Connect with us

Kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലാ സ്വദേശി അറസ്റ്റില്‍

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും നിരവധി പേരില്‍ നിന്നായി രണ്ട് കോടിയോളം രൂപ പി സി തോമസ് തട്ടിയെടുത്തിരുന്നു.

Published

|

Last Updated

കോട്ടയം | ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. വള്ളിച്ചിറ നെല്ലിയാനി പണിക്കപ്പറമ്പില്‍ പി സി തോമസിനെയാണ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും നിരവധി പേരില്‍ നിന്നായി രണ്ട് കോടിയോളം രൂപ പി സി തോമസ് തട്ടിയെടുത്തിരുന്നു.

ഐ എന്‍ ടി യു സി നേതാവായ ഇയാള്‍ യൂനിയന്റെ പാലാ ഓഫീസില്‍ വച്ചാണ് പണം വാങ്ങിയിരുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒളിവില്‍പ്പോയ പ്രതി മൈസൂരില്‍ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാലാ പോലീസ് എസ്‌ ഐ അഭിലാഷ് എം ഡിയുടെ നേതൃത്വത്തില്‍ സി പി ഒമാരായ ഷെറിന്‍, ബിജു കെ തോമസ്, രഞ്ജിത്ത് എന്നിവരുടെ സംഘം മൈസൂരില്‍ എത്തി അന്വേഷണം നടത്തി പ്രതി താമസിക്കുന്ന ലോഡ്ജില്‍ എത്തി.

ആ സമയം പ്രതിയുമായി പുറത്തേക്കുവരുന്ന മുരിക്കാശ്ശേരി പോലീസിനെയാണ് കണ്ടത്. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് മുരിക്കാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുദിവസമായി മൈസൂരില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. കാളിയാര്‍, കഞ്ഞിക്കുഴി, കമ്പംമെട്ട്, കുമളി, കാഞ്ഞാര്‍, കളമശ്ശേരി, മുനമ്പം, കൂത്താട്ടുകുളം, ഏലൂര്‍, രാമപുരം, കടുത്തുരുത്തി സ്റ്റേഷനുകളില്‍ നിലവില്‍ കേസുകളുണ്ട്.

Latest