Connect with us

Articles

സുതാര്യ ജനാധിപത്യത്തിന്

ജനാധിപത്യ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെടുന്നുണ്ട് എന്നത് അവിതര്‍ക്കിതമാണ്. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്ന നീതി സങ്കല്‍പ്പം പോലെ സന്ദേഹരഹിതമാകണം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ.

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടനയുടെ 324(1) അനുഛേദ പ്രകാരം പാര്‍ലിമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതൊരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാസ്തിത്വമുള്ളതും അതിന്റെ മൂല്യങ്ങളെ പ്രകാശിപ്പിക്കാന്‍ അനിവാര്യമായതുമായ സ്ഥാപനം. രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ സുതാര്യവും ജനാധിപത്യത്തെ ശരിയായി അടയാളപ്പെടുത്തുന്നതുമാണെന്ന് ഉറപ്പുവരുത്തേണ്ട വലിയ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പക്ഷപാതിത്വമുണ്ടെന്ന് ആക്ഷേപമുയര്‍ന്നാല്‍ അത് കൃത്യമായി പരിശോധിച്ച് മറുപടി നല്‍കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സന്ദേഹങ്ങളും പരാതികളും ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പഴയത് പോലെ നിലനില്‍ക്കുന്നുണ്ട് എന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഗൗരവതരമാണ്. ഒടുവില്‍ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ വി എം കടത്തിയെന്നത് മാത്രമല്ല ഉയര്‍ന്ന ആക്ഷേപം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തന സുതാര്യത വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. 2020ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ വി എം പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെട്ട അതേ നിലയിലാണ് ഇപ്പോഴും ചോദ്യങ്ങളുയരുന്നത്. അങ്ങനെയിരിക്കെ ഇ വി എം സമഗ്രവും സുതാര്യവുമാണെന്ന് തെളിയിക്കേണ്ട ഭരണഘടനാപരമായ ബാധ്യത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.

ഇ വി എം ഹാക്കിംഗ് സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചയെ ഒരു ക്ലീഷേ വിവാദമാക്കി ചുരുക്കിക്കെട്ടാന്‍ നിര്‍വാഹമില്ല തന്നെ. ജനാധിപത്യ സംവിധാനത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയില്‍ ഒരാള്‍ക്ക് പോലുമുണ്ടാകുന്ന സന്ദേഹം ജനാധിപത്യത്തെ അപൂര്‍ണമാക്കുന്നു. പോള്‍ ചെയ്യുന്ന വോട്ടുകള്‍ ഇലക്ട്രോണിക് സ്റ്റോറേജ് മീഡിയത്തില്‍ ശേഖരിച്ച് തിരഞ്ഞെടുപ്പാനന്തരം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തന്നെ വോട്ടുകളെണ്ണുകയാണല്ലോ ചെയ്യുന്നത്. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടെണ്ണം വോട്ടിംഗ് മെഷീന്‍ കാണിക്കുന്നു. മെഷീനുമായി ബന്ധിപ്പിച്ച പ്രിന്റര്‍ വഴി ഫലം പുറത്തുവിടുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സമഗ്രത അറിയാനോ കണക്കാക്കാനോ രാജ്യത്തെ പൗരന്മാര്‍ക്കും നീതിന്യായ സംവിധാനത്തിനും കഴിയില്ല എന്നതാണ് ഇ വി എമ്മിനെ എപ്പോഴും സംശയനിഴലില്‍ നിര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളിലേക്ക് ചര്‍ച്ചകളെത്തുന്നതും അതിനാലാണ്. നമ്മുടെ രാജ്യം തിരഞ്ഞെടുപ്പുകള്‍ക്ക് ഇ വി എം പ്രയോജനപ്പെടുത്തുന്നതിന് മുമ്പ് തന്നെ അത് ഉപയോഗിക്കുകയും ആധുനിക സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇ വി എം പാതിവഴിയില്‍ ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകാന്‍ നിദാനമായതും സോഫ്്റ്റ്്വെയര്‍ ഹാക്കിംഗ് സാധ്യതകള്‍ തന്നെയാണ്. ജര്‍മനിയില്‍ അത് സംബന്ധമായ ശ്രദ്ധേയമായ ഒരു നിയമ വ്യവഹാരവുമുണ്ട്.

തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിന് അവസരമൊരുക്കുന്നതിനായി 2009ല്‍ ജര്‍മനിയില്‍ ഫെഡറല്‍ വോട്ടിംഗ് മെഷീന്‍ ഓര്‍ഡിനന്‍സ് പാസ്സാക്കുകയുണ്ടായി. പ്രസ്തുത ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. വിചാരണക്കൊടുവില്‍, ഇ വി എം ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രസ്താവിച്ച ഭരണഘടനാ കോടതിയുടെ കണ്ടെത്തല്‍ കൃത്യമായിരുന്നു. വോട്ടിംഗ് മെഷീനുകളുടെ ഭരണഘടനാപരത കോടതി അതിസൂക്ഷ്മമായി പരിശോധിച്ചു. ജനാധിപത്യ ജര്‍മനിയിലെ തിരഞ്ഞെടുപ്പുകള്‍ പൊതു സ്വഭാവമുള്ളതാകണം. അത് പൊതുജന വിശ്വാസം വര്‍ധിപ്പിക്കും. സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ തന്നെ വോട്ടിംഗും തിരഞ്ഞെടുപ്പ് ഫലവും പരിശോധിക്കാനാകുമ്പോള്‍ അത് ഭരണഘടന മുന്നോട്ടുവെക്കുന്ന ഗുണനിലവാരത്തിലേക്കുയരുമെന്ന് കോടതി വിലയിരുത്തി. ജര്‍മന്‍ ഭരണഘടനയുടെ വെളിച്ചത്തിലുള്ള വിധിയാണെങ്കില്‍ പോലും ജനാധിപത്യ ക്രമത്തിലുണ്ടാകേണ്ട സുതാര്യവും പക്ഷപാതിത്വമില്ലാത്തതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെയാണ് ആ വിധി ഊന്നിപ്പറയുന്നത്.

ഇ വി എമ്മുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടായ പ്രധാന നിയമ വ്യവഹാരങ്ങളിലൊന്ന് 2013ലെ സുബ്രഹ്്മണ്യം സ്വാമി കേസാണ്. പക്ഷേ, അതില്‍ വി വി പാറ്റായിരുന്നു സംവാദ ബിന്ദു. അതോടെ ഇ വി എം സുതാര്യതയുമായി ബന്ധപ്പെട്ട ആലോചനകളില്‍ പലതും വി വി പാറ്റിന്റെ പരിശോധനയിലേക്കൊതുങ്ങുന്നതാണ് കണ്ടത്. 2019ല്‍ വി വി പാറ്റ് പരിശോധന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ 50 ശതമാനത്തിലെങ്കിലും നടത്തണമെന്നാവശ്യപ്പെട്ട് ടി ഡി പി മേധാവി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള 21 പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പരമോന്നത നീതിപീഠം വിശദീകരണം തേടി. വി വി പാറ്റ് പരിശോധനയുടെ ഉദ്ദേശ്യ ലബ്ധിക്ക് ന്യായമായും വേണ്ട സാമ്പിളുകളുടെ എണ്ണം കണക്കാക്കാന്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് (ഐ എസ് ഐ) നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത 479 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വി വി പാറ്റ് പരിശോധിച്ചാല്‍ 99 ശതമാനം കൃത്യത തിരഞ്ഞെടുപ്പ് ഫലം തരുമെന്ന് ഐ എസ് ഐയെ ഉദ്ധരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇരുപത്തിരണ്ട് ലക്ഷത്തി മുപ്പതിനായിരം ബാലറ്റ് യൂനിറ്റുകളുടെ സൂക്ഷ്മ ശതമാനം മാത്രമാണ് മേല്‍ പ്രസ്താവിത കണക്ക്. അതിലെ യുക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും വലിയ ശ്രദ്ധ നേടിയില്ല. പിന്നീട് തുടര്‍ച്ചയായ നീതിപീഠ ഇടപെടലില്‍ ഒരു പാര്‍ലിമെന്റ് മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും കുറഞ്ഞത് അഞ്ച് ഇ വി എമ്മുകളുടെ വി വി പാറ്റ് പരിശോധിക്കുന്നതിലേക്ക് കാര്യമെത്തിയെങ്കിലും അതും തുലോം കുറവായിരുന്നു. ഇങ്ങനെ അളന്നും തൂക്കമൊപ്പിച്ചും മാത്രം ഉറപ്പുവരുത്തേണ്ടതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍ണയിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളുടെ സുതാര്യത എന്ന് പലരും കരുതുന്നുണ്ടാകണം.

ഇ വി എം ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ച ഒരു ഘട്ടവും രാജ്യത്ത് കടന്നുപോയിരുന്നു. ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ മുന്‍ സാങ്കേതിക ഉപദേശകനും പ്രസിദ്ധ ടെക്നോക്രാറ്റുമായ ഹരിപ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചലഞ്ച് ഏറ്റെടുത്തെങ്കിലും കമ്മീഷന്‍ പരീക്ഷണത്തിന് ഇ വി എം അനുവദിച്ചില്ല. തുടര്‍ന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസ്സില്‍ നിന്ന് ഇ വി എം സ്വീകരിച്ച അദ്ദേഹം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാണിക്കുന്ന ഡിസ്പ്ലേ യൂനിറ്റ് ആദ്യം തെളിവ് സഹിതം ഹാക്ക് ചെയ്ത് കാണിച്ചു. തുടര്‍ന്ന് മെമ്മറി ഹാക്ക് ചെയ്തും കാണിച്ചു. അതുവഴി ഓരോ വോട്ടിംഗ് മെഷീനിലും വിവിധ ചിഹ്നങ്ങളില്‍ പോള്‍ ചെയ്ത വോട്ടില്‍ കൃത്രിമം നടത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചെന്നാരോപിച്ച് അദ്ദേഹത്തെ പൊടുന്നന്നെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ജനാധിപത്യ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെടുന്നുണ്ട് എന്നത് അവിതര്‍ക്കിതമാണ്. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്ന നീതി സങ്കല്‍പ്പം പോലെ സന്ദേഹരഹിതമാകണം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ. രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ചുമതല ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും ഇ വി എം നിര്‍മാണവും അതിന്റെ സമ്പൂര്‍ണ നിയന്ത്രണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനല്ല എന്ന വസ്തുത കൂടി പരിഗണനക്കെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സുതാര്യവുമാകാന്‍ ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിവരും.

 

---- facebook comment plugin here -----

Latest