Connect with us

Editorial

അഴിമതി നിര്‍മാര്‍ജനം; വഞ്ചി തിരുനക്കര തന്നെ

ശിക്ഷ കര്‍ക്കശമാക്കുകയും അഴിമതിക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ സാധ്യമല്ലാതാകുകയും ചെയ്താല്‍ അഴിമതിയെ ലഘുവത്കരിക്കുന്ന ഉദ്യോഗസ്ഥ മനോഭാവത്തിന് മാറ്റം വരും. പിരിച്ചുവിടല്‍ നടപടിക്ക് നിയമ പ്രാബല്യം നല്‍കുന്നതിനായി അതിന്റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് റവന്യൂ വകുപ്പ്. സ്വാഗതാര്‍ഹമാണ് ഈ നീക്കം.

Published

|

Last Updated

അഴിമതി തുടച്ചു നീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയത്. അഴിമതിയുടെ കറ പുരളാത്ത, നിലപാടുകളുടെ കാര്യത്തില്‍ കാര്‍ക്കശ്യക്കാരനായ പിണറായിയുടെ ഭരണത്തില്‍ അഴിമതിക്കാര്‍ക്ക് രക്ഷയുണ്ടാകില്ലെന്ന ധാരണയും സമൂഹത്തിനുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്ക് ഇപ്പോഴും യാതൊരു കുറവുമില്ലെന്നാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വിജിലന്‍സിന്റെ പിടിയിലായ ജീവനക്കാരുടെ എണ്ണവും കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്തിന്റെ പരിസരത്ത് വെച്ച് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സംഭവവും വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതു പോലെ സര്‍ക്കാറിനും നാടിനും ദുഷ്‌പേരുണ്ടാക്കുന്നതാണ് മണ്ണാര്‍ക്കാട് സംഭവം.

തഹസില്‍ദാര്‍ മുതല്‍ സ്വീപ്പര്‍ വരെയുള്ള നാല്‍പ്പതോളം ഉദ്യോഗസ്ഥരാണ് ഈ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്കേസില്‍ പിടിയിലായത്. പണം മാത്രമല്ല, കൈക്കൂലിയായി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വരെ സ്വീകരിക്കുന്നുണ്ട് ഉദ്യോഗസ്ഥരെന്നാണ് മണ്ണാര്‍ക്കാട്ട് പിടിയിലായ സുരേഷ് കുമാര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത വസ്തുക്കള്‍ ബോധ്യപ്പെടുത്തുന്നത്. 10 ലിറ്റര്‍ തേന്‍, 20 കിലോയോളം കുടംപുളി, 150ഓളം പേനകള്‍, പുതിയ ഷര്‍ട്ടുകള്‍, കിടക്ക വിരികള്‍ എന്നിവയെല്ലാമുണ്ടായിരുന്നു പിടിച്ചെടുത്ത സാധനങ്ങളുടെ ഗണത്തില്‍. ലക്ഷങ്ങളാണ് ചില കേസുകളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത്. 2021 നവംബറില്‍ പട്ടയത്തിന് അപേക്ഷിച്ച കാസര്‍കോട് ചീമേനി സ്വദേശിനി നിഷയോട് ഒന്നര ലക്ഷം രൂപയാണ് ചീമേനി വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാര്‍ ചോദിച്ചത്. വില പേശിയപ്പോള്‍ 25,000 രൂപയെങ്കിലും വേണമെന്നായി. പണമില്ലെന്ന് പറഞ്ഞപ്പോള്‍ താലിമാല വിറ്റ് പണമുണ്ടാക്കിക്കൂടെയെന്നായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ ചോദ്യം. അത്ര ക്രൂരവും മനുഷ്യത്വരഹിതവുമാണ് ജീവനക്കാരില്‍ ചിലരുടെ സമീപനം.

നിലം പുരയിടമാക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോള്‍ റവന്യൂ വകുപ്പില്‍. ഭൂമി തരം മാറ്റിക്കിട്ടണമെങ്കില്‍ റവന്യൂ, കൃഷി വകുപ്പുകളുടെ പരിശോധനാ റിപോര്‍ട്ട് വേണം. ഇത് നല്ലൊരു അവസരമായി ഉപയോഗപ്പെടുത്തുകയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പുത്തന്‍വേലിക്കര കൃഷി അസ്സിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായത് ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു. ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിട്ടും ഭൂമി തരംമാറ്റിക്കിട്ടാത്ത മാനസിക വിഷമത്താലായിരുന്നു പറവൂര്‍ മാല്യങ്കര സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരുടെ മോശം മനോഭാവത്തെയും രൂക്ഷമായി വിമര്‍ശിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവെക്കുകയും ചെയ്തിരുന്നു സജീവന്‍.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമുണ്ട് അഴിമതിയെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിലും റവന്യൂ വകുപ്പിലുമാണ് കൂടുതല്‍. റവന്യൂ വകുപ്പിന് സ്വന്തമായി വിജിലന്‍സ് വിഭാഗമുണ്ട്. അവര്‍ ഇടക്കിടെ മിന്നല്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും അഴിമതിക്ക് കുറവില്ല. റവന്യൂ വിജിലന്‍സിന്റെ പരിശോധനയും നടപടികളും അത്ര കാര്യക്ഷമമല്ലെന്നാണ് പറയപ്പെടുന്നത്. വിജിലന്‍സിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ പല ഉദ്യോഗസ്ഥരും ഗൂഗിള്‍ പേ വഴിയും ഇടനിലക്കാര്‍ മുഖേനയുമാണ് കൈക്കൂലി സ്വീകരിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഗണ്യഭാഗവും. ഇത്തരക്കാരെ കൂടി സംശയത്തിന്റെ മുനയിലാക്കുകയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍. വിജിലന്‍സ് റിപോര്‍ട്ടിലേതിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ഉദ്യോഗസ്ഥ കൈക്കൂലിയുടെയും അഴിമതിയുടെയും യഥാര്‍ഥ കണക്ക്. റവന്യൂ വകുപ്പിലെ പല സേവനങ്ങള്‍ക്കും ഇ-സര്‍വീസസ് പോര്‍ട്ടല്‍ സജ്ജമാണെങ്കിലും ഇതറിയാതെ അപേക്ഷകര്‍ പലപ്പോഴും വില്ലേജ് ഓഫീസുകളിലെത്തുന്നു. ഇ-സര്‍വീസസ് പോര്‍ട്ടലുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സര്‍ക്കാര്‍ ഇ-സാക്ഷരതാ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല.

മണ്ണാര്‍ക്കാട് വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് പിടിയിലായ സാഹചര്യത്തില്‍ റവന്യൂ വകുപ്പിനെ ശുദ്ധീകരിക്കുന്നതിന് ചില നടപടികള്‍ പ്രഖ്യാപിക്കുകയുണ്ടായി വകുപ്പ് മന്ത്രി കെ രാജന്‍. അഴിമതിക്കേസില്‍ പ്രതികളാകുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമാണ് ഇതില്‍ ശ്രദ്ധേയം. സസ്പെന്‍ഷനാണ് നിലവില്‍ ഇത്തരം കേസുകളില്‍ നല്‍കുന്ന പ്രാഥമിക ശിക്ഷ. സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന്റെ നിശ്ചിത ശതമാനവും സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം സര്‍വീസില്‍ പ്രവേശിക്കുന്നതോടെ കുടിശ്ശിക ശമ്പളം പൂര്‍ണമായും ലഭിക്കുന്നതിനാല്‍ ഇതത്ര വലിയൊരു ശിക്ഷയായി കാണുന്നില്ല ജീവനക്കാര്‍. ശിക്ഷ കര്‍ക്കശമാക്കുകയും അഴിമതിക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ സാധ്യമല്ലാതാകുകയും ചെയ്താല്‍ അഴിമതിയെ ലഘുവത്കരിക്കുന്ന ഉദ്യോഗസ്ഥ മനോഭാവത്തിന് മാറ്റം വരും. പിരിച്ചുവിടല്‍ നടപടിക്ക് നിയമ പ്രാബല്യം നല്‍കുന്നതിനായി അതിന്റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് റവന്യൂ വകുപ്പ്. സ്വാഗതാര്‍ഹമാണ് ഈ നീക്കം. റവന്യൂ വകുപ്പിലെ അഴിമതി വിജിലന്‍സിനെ അറിയിക്കാന്‍ പ്രത്യേക പോര്‍ട്ടലും ടോള്‍ഫ്രീ നമ്പറും, റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറും റവന്യൂ സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘത്തിന്റെ മാസാന്ത പരിശോധന തുടങ്ങിയ നടപടികളും അഴിമതിവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറയുന്നു. പ്രമാദമായ അഴിമതിക്കേസുകളുണ്ടാകുമ്പോള്‍ ഇത്തരം പ്രഖ്യാപനം മുമ്പും ഉണ്ടായിട്ടുണ്ട്. അവയെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. അങ്ങനെയാകാതിരിക്കട്ടെ മന്ത്രി കെ രാജന്റെ മേല്‍ പ്രഖ്യാപനം.

 

Latest