Connect with us

National

ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കും, കടത്തുകാര്‍ക്ക് മാത്രം ശിക്ഷ; നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

ലഹരിക്കടത്ത് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ട കുറ്റമായി തുടരും

Published

|

Last Updated

ന്യൂഡല്‍ഹി  |  ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കുന്ന പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലഹരി ഉപയോഗിക്കുന്നവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേ സമയം ലഹരിക്കടത്ത് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ട കുറ്റമായി തുടരും. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്‌കരിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് നിരോധിച്ച ലഹരിമരുന്നുകള്‍ കൈവശം വെക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്. ശിക്ഷയും കേസും ഒഴിവാക്കി ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്ക് 30 ദിവസത്തെ നിര്‍ബന്ധിത കൗണ്‍സിലിംഗ് കൊടുക്കാനാണ് ശിപാര്‍ശ. അതേസമയം എത്ര അളവില്‍ വരെ ലഹരി ഉപയോഗിക്കുന്നവരെയാണ് ശിക്ഷയില്‍ നിന്നും ഒഴിവാക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.