Connect with us

Kerala

ഭക്ഷ്യവിഷബാധ; കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതിനിടെ, ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികളുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുവത്തൂരിലെ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭക്ഷ്യവിഷബാധയേറ്റ് 14 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.