Connect with us

Story

മാഞ്ഞുപോയത്

Published

|

Last Updated

കണ്ടാലും കണ്ടാലും കൊതി തീരാത്ത കടൽ. കടൽക്കരയിൽ ഒരു കൂര കെട്ടി കൂടണമെന്ന് മോഹിച്ച പകലുകളും കിനാവു കണ്ട നിലാവുള്ള രാത്രികളും അന്നേരം അയാൾ ഓർത്തു.
സാന്ത്വനത്തിന്റെ നനുത്ത തലോടലുകളിൽ മയങ്ങിക്കിടന്ന മണൽപ്പരപ്പിലൂടെ നടന്നപ്പോൾ വെയിൽ ചാഞ്ഞുതുടങ്ങുകയും ആൾക്കൂട്ടങ്ങൾ നിറയുകയുമായി. അവരിൽ നിന്നെല്ലാം അകന്ന് ഒരിടത്ത് ഒറ്റക്കിരുന്നു.
പട്ടം പറത്തുന്ന കുട്ടികളിലായി ശ്രദ്ധ. പുതിയ നിറങ്ങളോരൊന്നും പുറത്തേക്കെടുത്ത് കുട്ടികളെ ആകർഷിക്കുകയാണ് പട്ടം വിൽക്കുന്ന പയ്യൻ.
കുളിച്ചാർക്കുന്ന കുട്ടികളെ ശാസിച്ച് അമ്മമാർ വശം കെടുന്നു. കച്ചവടം പൊടിപൊടിക്കുന്നതിന്റെ ഉഷാറിലാണ് ഐസ്ക്രീം വിൽപ്പനക്കാരൻ.
ഐസ്ക്രീം നുണഞ്ഞും വറുകടല കൊറിച്ചും കമിതാക്കൾ ഇഴുകിച്ചേർന്നിരിക്കുന്നു. പറയാൻ കരുതിെവച്ചവ പറഞ്ഞ് തീർക്കണമെന്ന വാശിയിലാണ് അവരെന്ന് തോന്നുന്നു.
പോക്കുവെയിലിൽ പഞ്ചാരമണൽ തിളങ്ങി. കടൽ ശാന്തം. കടൽക്കാക്കകൾ വഴിതെറ്റിയവരെപ്പോലെ അങ്ങുമിങ്ങും പരക്കം പായുന്നു. തിരകൾ പിൻവലിയുന്നു. കര കടലിനെ വിഴുങ്ങുന്നതുപോലെ മണൽപ്പുറം വെളിവായി. കടൽ നക്കിനനച്ചിരുന്ന മണൽ വരളാൻ തുടങ്ങവേ, ആ വിസ്മയക്കാഴ്ചകൾ തെളിഞ്ഞു.
ഇഴയുന്ന ഞണ്ടുകൾ… പിടയുന്ന മീനുകൾ… എത്രയെത്ര വൈവിധ്യമാർന്ന ശംഖുകൾ…കക്കകൾ.. കടൽപ്പുറ്റുകൾ…
പട്ടം ഉപേക്ഷിച്ച് കുട്ടികൾ, വരണ്ട നിലങ്ങളിലേക്കിറങ്ങി. അവർക്ക് പിറകിൽ അച്ഛനമ്മമാരും.
കമിതാക്കൾ എന്തോ തേടാനെന്നപോലെ കടലിനു പുറകെ നടന്നു. ആൾക്കൂട്ടങ്ങളും ആ കൂട്ടത്തിലേക്ക് ഇറങ്ങിനടന്നു.
നൂലറ്റ്, ദിശതെറ്റിയ പട്ടങ്ങൾ ഉലഞ്ഞ് കടൽത്തട്ടിലേക്ക് തലകുത്തി… പൊടുന്നനെ, കുന്നോളം ഉയരത്തിലേക്കുയർന്ന് ആർത്തിരമ്പിയെത്തിയ തിരമാലകളിൽ മാഞ്ഞുപോയത് കാൽപ്പാടുകൾ മാത്രമായിരുന്നില്ല…

Latest