Connect with us

Editorial

പരീക്ഷാ ക്രമക്കേടുകള്‍ അവിടെയും ഇവിടെയും

വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട അഴിമതികളും ക്രമക്കേടുകളും നിരന്തരം നടന്നിട്ടും സംസ്ഥാനത്ത് എത്ര പേര്‍ നിയമ നടപടിക്ക് വിധേയരായി? എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു? സസ്‌പെന്‍ഷനാണ് പരമാവധി നല്‍കപ്പെടാറുള്ള ശിക്ഷ. ഗുരുതരമായ അഴിമതിയാണ് പരീക്ഷാ പേപ്പറുകളുടെ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും.

Published

|

Last Updated

കുവൈത്തില്‍ നിന്നൊരു വാര്‍ത്ത. ഹൈസ്‌കൂള്‍ ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസില്‍ അവിടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ 14 ജീവനക്കാരെ ജയിലിലടക്കാന്‍ ഉത്തരവിട്ടിരിക്കുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. പ്രതികളില്‍ നിന്ന് വരവില്‍ കവിഞ്ഞ പണം അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. നാല് വനിതകളും ഉള്‍പ്പെടും ശിക്ഷിക്കപ്പെട്ടവരില്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച മറ്റൊരു കേസില്‍ പിടിയിലായ അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേരുടെ കസ്റ്റഡി തുടരാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയതായും കുവൈത്ത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും കുറവാണ്. അതേസമയം അതൊരു പതിവു സംഭവമാണ് നമ്മുടെ രാജ്യത്ത്. ഹൈസ്‌കൂള്‍ പരീക്ഷ, ഡിഗ്രി പരീക്ഷ, പി എസ് സി പരീക്ഷ തുടങ്ങി എല്ലാ പരീക്ഷകളിലും തിരിമറിയും ചോദ്യ പേപ്പര്‍ ചോര്‍ച്ചയും നടക്കുന്നു. എന്നിട്ടെത്ര പേര്‍ ഇവിടെ ശിക്ഷിക്കപ്പെട്ടു? മൂന്നാഴ്ച മുമ്പാണ് രാജസ്ഥാനില്‍ അധ്യാപക നിയമന പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത്. പരീക്ഷാര്‍ഥികളുമായി എത്തുന്ന ബസില്‍ ചോദ്യ പേപ്പറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയത്. ജോധ്പൂര്‍ സ്വദേശിയായ ഒരു ഉദ്യോഗസ്ഥനാണ് ഈ അഴിമതിക്ക് നേതൃത്വം നല്‍കിയത്. ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും ഇയാള്‍ അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപ വരെ കൈപ്പറ്റിയിട്ടുണ്ട്. ഇതിനു മുമ്പ് എട്ട് തവണ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുണ്ട് രാജസ്ഥാനില്‍. 2021ല്‍ ഉത്തര്‍ പ്രദേശില്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യ പേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ചോര്‍ന്നിരുന്നു. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (യു പി ടി ഇ ടി) ചോദ്യ പേപ്പറാണ് ചോര്‍ന്നത്.

കേരളത്തിലും നടന്നു പി എസ് സി പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ച. 2003ലെ എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആര്‍പ്പൂക്കര, കുമരകം, ചെങ്ങളം, മണിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തേ കിട്ടിയതായി പരാതി ഉയര്‍ന്നു. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും പോലീസ് അധികൃതര്‍ക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍തല റിക്രൂട്ടിംഗ് ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്ത സംഭവമായിരുന്നു ഇത്. എന്നിട്ടും ആരോപണ വിധേയരായ അഞ്ച് പേര്‍ക്ക് പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. അതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് ഇതുസംബന്ധിച്ച് തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. കേരളത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തിയ സഹകരണ ബേങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നിരുന്നു.

എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ സംസ്ഥാനത്ത് പലതവണ ചോര്‍ന്നിട്ടുണ്ട്. 2017ലെ എസ് എസ് എല്‍ സി പരീക്ഷക്ക് ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ ഒരു അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ അതേപോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കുകയായിരുന്നു. 2016ല്‍ എസ് എസ് എല്‍ സി- ഐ ടി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. മാതമംഗലം സ്‌കൂളില്‍ ഐ ടി പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ പാസ്്വേർഡ് ഉപയോഗിച്ച് പെന്‍ഡ്രൈവില്‍ നിന്ന് ചോദ്യപേപ്പര്‍ പകര്‍ത്തുകയായിരുന്നു. ഇത് സ്വന്തം സ്‌കൂളിലെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുകയും അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് 2005ലെ എസ് എസ് എല്‍ സി ചോദ്യക്കടലാസ് ചോര്‍ച്ച. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയതും മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്കു വേണ്ടി വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇടപെടലുമെല്ലാം ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ ഇതര സംസ്ഥാന സര്‍വകലാശാലകളുടെ ചോദ്യ പേപ്പറുകള്‍ അതേപടി പകര്‍ത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നു.

വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട അഴിമതികളും ക്രമക്കേടുകളും നിരന്തരം നടന്നിട്ടും സംസ്ഥാനത്ത് എത്ര പേര്‍ നിയമ നടപടിക്ക് വിധേയരായി? എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു? സസ്‌പെന്‍ഷനാണ് പരമാവധി നല്‍കപ്പെടാറുള്ള ശിക്ഷ. ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്യും. ഗുരുതരമായ അഴിമതിയാണ് പരീക്ഷാ പേപ്പറുകളുടെ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും. ഇത് രാജ്യത്തെ പഠന നിലവാരത്തെക്കുറിച്ച് പുറംനാടുകളില്‍ അപകീര്‍ത്തിക്ക് ഇടയാക്കും. കേരളീയ വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണത ഇന്ന് വര്‍ധിച്ചിട്ടുണ്ട്. പല നല്ല കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നതും പതിവാണ്. നമ്മുടെ സര്‍വകലാശാലകളില്‍ കോഴ്‌സുകള്‍ ഇല്ലാത്തതുകൊണ്ടല്ല, നിലവാരത്തകര്‍ച്ചയാണ് കാരണം.

ഇത് പരിഹരിക്കപ്പെടണം. നടത്തിപ്പില്‍ സംഭവിക്കുന്ന വീഴ്ചകളും ക്രമക്കേടുകളും ഇല്ലാതാക്കി പരീക്ഷകള്‍ കുറ്റമറ്റതാക്കുകയാണ് വഴി. അര്‍ഹതയില്ലാതെ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന രീതിയും ഒഴിവാക്കേണ്ടതാണ്. ഡോ. സി ടി അരവിന്ദ കുമാറിന്റെ നേതൃത്വത്തിലുള്ള പരീക്ഷാ പരിഷ്‌കരണ സമിതി റിപോര്‍ട്ടില്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേട് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ, അധ്യാപക സംഘടനാ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ വഴങ്ങരുത്.

Latest