Connect with us

Qatar World Cup 2022

പോളിഷ് കോട്ട പൊളിച്ച് ലോകചാംപ്യന്‍മാരുടെ വിജയ മാർച്ച്; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിന്റെ മൂന്നാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ നിലംപരിശാക്കി ഫ്രാന്‍സ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഫ്രഞ്ച് പടയുടെ ക്വാർട്ടറിലേക്കുള്ള മാർച്ച്. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. ഒലിവിയർ ജിറൂദ് ആണ് ആദ്യ ഗോൾ നേടിയത്. ഇതോടെ പോളണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി.

ആദ്യപകുതിയിൽ തന്നെ ലീഡ് ഗോൾ നേടാൻ ഫ്രാൻസിന് സാധിച്ചിരുന്നു. ഒന്നാം പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കിയിരിക്കെയാണ് ശക്തമായ പ്രതിരോധം ഭേദിച്ച് ഫ്രഞ്ച് പട ഗോളടിച്ചത്. 44ാം മിനുട്ടില്‍ ഒളിവിയര്‍ ജിറൂദ് ആണ് ഗോളടിച്ചത്. ത്രൂബോൾ നൽകി കിലിയൻ എംബാപ്പെയാണ് ഗോളടിക്ക് സഹായിച്ചത്. ഫ്രഞ്ച് പുരുഷ ടീമില്‍ 52 ഗോളുകള്‍ നേടിയ ആദ്യ താരമെന്ന നേട്ടവും ഈ ഗോളോടെ ജിറൂദ് സ്വന്തമാക്കി. തിയറി ഹെന്റിയുടെ റെക്കോര്‍ഡാണ് ജിറൂദ് പഴങ്കഥയാക്കിയത്. പ്രതിരോധത്തിനൊപ്പം കൗണ്ടര്‍ അറ്റാക്കിംഗ് രീതിയിലാണ് ആദ്യപകുതിയിൽ പോളണ്ട് പന്ത് തട്ടിയത്.

രണ്ടാം പകുതിയില്‍ കനത്ത ആക്രമണമാണ് ഇരുടീമുകളും നടത്തിയത്. ഫ്രാന്‍സ് നിരവധി തവണ പോളിഷ് ഗോള്‍മുഖത്തേക്ക് ആര്‍ത്തിരമ്പിയെത്തി. 74ാം മിനുട്ടില്‍ കിലിയന്‍ എംബാപ്പയുടെ കാലില്‍ നിന്നുതിര്‍ന്ന തീയുണ്ട പോളിഷ് ഗോളിയെ മറികടന്ന് വലയിലെത്തി. ഔസ്‌മെന്‍ ഡെംബെലെയായിരുന്നു അസിസ്റ്റ്. 24 വയസ്സിന് മുമ്പ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് ഇതോടെ എംബാപ്പെ മറികടന്നു. എട്ട് ഗോളുകളാണ് ലോകകപ്പില്‍ എംബാപ്പെ നേടിയത്.

കളിയുടെ അവസാന ഘട്ടത്തിലാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍ പിറക്കുന്നത്. 91ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതുവശത്ത് നിന്ന് ഉഗ്രനൊരു വലങ്കാലനടിയിലൂടെയാണ് എംബാപ്പെ ടീമിന്റെ മൂന്നാം ഗോള്‍ നേടുന്നത്. മാര്‍കസ് ടുറം ആയിരുന്നു അസിസ്റ്റ്. അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലാണ് പോളണ്ട് ആശ്വാസ ഗോൾ നേടിയത്. സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയായിരുന്നു സ്കോറർ. 96ാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഫ്രാന്‍സിന്റെ ദയോത് ഉപമികാനോയുടെ കൈയില്‍ ബോള്‍ തൊടുകയായിരുന്നു. വാറിലൂടെയാണ് പെനാല്‍റ്റി അനുവദിച്ചത്. മത്സരത്തിൽ ലെവന്‍ഡോസ്‌കി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല.

 

 

Latest