Connect with us

cover story

ഫോറസ്റ്റ് മാൻ

കാട്ടാറുകൾ കൈയേറിയും കാട്ടുമരങ്ങൾ ഇല്ലാതാക്കിയും ഹരിത ഭൂമിയെ മരുഭൂമികൾ ആക്കിമാറ്റുന്ന ആധുനിക സംസ്കാരത്തിൽ നിന്ന് വേറിട്ട വഴികളിലൂടെ നടന്നു ഭൂമിക്കു കുടയൊരുക്കുന്നവർ വിരളമാണ്. ആരോഗ്യത്തിലും വൃത്തിയിലും പഠനത്തിലും വ്യവസായവാണിജ്യ രംഗത്തും മുന്നേറി ലോകത്തിന്റെ നെറുകയിൽ കയറി ഒന്നാമതാണെന്നു അവകാശപ്പെടുന്ന വികസിത രാജ്യങ്ങൾ പോലും പരിസ്ഥിതി സംരക്ഷണത്തിൽ പിന്നിലായിരിക്കും. അവിടെയാണ് ആരാലും അറിയപ്പെടാത്ത ഗ്രാമത്തിൽ ജനിച്ചു വളർന്ന പയാംഗിന്റെ സേവനം ശ്രദ്ധേയമാകുന്നത്.

Published

|

Last Updated

പുല്ല് മുളയ്ക്കാത്ത മണൽ പരപ്പിനെ നിബിഡ വനമാക്കി മാറ്റിയെടുത്ത ഒരു ഗ്രാമീണന്റെ കഥയാണിത്. പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ ഗ്രാമീണന്റെ നിശ്ചയ ദാർഢ്യത്തിന്റെ കഥ. പത്തോ നൂറോ ഏക്കർ അല്ല ആയിരത്തി മുന്നൂറ്റി അറുപത്തിയഞ്ച് ഏക്കർ തരിശു ഭൂമി ഇന്ന് നിബിഡ വനമാക്കി മാറ്റിയെടുത്ത അത്ഭുതകഥ. നാട്ടുകാർ പയാംഗ് എന്നു വിളിക്കുന്ന ജാദവ് പയാംഗ് മൊലായ് എന്ന ആദിവാസി ഗോത്രവർഗക്കാരനായ യുവാവിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമാണ് ഈ നിബിഡ വനം. അസാമിലെ ബ്രഹ്മപുത്ര നദിക്കരയിൽ പരന്നുകിടക്കുന്ന ഈ കൊടും വനം അറിയപ്പെടുന്നത് പയാംഗിന്റെ പേരിനോട് ചേർത്തു പറയുന്ന ഗോത്രനാമമായ മൊലായ് എന്ന പേരിലാണ്.

ബ്രഹ്മപുത്രയുടെയും ഉപനദിയായ സുബാൻസൂരി നദിയുടെയും ഇടയിലെ ദ്വീപാണ് മജൂലി. നദികളാൽ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിൽ ഒന്നാണ് മജൂലി. ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് ഒന്നര ലക്ഷം വരും. 1979 ലെ വെള്ളപ്പൊക്കത്തിൽ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകി. മനുഷ്യനും മറ്റു ജീവജാലങ്ങളും ദുരന്തത്തിന്റെ തീവ്രത തൊട്ടറിഞ്ഞു. വ്യാപകമായ കൃഷി നാശം നേരിട്ടു. ഒരു പുൽക്കൊടി പോലും അവശേഷിച്ചില്ല. വീടുകൾ പലതും ഒലിച്ചുപോയി. അവശേഷിക്കുന്ന വീടുകൾ ചെളിനിറഞ്ഞു താമസ യോഗ്യമല്ലാതായി. ഏതാണ്ട് മുഴുവൻ ഗ്രാമീണരും പതിവുപോലെ അഭയ കേന്ദ്രങ്ങളിൽ ആനയിക്കപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം വെള്ളം ഒഴിഞ്ഞു പോയപ്പോൾ പയാംഗും കുടുംബവും വീട്ടിലേക്ക് തിരിച്ചു. വഴിനീളെ ദുരന്ത കാഴ്ചകൾ. എങ്കിലും ജീവിതത്തിലേക്ക് പോകാമെന്ന് അവർ ആശിച്ചു. കൃഷിയിടം തേടി നടന്നു. ആ കുടുംബത്തിന്റെ ജീവിതമാർഗം കാർഷികവൃത്തിയായിരുന്നു. അന്നു പയാംഗിന് പ്രായം 16. അച്ഛനോടൊപ്പം ജോലി തേടിയിറങ്ങിയ പയാംഗിനെ മജൂലിയിലെ ആ കാഴ്ച ഏറെ വേദനിപ്പിച്ചു. ചുട്ടു പഴുത്ത മണൽപരപ്പിൽ നൂറു കണക്കിന് പാമ്പുകൾ ഉൾപ്പെടെ ഉരകജന്തുക്കൾ ചത്തുകിടക്കുന്നു. അവിടം പാമ്പുകളുടെ ശവപ്പറമ്പായി മാറിയതു പോലെ. ദിവസങ്ങൾക്കു മുമ്പ് വെള്ളം കുത്തിയൊഴുകിയ മണ്ണ് ചുട്ടുപഴുത്ത അവസ്ഥയിൽ. ഈ ദുരന്തക്കാഴ്ച പയാംഗ് വനപാലകരെ അറിയിച്ചു. മരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഉരക ജീവികൾക്ക് കൂട്ടമരണം സംഭവിക്കുകയില്ലായിരുന്നുവെന്ന് പയാംഗ് ചിന്തിച്ചു. തന്റെ തോന്നൽ അവൻ വനപാലകരുമായി പങ്കുവെച്ചു.

വനപാലകരുടെ പ്രതികരണം പ്രതികൂലമായിരുന്നു. മരങ്ങൾ പോയിട്ട് പുല്ലുകൾ പോലും ഇവിടെ മുളക്കില്ല എന്ന മറുപടി പയാംഗിനെ താത്കാലികമായി നിരാശപ്പെടുത്തി. എങ്കിലും ഇവിടെ ചിലപ്പോൾ മുള വളർന്നേക്കാം എന്ന വനപാലക സംഘത്തിൽ ഒരാളുടെ അഭിപ്രായം പയാങ്ങിനു പ്രതീക്ഷ സമ്മാനിച്ചു. അന്നുതന്നെ മുള വിത്തുകൾ തേടിയിറങ്ങിയ ആ ബാലൻ ബ്രഹ്മ പുത്രനദിക്കരയിൽ മുളകൾ നട്ടു തുടങ്ങി. തുടക്കത്തിലുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. എന്നിട്ടും പയാങ്ങ് ശ്രമം തുടർന്നു. അതിനിടെ 500 ഏക്കർ തരിശു ഭൂമിയിൽ മുള നട്ടുപിടിപ്പിക്കാൻ സോഷ്യൽ ഫോറസ്ട്രി അധികൃതർ തീരുമാനിച്ചു. പയാംഗിനെ അവർ ജോലിക്കാരിൽ ഒരാളായി നിയമിച്ചു. അഞ്ച് വർഷത്തേക്കുള്ള പദ്ധതികളുമായി വന്ന സോഷ്യൽ ഫോറസ്റ്റ് അധികൃതർ മൂന്ന് വർഷം കൊണ്ട് തങ്ങളുടെ ഉദ്യമം പൂർത്തിയായെന്നു പറഞ്ഞു തിരിച്ചുപോയി . എന്നാൽ പയാംഗ് തിരിച്ചുപോയില്ല എന്നു മാത്രമല്ല തന്റെ ലക്ഷ്യം വിപുലപ്പെടുത്തുകയും ചെയ്തു. മുളയോടൊപ്പം മറ്റു വൃക്ഷത്തൈകളും വിത്തുകളും നട്ടും വനത്തിന്റെ അതിർത്തി വ്യാപിപ്പിച്ചു വരണ്ടുണങ്ങിയ ഭൂമിക്കു തണലൊരുക്കി. ഒരു ദിവസം ഒരു തൈയെന്ന നിലയിൽ മുടങ്ങാതെ ദൗത്യവുമായി മുന്നോട്ടുപോയി. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിന്റെ താമസം കാട്ടിൽ തന്നെയായിരുന്നു. പയാംഗ് നിത്യനിദാന ചെലവ് നടത്തുന്നത് പശുക്കളെ വളർത്തിയും പാൽ വിറ്റുമായിരുന്നു . പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റു പശുക്കളെ പരിപാലിച്ചും നദികടന്നു ഇടപാടുകാർക്ക് പാൽ എത്തിച്ചും കൃത്യമായിഗൃഹനാഥന്റെ ഉത്തരവാദിത്വം നിറവേറ്റുന്നു. രാവിലെ പുസ്തകങ്ങളുമായി മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങുന്ന പയാംഗ് തൈകളും വിത്തും തൂമ്പയും വെള്ളം കോരാനുള്ള ബക്കറ്റും ഭാര്യ ബിനിത വെച്ചു നൽകിയ ചോറ്റു പാത്രവുമായി ഉൾവനത്തിലേക്ക് തിരിക്കും. സൂര്യ രശ്മി മറയുന്നതു വരെ അവിടെയായിരിക്കും. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയതോടെ ഒരു കാലത്ത് തരിശായിരുന്ന സ്ഥലം കൊടുംവനമായി മാറി. നിലവിൽ വനത്തിന്റെ വിസ്തൃതി 1360 ഏക്കറാണ്. നൂറോളം ഇനങ്ങളിൽ പെട്ട മരങ്ങൾ ചെടികൾ, ബംഗാൾ കടുവകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, മാൻ, മുയൽ, കുരങ്ങുകൾ… തുടങ്ങി ആയിരക്കണക്കിനു മൃഗങ്ങളും കഴുകനുൾപ്പെടെ വിവിധതരം പക്ഷികളും. 2008 ൽ വനം വകുപ്പ് നടത്തിയ സർവേയിൽ നൂറിലേറെ ആനകളും അതിലേറെ മാനുകളും ഉള്ളതായി കണ്ടെത്തി.

നിബിഡവനത്തിന്റെ ഏതാണ്ട് പകുതിഭാഗം 700 ഏക്കർ മുളംകാടാണ്. ഈ കാട്ടിലെ ആദ്യ അതിഥി ചുവന്ന ഉറുമ്പും മണ്ണിരയുമായിരുന്നു. മുളകൾ തളിരിട്ടു തുടങ്ങിയപ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥക്കുവേണ്ടി ഗ്രാമത്തിൽ നിന്നു പയാംഗ് ചുവന്ന ഉറമ്പുകളേയും മണ്ണിരയെയും ശേഖരിച്ചു ഇവിടെ കൊണ്ടു വിടുകയായിരുന്നു. ജാദവ് പയാംഗ് ജനിച്ചത് അസാമിലെ ജോർഹട്ടിലാണ് . കാർഷിക ഗ്രാമം. ഗ്രാമത്തിന്റെ ജീവനാഡി ബ്രഹ്മപുത്രയാണ്. കലിയിളകി വരുന്ന ബ്രഹ്മപുത്രയുടെ അഗാധം പലപ്പോഴും ഏറ്റുവാങ്ങിയവരാണ് നാട്ടുകാർ. എങ്കിലും ഗ്രാമത്തിന്റെ ജീവിത ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നതിൽ അവർ ആനന്ദം കണ്ടെത്തി. പ്രതിസന്ധികളൊന്നും ഗ്രാമം വിട്ടുപോകാൻ അവരെ പ്രേരിപ്പിച്ചില്ല. ഗ്രാമവാസികൾ മിക്കവരും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. പയാംഗ് വനവത്കരണവുമായി മുന്നോട്ടു പോയപ്പോൾ കൂട്ടുകാർ പലരും അവനെ പരിഹസിച്ചു. ഇതു പയാംഗിനെ വേദനിപ്പിച്ചു . എന്നാൽ താൻ നട്ടുനനച്ച പച്ചപ്പിൽ നിന്ന് മുകുളങ്ങൾ കിളർത്തു വരുന്നത് പയാംഗിനെ സന്തോഷിപ്പിച്ചു. അവനപ്പോൾ ലോകം കീഴടക്കിയ സംതൃപ്തിയായിരുന്നു. കളിയാക്കിയവർ പിന്നീട് പയാംഗിന്റെ മുമ്പിൽ കൈകൂപ്പി നിന്നു.

മാനവ കുലത്തിന് ഭീഷണിയായി പരിസ്ഥിതി ചൂഷണം വർധിച്ചു വരുമ്പോൾ പയാംഗിനെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളാണ് പ്രകൃതിയുടെ ജീവജലം. കാട്ടാറുകൾ കൈയേറിയും കാട്ടുമരങ്ങൾ ഇല്ലാതാക്കിയും ഹരിതഭൂമിയെ മരുഭൂമികളാക്കി മാറ്റുന്ന ആധുനിക സംസ്കാരത്തിൽ നിന്ന് വേറിട്ട വഴികളിലൂടെ നടന്ന് ഭൂമിക്ക് കുടയൊരുക്കുന്നവർ വിരളമാണ്. ആരോഗ്യത്തിലും വൃത്തിയിലും പഠനത്തിലും വ്യവസായ വാണിജ്യ രംഗത്തും മുന്നേറി ലോകത്തിന്റെ നെറുകയിൽ കയറി ഒന്നാമതാണെന്നു അവകാശപ്പെടുന്ന വികസിത രാജ്യങ്ങൾ പോലും പരിസ്ഥിതി സംരക്ഷണത്തിൽ പിന്നിലായിരിക്കും. അവിടെയാണ് ആരാലും അറിയപ്പെടാത്ത ഗ്രാമത്തിൽ ജനിച്ചു വളർന്ന പയാംഗിന്റെ സേവനം ശ്രദ്ധേയമാകുന്നത്. പയാംഗിന്റെ യത്നം ഒരു ഗ്രാമത്തിന്റെയോ നാടിന്റെയോ രക്ഷക്കു വേണ്ടിയായിരുന്നില്ല, അതുവഴി സാധ്യമാകുന്നത് ലോകത്തിന്റെ സംരക്ഷണമാണ്.

വൃക്ഷങ്ങൾ വളർന്നു . 12 വർഷത്തിനുശേഷം ദേശാടന പക്ഷികൾ ചേക്കേറി തുടങ്ങി. മൃഗങ്ങൾ ഇവിടുത്തെ താമസക്കാരായി. മൃഗങ്ങൾ അധികരിച്ചതോടെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. സമീപത്തെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നു , കുട്ടികളിൽ ഭീതിസൃഷ്ടിക്കുന്നു എന്നിങ്ങനെയായിരുന്നു നാട്ടുകാരുടെ പരാതി. കാടു വെട്ടിമാറ്റണമെന്ന ആവശ്യം അവർ മുന്നോട്ടു വെച്ചു. അതിലും എളുപ്പം തന്റെ ജീവനെടുക്കലാണെന്ന പയാംഗിന്റെ മറുപടിക്ക് മുമ്പിൽ നാട്ടുകാർ മുട്ടുമടക്കി. 1979ൽ ആരംഭിച്ച വനത്തെക്കുറിച്ച് അധികൃതർ അറിയുന്നത് 2008 ലാണ്. നാട്ടിലിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയ കാട്ടാനക്കൂട്ടത്തെ പിൻതുടർന്ന അധികൃതർ നാട്ടിൽ രൂപപ്പെട്ട കൊടും കാട് കണ്ട് അത്ഭുതപ്പെട്ടു. തുടർന്ന് നിരവധി ആദരവുകൾ ജാദവ് പയാംഗിനെ തേടിയെത്തി. 2015ൽ രാജ്യം പത്മശ്രീ നൽകി പയാംഗിനെ ആദരിച്ചു. 2012ൽ അസാം അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. ഡൽഹി ജവഹർലാൽ യൂനിവേഴ്സിറ്റി നടത്തിയ ആദരിക്കൽ ചടങ്ങിൽ മുൻ രാഷ്ട്രപതി അബ്ദുൽ കലാം പയാംഗിനെ ഫോറസ്റ്റ് മാൻ എന്നു വിശേഷിപ്പിച്ചു . പിന്നീട് ഈ വിശേഷണം പയാംഗിന്റെ പേരായിമാറി. കാട് വളർത്തിയ ഈ മനുഷ്യനെ കുറിച്ച് വിവിധ ഭാഷകളിൽ ഡോക്യുമെന്ററികൾ പുറത്തിറങ്ങി. പയാംഗിന്റെ ജീവിതം വരച്ചുകാട്ടുന്ന കുട്ടികൾക്കുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 2013ൽ വില്യംഡെഗ്ലസ് മക് മാസ്റ്റർ എന്ന അമേരിക്കക്കാരൻ പയാംഗിന്റെ ജീവിതകഥയെ അവലംബിച്ചെടുത്ത ദി ഫോറസ്റ്റ്മാൻ എന്ന ഡോക്യുമെന്ററി രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി. 2014 ലെ കാൻ ചലച്ചിത്ര ഫെസ്റ്റിൽ പ്രസ്തുത ഡോക്യുമെന്ററി പുരസ്കാരം കരസ്ഥമാക്കി.

Latest