Connect with us

siraj editorial

"ഓപറേഷന്‍ നിര്‍മാണി'ല്‍ കണ്ടെത്തിയത്

പിടിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്‌നം. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്തെ നഗരസഭാ, കോര്‍പറേഷന്‍ ഓഫീസുകളില്‍ 'ഓപറേഷന്‍ പിരാന' എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇന്നത്തെ പോലെ അന്നും വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

|

Last Updated

അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് സംസ്ഥാനത്ത് ഓരോ സര്‍ക്കാറും അധികാരമേല്‍ക്കുന്നത്. ഭരണമേറ്റ ഉടനെ ഉദ്യോഗസ്ഥ മേധാവികളെ വിളിച്ചു കൂട്ടി, സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമാണെന്ന് ഉറപ്പ് വരുത്തണമെന്നു കര്‍ശന നിര്‍ദേശവും നല്‍കുന്നു. പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറേക്കൂടി കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്തിട്ടെന്ത്? സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോഴും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണെന്നാണ് കോര്‍പറേഷന്‍ ഓഫീസുകളില്‍ ‘ഓപറേഷന്‍ നിര്‍മാണ്‍’എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാപകമായ ക്രമക്കേടുകളും അഴിമതികളുമാണ് വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കണ്ടെത്തിയത്. കോര്‍പറേഷന്‍ ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസുകളിലും അനുബന്ധ സോണല്‍ ഓഫീസുകളിലും ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്. എന്‍ജിനീയറിംഗ്, ആരോഗ്യം, റവന്യൂ വിഭാഗങ്ങളലായിരുന്നു പരിശോധന.
കെട്ടിട നിർമാണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ രജിസ്റ്ററില്‍ പോലും രേഖപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ താത്പര്യമനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈനായും നേരിട്ടും നല്‍കുന്ന അപേക്ഷകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നു. അതേസമയം ഏജന്റുമാര്‍ വഴി വരുന്ന അപേക്ഷകളില്‍ പെട്ടെന്നു തന്നെ പെര്‍മിറ്റ് നല്‍കും. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകളില്‍ കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള ശൗചാലയം, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവ ഇല്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. വിവിധ റവന്യൂ വരുമാനങ്ങള്‍ ട്രഷറികളില്‍ അടയ്ക്കാതെ ഉദ്യോ ഗസ്ഥര്‍ കൈവശം വെക്കുന്നതായും വെട്ടിപ്പ് നടത്തുന്നതായും കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം സോണല്‍ ഓഫീസില്‍ ഡിസംബര്‍ 29നു വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക 10 ദിവസം കഴിഞ്ഞിട്ടും ട്രഷറിയില്‍ അടച്ചിരുന്നില്ല. സേവനാവകാശ കാലാവധി കഴിഞ്ഞിട്ടും കെട്ടിട നിര്‍മാണ അനുമതി നല്‍കാത്ത 2,900 ത്തില്‍പരവും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത 1200ല്‍പരവും അപേക്ഷകള്‍ വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയില്‍ 33 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. നികുതിയിനത്തില്‍ പൊതുജനം അടച്ച തുക രേഖപ്പെടുത്താതെയും രേഖപെടുത്തിയവ തന്നെ അക്കൗണ്ടില്‍ വരവ് വെക്കാതെയുമായിരുന്നു വെട്ടിപ്പ് നടത്തിയത്. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12നു മുമ്പോ ട്രഷറിയിലോ, ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലോ അടയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ തുക ബാങ്കിലടയ്ക്കാതെ പണം അടച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍, ബേങ്കിന്റെ സീലില്ലാത്ത കൗണ്ടര്‍ഫോയില്‍ ഓഫീസില്‍ തിരികെയെത്തിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. വീട്ടുകരം അടക്കം കൃത്യമായി അടച്ചവര്‍ക്ക് ഭീമമായ കുടിശ്ശിക നോട്ടീസുകള്‍ വന്നുതുടങ്ങിയതോടെയാണ് വെട്ടിപ്പു പുറത്തായത്.
സാമാന്യം ഭേദപ്പെട്ട വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വേതനത്തില്‍ കാലോചിതമായ പരിഷ്‌കരണം വരുത്തുകയും ചെയ്യുന്നു. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കുന്നതും. എന്നിട്ടും ഓഫീസുകളില്‍ സേവനം തേടിയെത്തുന്നവരുടെ കീശയില്‍ കൈയിടുകയാണ് ജീവനക്കാരില്‍ ഒരു വിഭാഗം.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി, ജീവനക്കാര്‍ക്കു വേണ്ടിയല്ല പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവത്തിക്കുന്നതെന്നും സേവനം തേടിയെത്തുന്നവരുടെ ആവശ്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ നിറവേറ്റിക്കൊടുക്കുകയാണ് തങ്ങളുടെ ബാധ്യതയെന്നും ഉണര്‍ത്തിയതാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന കാര്യം മറക്കരുതെന്നും അവരെ ഉണര്‍ത്തി. ക്രമക്കേടുകള്‍ കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. എന്നിട്ടും ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ മട്ടില്‍ തന്നെ.

അഴിമതിക്കെതിരെ താക്കീതല്ലാതെ പിടിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഇതിനൊരു പ്രധാന കാരണം. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്തെ നഗരസഭാ, കോര്‍പറേഷന്‍ ഓഫീസുകളില്‍ ‘ഓപറേഷന്‍ പിരാന’ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇന്നത്തെ പോലെ അന്നും കെട്ടിട നിര്‍മാണ അനുമതിയും നമ്പറും നല്‍കുന്നതിലും മറ്റും വ്യാപക ക്രമക്കേട് കണ്ടെത്തി. അന്ന് അഴിമതിക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ യാതൊരു നിയമനടപടിക്കും വിധേയമാകാതെ പിന്നെയും സുരക്ഷിതരായി സര്‍വീസില്‍ തുടരുകയാണുണ്ടായത്. കൈക്കൂലി ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്നു ഓഫീസുകളില്‍ വിജിലന്‍സിന്റെ അറിയിപ്പു വെച്ചതു കൊണ്ടോ, ഇടക്കിടെയുള്ള മിന്നല്‍ പരിശോധന കൊണ്ടോ, സി സി ടി വി ക്യാമറ സ്ഥാപിച്ചതു കൊണ്ടോ ഇല്ലായ്മ ചെയ്യാനാകില്ല ഇത്തരം ക്രമക്കേടുകള്‍. പിഴുതെറിയാനാകാത്ത വിധം സര്‍ക്കാര്‍ ഓഫീസുകളുടെ ഒരു ഘടകം തന്നെയായി മാറിക്കഴിഞ്ഞിട്ടുണ്ട് കൈക്കൂലി. തങ്ങളുടെ അവകാശം കണക്കെയാണ് ജീവനക്കാരില്‍ ഒരു വിഭാഗം അതിനെ കാണുന്നത്. ഒരു ഉദ്യോഗസ്ഥ മേധാവി തന്റെ ഓഫീസിലെ ക്രമക്കേടിനും അഴിമതിക്കുമെതിരെ ശക്തമായി നീങ്ങിയാല്‍ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സര്‍ക്കാറിനു നല്ല ഇച്ഛാശക്തിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു വിധേനയും വെച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച തീരുമാനവും ഉണ്ടെങ്കിലേ ഇതിനൊരു മാറ്റം വരുത്താനാകുകയുള്ളൂ.

Latest