Connect with us

Prathivaram

ഇന്നലെകളെ അറിയുക

ആത്മസംതൃപ്തിയുള്ളതും സാർഥകവുമായ ജീവിതം ചിട്ടപ്പെടുത്തുന്നതിനും വിജയകരമായ പദ്ധതികൾ രുപപ്പെടുത്തുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും പൂർവികരുടെ ചരിത്രം അറിയൽ അനിവാര്യമാണ്.

Published

|

Last Updated

ആത്മസംതൃപ്തിയുള്ളതും സാർഥകവുമായ ജീവിതം ചിട്ടപ്പെടുത്തുന്നതിനും വിജയകരമായ പദ്ധതികൾ രുപപ്പെടുത്തുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും പൂർവികരുടെ ചരിത്രം അറിയൽ അനിവാര്യമാണ്. പൂർവികരുടെ അനുഭവങ്ങളെ ആധാരമാക്കി ജീവിതയാത്ര നടത്തുന്നവർക്കാണ് യഥാർഥ വിജയം സാധ്യമാകുന്നത്. കാരണം, ഭൂതകാലത്തെ അറിഞ്ഞുകൊണ്ടുമാത്രമേ ശരിയായ രീതിയിൽ മുന്നോട്ട് ഗമിക്കാൻ കഴിയുകയുള്ളൂ. ദിക്കറിയാത്ത നാവികർക്ക് മാരിനേഴ്സ് കോമ്പസ് എപ്രകാരം ശരിയായ ദിശ കാണിച്ചുകൊടുക്കുന്നുവോ അപ്രകാരമാണ് ചരിത്രവും വഴിയറിയാതെ അലയുന്ന ജനതക്ക് ശരിയായ വഴി കാട്ടിക്കൊടുക്കുന്നത്. ചരിത്ര പഠനത്തിലൂടെ മുൻഗാമികളിൽ നിന്ന് നിരവധി ഗുണപാഠങ്ങൾ നേടാനും ആത്മവിശ്വാസം വർധിപ്പിക്കാനും വർത്തമാനകാല ജീവിതം മികവുറ്റതാക്കാനും പിൻ തലമുറകൾക്ക് ഉദാത്തമായ മാതൃകകൾ കൈമാറാനും കഴിയുന്നു.
പൂർവകാല സമൂഹങ്ങളെക്കുറിച്ച് അറിവ് പകർന്നു തരുന്നത് ചരിത്ര രേഖകളാണ്. മനുഷ്യനെയും അവൻ അധിവസിച്ച ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും അവനുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളെയും ഉൾക്കൊള്ളുന്നതാണ് ചരിത്രം. പൂർവികരുടെ ഇന്നലെകളെ പുനരാവിഷ്കരിക്കുകയും വിവരിക്കുകയും ചെയ്യുന്ന ലിഖിത രേഖകളാണ് ചരിത്ര ഗ്രന്ഥങ്ങളായി മാറുന്നത്.

പ്രപഞ്ചത്തിന്റെ അടിവേര് തേടിയുള്ള മനുഷ്യന്റെ ചരിത്ര സഞ്ചാരം പുരാതന കാലം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. അവന്റെ മതം, സംസ്കാരം, ഭാഷ, ദേശം തുടങ്ങി അവനെ ബാധിക്കുന്ന ഓരോന്നിനെയും കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം ചരിത്ര പഠനത്തിലുണ്ട്. ഭാവിയിലേക്ക് വേണ്ടി വർത്തമാനകാലത്ത്, ഭൂതകാലത്തിന്റെ ശേഷിപ്പുകൾ കരുതി വെക്കുന്നതിനെയാണ് പൊതുവിൽ ചരിത്ര പഠനം എന്ന് പറയുന്നത്. മുന്‍ഗാമികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതരേഖകള്‍ നമുക്ക് ചിന്തിക്കാനും പാഠമുൾക്കൊള്ളാനുമുള്ള അനേകം അവസരങ്ങൾ നല്‍കുന്നു. നന്മകള്‍ പകര്‍ത്താനും നാശത്തിന് ഹേതുവായ കാര്യങ്ങളില്‍നിന്ന് അകന്ന് നിൽക്കാനും ഉന്നതിയിലേക്ക് കുതിക്കാനും അത് വഴിവെക്കുന്നു. സാമൂഹിക വളർച്ചക്കും പുരോഗതിക്കും ചരിത്രാന്വേഷണം അനിവാര്യമാണ്. ചുരുക്കത്തിൽ സമൂഹത്തിന്റെ സക്രിയമായ മുന്നേറ്റത്തിന് പിന്നിട്ട വഴികളിലൂടെ യുള്ള ചരിത്ര സഞ്ചാരം സഹായകമാകുന്നു.
വിശുദ്ധ ഇസ്്ലാം ചരിത്ര പഠനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. “ചരിത്രം പഠിച്ചവന്റെ ബുദ്ധി വർധിച്ചു’ എന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞത്. മതത്തിന്റെ സത്ത ഗ്രഹിക്കാന്‍ ചരിത്രം അനിവാര്യമാണെന്ന തിരിച്ചറിവിൽ ധാരാളം ചരിത്ര ഗ്രന്ഥങ്ങൾ തന്നെ വിരചിതമായിട്ടുണ്ട്. ഇബ്‌നു ഹിശാമിന്റെ സീറത്തുർറസൂല്‍, ഇബ്‌നു ജരീര്‍ അത്ത്വബ്‌രിയുടെ താരീഖുല്‍ അഖ്ബാരി വല്‍മുലൂക്, ഇബ്‌നു കഥീറിന്റെ അല്‍ബിദായതു വന്നിഹായ, ഇമാം ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം, ഇബ്‌നു ഖല്ലികാന്റെ വഫയാത്തുല്‍ അഅ്‌യാന്‍ തുടങ്ങിയവ കനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളാണ്.

മുന്‍കാല പ്രവാചകന്മാരുടെയും അവരുടെ ജനതയുടെയും ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിൽ വിവരിക്കുന്നുണ്ട്. അത് തിരുനബി(സ)ക്ക് ആശ്വാസവും പിൽക്കാല ജനതക്ക് പാഠവുമായാണ് അല്ലാഹു അവതരിപ്പിച്ചത്. ചരിത്ര പഠനത്തിനും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൂടെയുള്ള സഞ്ചാരത്തിനും വിശുദ്ധ ഖുര്‍ആൻ പ്രചോദനം നൽകുന്നു. “നബിയേ, പറയുക; നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ’ (അൻആം: 11) എന്ന അർഥത്തിലുള്ള അനേകം ആയത്തുകൾ ഖുർആനിലുണ്ട്.

വിശ്വാസ യോഗ്യമായ അനവധി ചരിത്ര സംഭവങ്ങളുടെ ആധികാരിക സ്രോതസ്സാണ് വിശുദ്ധ ഖുർആൻ. ഭാവനാത്മകതയില്ലാത്ത യാഥാർഥ്യങ്ങളാണവയെല്ലാം. അല്ലാഹു പറയുന്നു. “യാഥാർഥ്യമനുസരിച്ചുതന്നെയാണ് നാം അതിനെ (ഖുര്‍ആൻ) അവതരിപ്പിച്ചത്.’ (ഇസ്റാഅ: 105).
സുവ്യക്തതയോടെയും സൂക്ഷ്മതയോടെയുമാണ് ഓരോ ചരിത്രവും ഖുർആൻ കൈകാര്യം ചെയ്യുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഖുർആനിക ചരിത്ര സംഭവങ്ങളിൽ നിരവധി ഉപദേശങ്ങളും ഉൽബോധനങ്ങളും ഗുണപാഠങ്ങളുമുണ്ട്. ഖുർആൻ വ്യക്തമാക്കുന്നു: ” അവരുടെ കഥകളിൽ ബുദ്ധിമാന്മാർക്ക് ഗുണപാഠങ്ങളുണ്ട്.’

ചരിത്ര പഠനം വളരെ പ്രാധാന്യമുള്ള വിഷയമാണ്. അത് വിശ്വാസിയുടെ സാമൂഹിക ബാധ്യതയുമാണ്. ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്നതും തിരിമറികളും കൂട്ടിച്ചേർക്കലും വെട്ടിമാറ്റലുകളും നടക്കുന്നതുമായ വിജ്ഞാന ശാഖയാണത്. അസത്യങ്ങൾ ഇടകലർന്ന ചരിത്രവിവരങ്ങൾ മനുഷ്യരാശിയെ വഴിപിഴപ്പിക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യും. ശാസ്ത്രം, കല, സാഹിത്യം, സംസ്‌കാരം, ഭരണം, രാഷ്ട്ര നിർമാണം എന്നീ മേഖലകളിലെല്ലാം ഇസ്‌ലാമിന്റെ സംഭാവനകൾ വളരെ വലുതാണ്. എന്നാല്‍ അവയിൽ പലതും ഗോപ്യമായി കിടക്കുകയാണ്. ലഭ്യമായവ തന്നെ വികലമാക്കപ്പെട്ടതോ കൈകടത്തലുകൾക്ക് വിധേയമായതോ ആണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഇസ്‌ലാമിക സമൂഹം വഹിച്ച പങ്കിന് മതിയായ അംഗീകാരം ലഭിച്ചിട്ടില്ല. പല ഗ്രന്ഥങ്ങളും ഇസ്‌ലാമിക നാഗരികതയുടെ സംഭാവനകളെ ചെറുതായി കാണുകയോ അവഗണിക്കുകയോ ആണ് ചെയ്യുന്നത്. കൊളോണിയല്‍ കാലഘട്ടങ്ങളിലെ മുസ്‌ലിം ലോകത്തിന്റെ തകര്‍ച്ചയും മുസ്്ലിം പക്ഷത്ത് നിന്നുള്ള അന്വേഷണാത്മക ഗവേഷണക്കുറവും ചരിത്ര മേൽക്കായ്മയിൽ യൂറോപ്പിന്റെ ആധിപത്യവുമെല്ലാം ഇതിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളുടെ സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുംവിധം ശാസ്ത്ര പുരോഗതി കൈവരിക്കാന്‍ ഇനിയും ഒരുപാട് യുഗങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന പ്രശസ്ത ചിന്തകന്‍ ബെര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

ഇസ്‌ലാമിക ചരിത്രത്തോടുള്ള അക്രമം പ്രവാചകന്മാർ, ഖലീഫമാർ, സ്വഹാബികള്‍, പണ്ഡിതന്മാർ, പടനായകന്മാർ, ചരിത്ര പുരുഷന്മാർ എന്നിവർക്കെല്ലാം നേരെയുണ്ടായിട്ടുണ്ട്. മതപരമോ രാഷട്രീയമോ ആയ താത്പര്യങ്ങൾക്കു വേണ്ടി ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റലിസ്റ്റുകളും ജൂത-ക്രൈസ്തവരും നിരീശ്വരവാദികളും വര്‍ഗീയവാദികളും ചരിത്രത്തെ തലകീഴാക്കുന്ന മറിമായങ്ങൾ എക്കാലത്തും നടത്തിയിട്ടുണ്ട്. അതിന്റെ അലയൊലികൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ചരിത്ര നിഘണ്ടുവില്‍ നിന്ന് യുഗപുരുഷന്മാരുടെ പേരുകൾ വെട്ടിമാറ്റി രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ട ചരിത്രം തിരുത്തിയെഴുതാൻ വെമ്പൽ കൊള്ളുന്ന നവ ഫാസിസ്റ്റുകൾ ചരിത്രത്തിന്റെ പിന്നാമ്പുറം അറിയാത്തവരാണ്. പാഠമുൾക്കൊള്ളുന്നതിനാണ് ചരിത്ര പഠനം നടത്തേണ്ടത്. തിന്മകളിൽ നിന്ന് അകന്ന് നിൽക്കാനും ജൈത്രയാത്രകളിൽ നിന്ന് മാതൃകകൾ പകർത്താനും അത് സഹായിക്കുന്നു. മാതൃകാ സമൂഹത്തിന്റെ നിർമിതിയിൽ ചരിത്രത്തിന്റെ സ്വാധീനശേഷി വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഖലീഫമാരും പണ്ഡിതന്മാരും വിപ്ലവനായകരും ചരിത്ര പഠനത്തിന് വളരെയധികം പ്രാധാന്യം നൽകിയതും ചില ഭരണകൂടങ്ങൾ ചരിത്രത്തെ ഭയക്കുന്നതും വെട്ടിമാറ്റുന്നതും.

Latest