Connect with us

dr abbas panakkal

ഡോ. അബ്ബാസ് പനക്കൽ സർറി സർവകലാശാലാ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതി അംഗം

യൂനിവേഴ്‌സിറ്റി കേന്ദ്രത്തിന്റെ ഭാവി പ്രവർത്തനവും നയങ്ങളും ആസൂത്രണ പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് ഡോ. അബ്ബാസ് മാർഗനിർദ്ദേശങ്ങൾ നൽകും.

Published

|

Last Updated

അബുദബി |  ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവ് ഡയറക്ടറും അബുദാബി ആസ്ഥാനമായ വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിലിലെ മുതിർന്ന ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കൽ സർറി സർവകലാശാലയിൽ (University of Surrey) റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. യൂനിവേഴ്‌സിറ്റി കേന്ദ്രത്തിന്റെ ഭാവി പ്രവർത്തനവും നയങ്ങളും ആസൂത്രണ പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് ഡോ. അബ്ബാസ് മാർഗനിർദേശങ്ങൾ നൽകും. രണ്ട് വർഷത്തേക്കാണ് നിയമനം.

വ്യത്യസ്‌ത വിശ്വാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ സാംസ്‌കാരികമായ വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റികളുടെ സൗഹൃദങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റിയിലെ അക്കാദമിക് ഫെല്ലോ കൂടിയായ ഡോ. അബ്ബാസ് പറഞ്ഞു. റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ അതിന്റെ പുതിയ പ്രവർത്തന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ഈ അവസരത്തിൽ, ഡോ. പനക്കൽ ഉപദേശകസ്ഥാനത്ത് വരുന്നത് ഏറെ പ്രതീക്ഷനൽകുന്നുവെന്നും സർറി യൂനിവേഴ്‌സിറ്റി ഡീൻ അലക്‌സാണ്ടർ ഗോൾഡ്‌ബെർഗ് പ്രസ്താവനയിൽ പറഞ്ഞു.

എട്ട് വിശ്വാസ വിഭാഗങ്ങളിൽനിന്നും ഇതര മാനവിക പാരമ്പര്യത്തിൽ നിന്നുമുള്ള 22 പേരടങ്ങുന്ന സംഘമാണ് ഉപദേശകസമിതിയിലുള്ളത്. മലേഷ്യ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവിന്റെ ഡയറക്ടർ എന്ന നിലയിൽ ഡോ. അബ്ബാസ് പനക്കൽ, ഐക്യരാഷ്ട്രസഭയുടെ സംരംഭങ്ങൾ, മലേഷ്യൻ പ്രധാനമന്ത്രിയുടെ യൂനിറ്റി ആൻഡ് ഇന്റഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ജി 20 ഇന്റർഫെയ്ത്ത് ഉച്ചകോടികളുടെ പ്രോജക്ട് കോർഡിനേറ്റർ കൂടിയായിരുന്നു ഡോ. പനക്കൽ. സർക്കാർ, സർക്കാറിതര ഏജൻസികളുടെ പിന്തുണയോടെ മതേതര സമൂഹത്തിന്റെ വികസനത്തിനായി സാംസ്കാരിക ഇടപെടലുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യു എ ഇ, ആസ്‌ത്രേലിയ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ജോർദാൻ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, യു കെ, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിലധികം സൗഹൃദ സമ്മേളനങ്ങളിലും ഐക്യ രാഷ്ട്രസഭയിൽ നടന്ന അന്താരാഷ്ട്ര യുവജന സമ്മേളനത്തിലും (2018) ഡോ. അബ്ബാസ് പനക്കൽ പ്രസംഗകനായിരുന്നു. ഇബ്‌ൻ ബത്തൂത്ത ഇന്റർനാഷണൽ സെന്റർ ഓഫ് ഇന്റർ കൾച്ചറൽ സ്റ്റഡീസിന്റെ ഡയറക്ടറും വിയന്നയിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർറിലീജ്യസ് ആൻഡ് ഇന്റർ കൾച്ചറൽ ഡയലോഗിലെ ഫെല്ലോയുമാണ്.

Latest