Connect with us

brahmapuram fire

കൊച്ചി വിഷപ്പുകയിൽ മൂടിയിട്ട് എട്ട് ദിവസം; പുകശല്യം ശമിപ്പിക്കാൻ തീവ്രശ്രമം

കൊച്ചി നഗരത്തില്‍ പലയിടങ്ങളിലായി മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തിത്തുടങ്ങിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും ഉയർന്ന് കൊച്ചി നഗരം വിഷമയമായിട്ട് ഇന്ന് എട്ടാം ദിനം. പുക പൂര്‍ണമായി ശമിപ്പിക്കുന്നതിനുള്ള ഊര്‍ജിതശ്രമം ഇന്നും തുടരും. തീയണക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി ഇന്നലെ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജില്ലയില്‍ നിന്നും പുറത്തു നിന്നും കഴിയാവുന്നത്ര മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്ത് ബ്രഹ്മപുരത്തെത്തിക്കാനായിരുന്നു ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ആകെ 31 മണ്ണുമാന്തി യന്ത്രങ്ങളാണ് ഇപ്പോള്‍ തീയണക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 28 മണ്ണുമാന്തി യന്ത്രങ്ങളും കോട്ടയം ജില്ലയില്‍ നിന്ന് രണ്ടും തൃശൂരില്‍ നിന്ന് ഒന്നും യന്ത്രങ്ങളും ഇന്നലെ ബ്രഹ്മപുരത്തെത്തിച്ചു. കാറ്റിന്റെ ദിശ അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റർ വെള്ളം പമ്പ് ചെയ്ത് പുക ശമിപ്പിക്കന്ന പ്രവർത്തനവും നടക്കുന്നുണ്ട്.

കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നാല് മീറ്റര്‍ വരെ താഴ്ചയില്‍ നീക്കി പുക ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ പ്രവര്‍ത്തനം ഇന്നും ഊര്‍ജിതമാക്കാനാണ് ശ്രമം. അതേസമയം, ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണം തടസ്സപ്പെട്ടതോടെ കൊച്ചി നഗരത്തില്‍ പലയിടങ്ങളിലായി മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തിത്തുടങ്ങിയിട്ടുണ്ട്. കോർപറേഷന്‍ മാലിന്യ ശേഖരണം നിര്‍ത്തിവെച്ചിട്ട് ആറ് ദിവസമായി. പ്രതിദിനം 100 ടണ്ണിലേറെ ജൈവ മാലിന്യമാണ് കോര്‍പറേഷന്‍ പരിധിയില്‍ നിന്ന് ബ്രഹ്മപുരത്ത് എത്തിച്ചിരുന്നത്.

ഇപ്പോള്‍ ഏകദേശം 600 ടണ്ണോളം ജൈവ മാലിന്യം നഗരത്തിലെ പലയിടങ്ങളിലായി കെട്ടിക്കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റ് മാലിന്യങ്ങളും വലിയ ചാക്കുകളിലാക്കി ജനം തെരുവുകളില്‍ തള്ളുകയാണ്. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യ നീക്കവും നടക്കുന്നില്ല. ചെറുകിട ഹോട്ടലുകള്‍ക്ക് മുന്നില്‍ മാലിന്യം ചാക്കുകളിലാക്കി കുന്നുകൂട്ടി വെച്ചിരിക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമ്പലമുകളില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും കോർപറേഷന്‍ അറിയിച്ചിരുന്നെങ്കിലും ഇതിലൊന്നും തുടര്‍നടപടിയുണ്ടായിട്ടില്ല.

Latest