Connect with us

Ongoing News

ആദ്യ വെള്ളിയാഴ്ച പ്രവൃത്തി ദിവസം: ചികിത്സയില്‍ കഴിയുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുമിച്ചു ജുമുഅ പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യമൊരുക്കി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി

ആശുപത്രി മുറികളില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിരുന്നു.

Published

|

Last Updated

അബുദബി | യുഎഇയിലെ വാരാന്ത്യമാറ്റ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആദ്യ പ്രവര്‍ത്തിദിനമായ വെള്ളിയാഴ്ച അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നടന്നത് പ്രത്യേക ജുമുഅ പ്രാര്‍ത്ഥന. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുമിച്ചു വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് അവസരം ഒരുക്കിയാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി അനുകരണീയ മാതൃക തീര്‍ത്തത്.

ദീര്‍ഘകാല പരിചരണത്തിനായി ആശുപത്രിയില്‍ തുടരുന്ന രോഗികള്‍ക്കൊപ്പം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവരടക്കം എഴുപതിലേറെപ്പേരാണ് ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റിന്റെ (ഔഖാഫ്) പിന്തുണയോടെയാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ആശുപത്രിയിലെ ജുമുഅ നമസ്‌കാരത്തിന് ഔഖാഫിലെ ഇമാം നേതൃത്വം നല്‍കി.

ആശുപത്രി മുറികളില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിരുന്നു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ നടുത്തളത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുകള്‍ നിലകളില്‍ സജ്ജീകരിച്ച പ്രത്യേക ഇടങ്ങളില്‍ നിന്നാണ് വീല്‍ചെയറുകളിലും കിടക്കയിലും കഴിയുന്ന രോഗികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. സാമൂഹിക അകലവും മറ്റ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചാണ് മുഴുവന്‍ ക്രമീകരണങ്ങളും നടത്തിയത്.

പുതിയ വാരാന്ത്യത്തോട് അനുബന്ധന്ധിച്ചാണ് പ്രാര്‍ത്ഥന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സിഇഒ ഡോ. സാദിര്‍ അല്‍ റാവി പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഈ പ്രത്യേക ക്രമീകരണം വരും ആഴ്ചകളിലും തുടരും. ക്രമേണ, ഇത് സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്പെടുന്ന സ്ഥിരം സംവിധാനമായി മാറ്റാനാണ് പദ്ധതി.

ആശുപത്രിയിലെ പുതിയ ക്രമീകരണത്തിന് രോഗികളും അവരുടെ കുടുംബാംഗങ്ങളും അധികൃതരോട് നന്ദി പറഞ്ഞു. ”പുതിയ വാരാന്ത്യമാറ്റമാണ് ഈ അവസരം ലഭിക്കാന്‍ കാരണമായത്. സാധാരണ, ദീര്‍ഘകാല പരിചരണം ആവശ്യമുള്ള കിടപ്പു രോഗികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിയാറില്ല. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ പ്രത്യേക ക്രമീകരണം ഇതിന് അവസരമൊരുക്കിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ആശുപത്രിയിലെ ദീര്‍ഘകാല ചികിത്സാ വിഭാഗമായ ‘ബുര്‍ജീല്‍ ദരകില്‍’ കഴിയുന്ന അബ്ദുള്‍ റഹീം അവദ് എല്‍കരീം മുസ്തഫ മുഹമ്മദ് പറഞ്ഞു.