Connect with us

National

അസമില്‍ വെള്ളപ്പൊക്കം: 222 ഗ്രാമങ്ങളെ ബാധിച്ചു

ഇതുവരെ മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

നാഗോണ്‍ | ഇന്ന് പെയ്ത കനത്ത മഴയില്‍ അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. കോപ്പിലി നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനിടിയിലായി. കോപ്പിലി നദയിലെ ജലനിരപ്പ് അപകട മേഖലക്കും മുകളിലായി ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. ഇതേ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും,വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെയില്‍, റോഡ്,വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. അസമിലെ ഈ വര്‍ഷത്തെ ആദ്യ വെള്ളപ്പൊക്കമാണിത്.

നാഗോണ്‍ ജില്ലയില്‍ കുടുങ്ങിയ 80 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് മെട്രോപൊളിറ്റന്‍, നല്‍ബാരി എന്നീ ഏഴ് ജില്ലകളിലെ 222 ഗ്രാമങ്ങളിലായി 56,669 പേരെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

അതേസമയം, കനത്ത മഴയില്‍ ട്രെയിനില്‍ കുടുങ്ങിയ 119 യാത്രക്കാരെ ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി. സില്‍ചാര്‍-ഗുവാഹത്തി എക്‌സപ്രസ്സിലെ യാത്രക്കാരെയാണ് രക്ഷപ്പെടുത്തിയത്. മഴയില്‍ ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങി കിടക്കുകയായിരുന്നു.