Connect with us

Ongoing News

പോരാട്ടം വിഫലം; ഹൈദരാബാദിനോട് കീഴടങ്ങി ബ്ലാസ്‌റ്റേഴ്‌സ്

Published

|

Last Updated

ബംബോലിം | പൊരുതി കളിച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടും പരാജയം രുചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ് സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ വിജയത്തോടെ ഹൈദരാബാദ് സെമി ഫൈനല്‍ ഉറപ്പാക്കി. ബര്‍തലോമ്യു ഒഗ്ബച്ചെ, സേവിയര്‍ സിവേരിയോ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. വിന്‍സി ബരേറ്റോ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു.

കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെങ്കില്‍ ജയിക്കേണ്ടത് ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു. പോസ്റ്റിലേക്ക് പല തവണ കിടിലന്‍ ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും നിര്‍ഭാഗ്യം കൊണ്ടു മാത്രം അവയെല്ലാം പുറത്തേക്കു പോയി. മറുഭാഗത്താണെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഹൈദരാബാദ് വിജയിച്ചു.

കളിയുടെ 28ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഹൈദരാബാദിന്റെ ആദ്യ ഗോള്‍ പിറന്നത്. രോഹിത് ധനു പെനാള്‍ട്ടി ബോക്‌സില്‍ കടന്ന് ഹെഡ്ഢറിലൂടെ നല്‍കിയ പാസ് ഒഗ്ബച്ചെ പോസ്റ്റിലേക്ക് കണക്ട് ചെയ്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ സിങ് ഗില്‍ തീര്‍ത്തും നിസ്സഹായനായി. ഒഗ്ബച്ചെ ഈ സീസണില്‍ നേടുന്ന 17ാമത്തെ ഗോളായിരുന്നു ഇത്. 87ാം മിനുട്ടിലായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോള്‍. പകരക്കാരനായി വന്ന നിഖില്‍ പുജാരി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ തലവച്ചാണ് മറ്റൊരു സബായ ജാവിയേര്‍ സിവേരിയോ ഗോള്‍ കണ്ടെത്തിയത്. ടൂര്‍ണമെന്റില്‍ സിവേരിയോയുടെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഇതില്‍ നാലും സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയാണ് സിവേര സ്‌കോര്‍ ചെയ്തത്. പന്ത് ഹൈദരാബാദ് വലയില്‍ ഒരു തവണയെങ്കിലും എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് അധിക സമയത്തിന്റെ അഞ്ചാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ബോക്‌സിനു പുറത്ത് നിന്ന് വിന്‍സി ബരേറ്റോ തൊടുത്ത ശക്തമായ ഇടങ്കാലനടി പ്രതിരോധിക്കാന്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ക്കായില്ല.

ഹൈദരാബാദിന്റെ പത്താമത്തെ വിജയമാണ് ഇന്നത്തേത്. 18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റ് സ്വന്തമാക്കിയ ടീം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. 17 കളികളില്‍ നിന്ന് 27 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഇതുവരെ ഏഴ് വിജയവും ആറ് സമനിലയും നാല് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാനാകൂ.

---- facebook comment plugin here -----

Latest