Connect with us

editorial

ഈജിപ്ത് ഉച്ചകോടി: പഴങ്കഥകള്‍ ആവര്‍ത്തിക്കുമോ?

ആഗോള താപനത്തിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങളുടെ മേല്‍ മാത്രം ചുമത്താനാകില്ലെന്നു പറഞ്ഞ്, നഷ്ടപരിഹാര നിധി രൂപവത്കരണത്തോട് നിസ്സഹരിക്കുകയായിരുന്നു വികസിത രാജ്യങ്ങള്‍ ഇതുവരെയും. നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവിലാണ് ഈജിപ്ത് ഉച്ചകോടിയില്‍ വികസിത രാജ്യങ്ങള്‍ വഴങ്ങിയത്.

Published

|

Last Updated

ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങള്‍ക്കായി നഷ്ടപരിഹാര നിധി രൂപവത്കരിക്കാനുള്ള തീരുമാനത്തോടെയാണ് ഈജിപ്തില്‍ ചേര്‍ന്ന രണ്ടാഴ്ച നീണ്ടുനിന്ന കാലാവസ്ഥാ ഉച്ചകോടി സമാപിച്ചത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ദുരിത ബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയ, സൗത്ത് പസഫിക് എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഗോള താപനത്തിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങളുടെ മേല്‍ മാത്രം ചുമത്താനാകില്ലെന്നു പറഞ്ഞ്, നഷ്ടപരിഹാര നിധി രൂപവത്കരണത്തോട് നിസ്സഹരിക്കുകയായിരുന്നു വികസിത രാജ്യങ്ങള്‍ ഇതുവരെയും.

നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവിലാണ് ഈജിപ്ത് ഉച്ചകോടിയില്‍ വികസിത രാജ്യങ്ങള്‍ വഴങ്ങിയത്. സുപ്രധാനമായ ചുവടുവെപ്പെന്നാണ് നഷ്ടപരിഹാരം നല്‍കാനുള്ള ഉച്ചകോടി തീരുമാനത്തെക്കുറിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം പൊറുതിമുട്ടുന്ന രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ പുറംലോകം അറിയണമെന്നും പുതിയ തീരുമാനത്തിന്റെ പ്രായോഗികവത്കരണത്തിന് ഐക്യരാഷ്ട്ര സഭ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമെന്നാണ് തീരുമാനത്തെ ഇന്ത്യ വിശേഷിപ്പിച്ചത്. ലോകം വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു എന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് കാര്‍ബണ്‍ നിര്‍ഗമനം ലഘൂകരിച്ച് വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ സ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്നാണ് 2015ലെ പാരീസ് ഉടമ്പടി പ്രഖ്യാപനം. അഥവാ ആഗോള താപനിലയുടെ വര്‍ധന 1.5 ഡിഗ്രിക്ക് താഴെ പിടിച്ചുനിര്‍ത്തണം. എന്നാല്‍ ഉടമ്പടിക്കു ശേഷവും താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2030ഓടെ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്കും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.8 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തുമെന്നാണ് യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കൺവെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ റിപോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. അതിതീവ്രമായ വരള്‍ച്ച, പേമാരി, ചുഴലിക്കാറ്റുകള്‍, ജൈവവൈവിധ്യ വിനാശം, മിന്നല്‍ പ്രളയം, സമുദ്ര നിരപ്പ് ഉയരല്‍, ജലദൗര്‍ലഭ്യം, താപതരംഗങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ ദുരന്ത ഫലങ്ങള്‍. പാരീസ് ഉടമ്പടി നടപ്പാക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെടുന്നുവെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കടല്‍ നിരപ്പ് ഉയര്‍ന്ന് മഹാപ്രളയങ്ങളില്‍ പെട്ട് മൂന്നാം ലോക രാജ്യങ്ങളാണ് താപവര്‍ധനവിന്റെ ദുരിതങ്ങള്‍ കൂടുതലായി അനുഭവിക്കാനിരിക്കുന്നത്. ഡിയോ ഡി ജനീറോ ഉച്ചകോടി നടന്ന 1992 മുതല്‍ 2013 വരെ കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള സമ്പദ് ഘടനക്കുണ്ടായ നഷ്ടം അഞ്ച് ലക്ഷം കോടി ഡോളറിനും 29.3 ലക്ഷം കോടി ഡോളറിനും ഇടയില്‍ വരുമെന്നാണ് ഒരു കാലാവസ്ഥാ പഠനത്തില്‍ പറയുന്നത്. ഉഷ്ണ മേഖലകളിലെ മൂന്നാംലോക രാജ്യങ്ങളാണ് ഇതില്‍ വലിയ പങ്കും സഹിക്കേണ്ടി വന്നത്. ഈയടുത്ത് പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ മാത്രം 37.5 കോടി രൂപയുടെ നഷ്ടമുണ്ടായി.

വര്‍ധിച്ചു വരുന്ന പെട്രോളിയം ജ്വലനം മൂലം കാര്‍ബണ്‍ വന്‍തോതില്‍ പുറത്തേക്കു വരുന്നതാണ് ആഗോള താപനത്തിന്റെ മുഖ്യകാരണം. കാര്‍ബണ്‍ നിര്‍ഗമനവും കാലാവസ്ഥാ പ്രതിസന്ധിയുമൊക്കെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. 1992ലെ റിയോ ഡി ജനീറോ കാലാവസ്ഥാ ഉച്ചകോടി മുതല്‍ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമം അവതരിപ്പിക്കപ്പെട്ടെങ്കിലും വികസിത രാജ്യങ്ങള്‍ അതിനോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. വാതക നിര്‍ഗമനത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ പ്രതിബദ്ധത കാണിച്ചില്ലെങ്കില്‍, തങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്ന് വികസ്വര രാജ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വാതക നിര്‍ഗമനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വികസിത രാജ്യങ്ങളില്‍ നിന്നാണ്. കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ പ്രധാന ഉത്തരവാദിത്വം അവര്‍ക്കായിരിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കപ്പെടുന്നതും ഇതുകൊണ്ടാണ്.

നഷ്ടപരിഹാരം തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇതെന്ന് നടപ്പാകും, അത് കൃത്യമായി ലഭ്യമാകുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. വികസ്വര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ നല്‍കാന്‍ 2009ലെ കോപന്‍ഹേഗന്‍ ഉച്ചകോടിയില്‍ തത്ത്വത്തില്‍ തീരുമാനമായതായിരുന്നു. പക്ഷേ അത് നടപ്പായില്ല. ഈജിപ്ത് ഉച്ചകോടിയില്‍ നഷ്ടപരിഹാരത്തിന് തീരുമാനമായെങ്കിലും നഷ്ടപരിഹാര നിധിക്കുള്ള പണം ആര് നല്‍കും, ആര്‍ക്കൊക്കെ വിതരണം ചെയ്യും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. യു എന്‍ റിപോര്‍ട്ടനുസരിച്ച് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനോട് അവര്‍ എന്നും വിയോജിപ്പാണ് പ്രകടിപ്പിക്കാറുള്ളത്. ഈജിപ്ത് ഉച്ചകോടിയില്‍ അവസാന ദിവസം രാത്രിയേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫണ്ട് നല്‍കാന്‍ അവര്‍ സമ്മതം മൂളിയത്. എന്നാല്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അമേരിക്ക അത് പാലിക്കാനുള്ള സാധ്യത കുറവാണ്. നഷ്ടപരിഹാര നിധിയിലേക്ക് സംഭാവന നല്‍കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ വികസ്വര രാജ്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യ, ചൈന തുടങ്ങിയവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും വികസ്വര രാജ്യങ്ങളുടെ കൂട്ടായുള്ള ചെറുത്തുനില്‍പ്പില്‍ അവരുടെ നീക്കം പരാജയപ്പെടുകയായിരുന്നു.