമാണ്. കൂടാതെ സുരക്ഷാ, സൈനിക റിപ്പോര്‍ട്ടുകള്‍ സസൂക്ഷ്മം പിന്തുടരുകയും ചെയ്യുന്നു.

മേഖലയിലെ മുഴുവന്‍ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും അയല്‍ രാജ്യങ്ങളുമായുള്ള രഹസ്യാന്വേഷണ ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ അതിര്‍ത്തികളിലെ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാണെന്നും ആശങ്കജനകമായ സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.