Business
ലസ്സി പായ്ക്കറ്റുകളില്‍ ഫംഗസ്; വിശദീകരണവുമായി അമുല്‍
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറികളിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ന്യൂഡല്‍ഹി| കാലാവധി കഴിയുന്നതിനു മുമ്പ് ഫംഗസ് കലര്‍ന്ന ലസ്സി പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി അമുല്‍. ഫംഗസ് കലര്‍ന്ന ലസ്സിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പായ്ക്കറ്റ് തുറക്കുമ്പോള്‍ പച്ച നിറത്തിലുള്ള ഫംഗസ് കാണാമായിരുന്നു. ലസ്സി കുടിച്ചപ്പോള്‍ ചീത്ത രുചിയായിരുന്നുവെന്നും ഉപയോക്താവ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അമുല്‍. വീഡിയോ വ്യാജമാണെന്നാണ് അമുല്‍ അവകാശപ്പെടുന്നത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചയാള്‍ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അമുല്‍ വ്യക്തമാക്കി. എവിടെ വെച്ചാണ് ഉപയോക്താവ് ലസ്സി വാങ്ങിയതെന്നും പറഞ്ഞിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറികളിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
വായുകടന്നതും ചോര്‍ച്ചയുള്ളതുമായ ലസ്സി പായ്ക്കറ്റ് വാങ്ങരുതെന്നും പായ്ക്കറ്റിന്റെ സ്‌ട്രോയുള്ള ഭാഗത്ത് തകരാറ് കണ്ടാല്‍ വാങ്ങരുതെന്നുമുള്ള ഉപദേശവും ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കി.