Connect with us

Book Review

ഭാഷാ വൈവിധ്യത്തിന്റെ ആവിഷ്‌കാരം

ഒരു ജനതയുടെ അതിജീവനത്തെ സാധ്യമാക്കിയ അറബി മലയാളഭാഷയെ യാതൊരു പരിഗണനയും നൽകാതെ, മലയാള സാഹിത്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ചരിത്രത്തിൽ ഉൾപ്പെടുത്താതെ മാറ്റിനിർത്തി, അറബി മലയാളത്തെ അത് പഴമക്കാരുടെ ഭാഷയാണെന്നും അപരിഷ്‌കൃതമാണെന്നും പൊതുമണ്ഡലം വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ഇത്തരം കൃതികൾ ചരിത്രത്തെ പൊടിതട്ടിയെടുത്ത് സമൂഹത്തിന് മുമ്പിൽ കൊണ്ടുവരിക എന്ന വലിയൊരു ധർമമാണ് ചെയ്യുന്നത്.

Published

|

Last Updated

പ്രാചീന കാലം മുതൽ കേരളത്തിലുണ്ടായ മാപ്പിളമാരുടെ മുഖ്യ ഭാഷയായിരുന്നു അറബിമലയാളം. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ബൃഹത്തായ ഗ്രന്ഥ സമ്പത്തുള്ളതുമായ ഈ ഭാഷ വൈവിധ്യം നിറഞ്ഞതാണ്. ഒരുകാലത്ത് മുസ്്ലിംകളുടെ അതിജീവനം സാധ്യമാക്കിയ ഈ സാഹിത്യ സമ്പത്ത് ഇന്ന് അപരിഷ്‌കൃതമായും പഴമക്കാരുടെ ഭാഷയായുമാണ് നവകാല സമൂഹം കാണുന്നത്. അറബി മലയാള ഭാഷാ ഭേദത്തിന്റെ ഉത്ഭവത്തെയും വളർച്ചയേയും അത് എങ്ങനെ പാർശ്വവത്കരിക്കപ്പെട്ടുവെന്നതിനെ കുറിച്ചുമുള്ള പഠന സമാഹാരമാണ് മുഹമ്മദ് ഖാസിം ഇ എഴുതിയ “അറബി മലയാള സാഹിത്യം അതിജീവനവും പാർശ്വവത്കരണവും ‘ എന്ന പുസ്തകം.

അറബി മലയാള സാഹിത്യ സമ്പത്ത് ഏതു വിധത്തിലാണ് മലയാളി മുസ്്ലിംകളുടെ അതിജീവനം സാധ്യമാക്കിയത് ? എങ്ങനെയാണ് പൊതുമണ്ഡലം സമർഥമായി ഈ വൈജ്ഞാനിക സാഹിത്യ സമ്പത്തിനെ അരികുകളിലേക്ക് മാറ്റി നിർത്തിയത്? മുസ്്ലിം സമുദായത്തിനകത്ത് നിന്നുപോലും അറബി മലയാളത്തിന് എതിരായി ഉയർന്നുവന്ന നീക്കങ്ങൾ ഏതൊക്കെ വിധത്തിലായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ ഗ്രന്ഥം.
അറബി മലയാള ഭാഷയെക്കുറിച്ചുള്ള ഈ പുസ്തകം പ്രധാനമായും അഞ്ച് അധ്യായങ്ങളായി തിരിച്ചിട്ടുണ്ട് ഗ്രന്ഥകർത്താവ്. കേരളത്തിലെ മുസ്്ലിംകളും അറബി മലയാളഭാഷയും എന്ന ഒന്നാം അധ്യായത്തിൽ ചരിത്രപരമായ അനിവാര്യതകളുടെയും വിശ്വാസപരമായ ഈടുവെപ്പുകളുടെയും പശ്ചാത്തലത്തിൽ ഉത്ഭവംകൊണ്ട അറബി മലയാളത്തിലെ രൂപപ്പെടലിനെയാണ് വിശകലനം ചെയ്യുന്നത്.

“വൈജ്ഞാനിക ഗ്രന്ഥങ്ങൾ, പത്രമാസികകൾ; അറബിമലയാളം സാധ്യമാക്കിയ അതിജീവനം ‘ എന്നതാണ് രണ്ടാം അധ്യായം. ഒരു ഭാഷാഭേദം എന്നതിലുപരി സ്വയം സമ്പൂർണമായ ഭാഷ എന്ന നിലയിലേക്ക് വളരുകയായിരുന്നു അറബിമലയാളം. മുസ്്ലിം ജനതക്കിടയിൽ അറിവും സാമൂഹിക ബോധവും രാഷ്ട്രീയ നിലപാടുകളും രൂപപ്പെടുത്തിയത് അറബിമലയാളത്തിലെ വിരചിതമായ ഗ്രന്ഥങ്ങളായിരുന്നു.

മതവും മതാനുബന്ധ കാര്യങ്ങളും സാമൂഹിക വ്യവഹാരങ്ങളും സാംസ്‌കാരിക പ്രതിരോധവും അറബി മലയാളത്തിൽ തന്നെ സാധ്യമായതിനാൽ മറ്റൊരു ഭാഷയെക്കുറിച്ച് മാപ്പിള ജനതക്ക് ചിന്തിക്കേണ്ടി വന്നില്ല. അറബിമലയാളത്തിന്റെ അതിജീവനത്തിൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കും പത്രമാസികകൾക്കും വലിയൊരു പങ്കുണ്ട്. ഇതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് രണ്ടാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്.

അറബി മലയാളത്തിന്റെ സമ്പുഷ്ടിയെ കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ടതാണ് മാപ്പിളപ്പാട്ടിന്റെ സ്വാധീനം. മുസ്്ലിം ജനതക്കിടയിൽ സർഗാത്മക സാഹിത്യം നിറഞ്ഞുനിന്നത് മാപ്പിളപ്പാട്ടുകളിലൂടെയാണ്. മാത്രമല്ല നോവൽ, കഥ പോലെയുള്ള ഗദ്യാത്മക രൂപങ്ങളിലും സാഹിത്യ മണ്ഡലം നിറഞ്ഞു നിന്നിരുന്നു. എങ്കിലും പദ്യസാഹിത്യം തന്നെയാണ് പേരിലും പെരുമയിലും മുന്നിട്ടുനിന്നിരുന്നത്. ഇതുതന്നെ മാലപ്പാട്ടുകൾ, കപ്പ പാട്ടുകൾ, പടപ്പാട്ടുകൾ, ഖിസ്സ പാട്ടുകൾ, കത്തു പാട്ടുകൾ തുടങ്ങിയ പദ്യരൂപങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഈ സാഹിത്യ സമ്പത്തിനെയും അതിലൂടെ മുസ്്ലിം ജനത സാധ്യമാക്കിയ അതിജീവനത്തെയും കുറിച്ച് പറയുന്നതാണ് “സാഹിത്യ കൃതികളിലൂടെ അറബിമലയാളം സാധ്യമാക്കിയ അതിജീവനം’ എന്ന മൂന്നാം അധ്യായം.
അറബി മലയാളവും മുസ്്ലിം സമുദായവും പരസ്പരം പൂരകമായി അതിജീവനം സാധ്യമാക്കിയെങ്കിലും പൊതുമണ്ഡലം ഈ ഭാഷയേയും ഗ്രന്ഥ സമ്പത്തിനെയും പാർശ്വവത്കരിക്കുക യായിരുന്നു. ഈ പാർശ്വവത്കരണം നടന്നത് എങ്ങനെ എന്ന് വസ്തുതകളെ മുൻനിർത്തി പ്രതിപാദിക്കുന്നതാണ് “പാർശ്വവത്കരിക്കപ്പെട്ട അറബി മലയാള ഭാഷയും സാഹിത്യവും’ എന്ന നാലാം അധ്യായം.

പഠന ഫലമായി എഴുത്തുകാരൻ കണ്ടെത്തിയ നിഗമനങ്ങളുടെ ക്രോഡീകരണമാണ് അഞ്ചാം അധ്യായമായ ഉപസംഹാരം. ഇങ്ങനെ ഈ അഞ്ച് അധ്യായങ്ങളിലായി അറബി മലയാള ഭാഷാ ഭേദത്തിന്റെ ഉത്ഭവം, വളർച്ച, പാർശ്വവത്്കരണം എന്നീ മേഖലകളെ തെളിവുകൾ നിരത്തിയും ഉദാഹരണങ്ങൾ കൊടുത്തും ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. ലളിതവും സ്പഷ്ടവുമായ ഭാഷയിൽ രചിച്ച ഈ പുസ്തകം സാധാരണക്കാർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ മനസ്സിലാക്കാൻ പറ്റുന്നതും ഉപകാരപ്പെടുന്നതുമാണ്. അഞ്ച് അധ്യായങ്ങളായി തിരിച്ചു പഠിച്ച് എഴുതി എന്നത് തന്നെ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഒരു ജനതയുടെ അതിജീവനത്തെ സാധ്യമാക്കിയ അറബി മലയാളഭാഷയെ യാതൊരു പരിഗണനയും നൽകാതെ, മലയാള സാഹിത്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ചരിത്രത്തിൽ ഉൾപ്പെടുത്താതെ മാറ്റിനിർത്തി, അറബി മലയാളത്തെ അത് പഴമക്കാരുടെ ഭാഷയാണെന്നും അപരിഷ്‌കൃതമാണെന്നും പൊതുമണ്ഡലം വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ഇത്തരം കൃതികൾ ചരിത്രത്തെ പൊടിതട്ടിയെടുത്ത് സമൂഹത്തിന് മുമ്പിൽ കൊണ്ടുവരിക എന്ന വലിയൊരു ധർമമാണ് ചെയ്യുന്നത്. ഇത്തരം ചവിട്ടിത്താഴ്ത്തപ്പെട്ട, ചരിത്ര യാഥാർഥ്യങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ സമൂഹത്തിന് സമർപ്പിക്കാൻ എഴുത്തുകാരന് ഇനിയും സാധിക്കട്ടേയെന്ന് പ്രത്യാശിക്കുന്നു. പ്രസാധകർ ഐ പി ബി. വില 70 രൂപ.

മനാസിർ പട്‌ല
mohammedmanasirmanasir@gmail.com