Connect with us

National

അദാനിയുടെ പോര്‍ട്ടിലെ മയക്കുമരുന്ന് കടത്ത്: പിടിയിലായവര്‍ ബിനാമിയെന്ന് സംശയം

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയ്ന്‍ കടത്തിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ അദാനിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Published

|

Last Updated

അഹമ്മദബാദ് | അദാനി ഗ്രൂപ്പ് നടത്തുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത് പിടികൂടിയ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ ബിനാമികളാണെന്ന് അന്വേഷണ സംഘം. ആന്ധ്രാ പ്രദേശ് സ്വദേശികളും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരുമായ സുധാകര്‍ മച്ചവരപ്പു, വൈശാലി ഗോവിന്ദരാജു എന്നിവരാണ് പിടിയിലായത്. ഇവര്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ഇവര്‍ ഇറക്കുമതി ചെയ്ത കണ്ടെയ്‌നറുകളില്‍ നിന്നാണ് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയ്ന്‍ പിടികൂടിയത്. ഓരോ കണ്ടെയ്‌നറിനും 30,000 രൂപ വെച്ചാണ് ദമ്പതിമാര്‍ അടച്ചത്. ചരക്കുകളുടെ കസ്റ്റംസ് ക്ലിയറന്‍സിനും ഗതാഗതത്തിനുമായി ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ ഹവാലയായി ലഭിച്ചു.

മയക്കുമരുന്ന് പിടികൂടിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കണ്ടെയ്‌നറില്‍ എന്താണെന്ന് പരിശോധിക്കുക തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയ്ന്‍ കടത്തിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ അദാനിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.