Connect with us

Editorial

ജയിലുകളിലെ ഇരട്ട നീതി: തെറ്റ് തിരുത്തി പഞ്ചാബ്‌

ഉന്നതരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ നിയമ പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ഒരേ ശിക്ഷയാണ് അനുശാസിക്കുന്നത്. പിന്നെയെന്തിനാണ് ജയിലില്‍ ചിലര്‍ക്ക് പ്രത്യേക പരിരക്ഷയും സൗകര്യവും. ഒരു വിഭാഗമാളുകള്‍ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ തെറ്റായും അനര്‍ഹമായും കൈപറ്റുന്നത് നീതീകരിക്കാവതല്ല.

Published

|

Last Updated

ജയിലുകളില്‍ ചിലര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പ്രവണത അവസാനിപ്പിക്കുകയാണ് പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി ഭഗവന്ത്മാന്‍ ആണ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യമറിയിച്ചത്. ജയിലുകളെ തിരുത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ജയിലുകളിലെ വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതി ശിക്ഷിച്ച ഒരാള്‍ക്ക് ജയിലില്‍ വി ഐ പി ആകാന്‍ കഴിയുന്നത് ആശ്ചര്യകരമാണ്. ജയിലുകളിലെ എല്ലാ വി ഐ പി മുറികളും ജീവനക്കാര്‍ക്കുള്ള മാനേജ്‌മെന്റ് ബ്ലോക്കുകളാക്കി മാറ്റും. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. നേരത്തേ 184 വി ഐ പികള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു ഭഗവന്ത്മാന്‍ സര്‍ക്കാര്‍. മുന്‍ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് എടുത്തുകളഞ്ഞത്.

പഞ്ചാബില്‍ മാത്രമല്ല, രാജ്യത്താകമാനം നടപ്പുണ്ട് ജയിലുകളിലെ വി ഐ പി സംസ്‌കാരം. വിവിധ കുറ്റങ്ങള്‍ക്ക് കോടതി ശിക്ഷിച്ച മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കും സാധാരണ തടവുപുള്ളികള്‍ക്കു ലഭിക്കാത്ത പ്രത്യേക ആനുകൂല്യങ്ങളാണ് ജയിലുകളില്‍ ലഭിച്ചു വരുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലില്‍ വി ഐ വി പരിഗണനയിലാണ് കഴിഞ്ഞത്. കിടക്കയും കൊതുകുവലയും ദിനപത്രവും ടെലിവിഷനും ലഭ്യമായിരുന്നു സെല്ലില്‍ ലാലുവിന്. ഭക്ഷണകാര്യത്തിലുമുണ്ട് പ്രത്യേക പരിഗണന. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുമുള്ള സൗകര്യവുമുണ്ടായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിച്ച അണ്ണാ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയും ജയില്‍ വി ഐ പിയായിരുന്നു. ബെംഗളൂരു ജയിലില്‍ അഞ്ച് മുറികള്‍, പ്രത്യേകം പാചകക്കാരി, അടുക്കള തുടങ്ങിയ ആനുകൂല്യങ്ങള്‍ അവര്‍ക്ക് അനുവദിക്കുകയുണ്ടായി. ജയിലിലെ നാല് മുറികളിലെ വനിതാ തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചാണ് ശശികലക്ക് അഞ്ച് മുറികള്‍ അനുവദിച്ചത്. ജയിലില്‍ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും, ശശികലക്കു ഭക്ഷണമുണ്ടാക്കുന്നതിന് ജയില്‍ അധികൃതര്‍ ഒരു തടവുകാരിയെ പ്രത്യേകം നിയോഗിച്ചിരുന്നതായി വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയില്‍ ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ കേരളകോണ്‍ഗ്രസ്സ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്കും ലഭിച്ചിരുന്നു വി ഐ പി പരിഗണന. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തെഴുതിയതും ദിലീപിന് ജയിലില്‍ ലഭിച്ച പ്രത്യേക പരിഗണനയും വിവാദമായതാണ്.

പൊതുനിയമങ്ങളില്‍ അവസര സമത്വം ഉറപ്പ് നല്‍കുന്നുണ്ട് ഭരണഘടനാ ആര്‍ട്ടിക്കിള്‍-16. നിയമത്തിനു മുന്നില്‍ പൗരന്മാരെല്ലാം സമന്മാരാണെന്നും ആര്‍ക്കിടയിലും വിവേചനം അരുതെന്നുമാണ് ഇതിന്റെ വിവക്ഷ. ഇതു പക്ഷേ പുസ്തകത്തില്‍ ഒതുങ്ങുന്നു. ഭരണ വര്‍ഗത്തിന്റെ പരിരക്ഷയുള്ളവര്‍ക്ക് പൊതുനിയമം ബാധകമല്ല. ഇതിനിടെ വിജയ് മല്യയെപ്പോലുള്ള വി ഐ പി കുറ്റവാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആഡംബര ജയില്‍ ഒരുക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇന്ത്യയിലെ ജയിലുകള്‍ക്ക് നിലവാരം പോരെന്നും സുരക്ഷയില്ലെന്നും ചൂണ്ടിക്കാണിച്ച് രാജ്യത്തേക്ക് മടങ്ങാന്‍ മല്യ വിസമ്മതിച്ചതിനെ തുടര്‍ന്നാണത്രെ വി ഐ പി ജയില്‍ നിര്‍മാണ തീരുമാനമുണ്ടായത്. സാധാരണ ജയിലുകളില്‍ നിന്ന് വ്യത്യസ്തമായി നല്ല കാറ്റും വെളിച്ചവുമുള്ളതായിരിക്കും പുതിയ ജയില്‍ മുറികള്‍. അവിടെ യൂറോപ്യന്‍ ശൈലിയിലുള്ള ശുചിമുറികളും പ്രത്യേക വാഷ് ബേസിനുമുണ്ടാകും. രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടാക്കി മുങ്ങിയ പ്രതികള്‍ കീഴടങ്ങാന്‍ മടിക്കുന്നത് ജയിലുകളുടെ മോശം അവസ്ഥ മൂലമാണെങ്കില്‍ ഇതിന് പരിഹാരമുണ്ടാക്കേണ്ടതല്ലേയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈ ഇരട്ട നീതിക്കു പറയുന്ന ന്യായീകരണം. ഇതാണോ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി? ജയിലുകളിലെ ഇരട്ടനീതിയെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. തിഹാര്‍ ജയിലില്‍ യൂനിടെക് എം ഡി സഞ്ജയ് ചന്ദ്രക്കും സഹോദരന്‍ അജയിനും ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയ സംഭവത്തോട് പ്രതികരിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശം. രാജ്യത്തെ ജയിലുകളില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സുപ്രീം കോടതി അന്ന് ചോദിച്ചത്.

അക്രമവും നിയമലംഘനവും ആര് നടത്തിയാലും അതിന്റെ പ്രത്യാഘാതവും ഇരകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ക്രമസമാധാനത്തിന് അത് വരുത്തുന്ന ഭംഗവും തുല്യമാണ്. ഉന്നതരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ നിയമ പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ഒരേ ശിക്ഷയാണ് അനുശാസിക്കുന്നതും. പിന്നെയെന്തിനാണ് ജയിലില്‍ ചിലര്‍ക്ക് പ്രത്യേക പരിരക്ഷയും സൗകര്യവും. ഒരു വിഭാഗമാളുകള്‍ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ തെറ്റായും അനര്‍ഹമായും കൈപറ്റുന്നത് നീതീകരിക്കാവതല്ല. ആയിരക്കണക്കിനു വിചാരണാ തടവുകാരാണ് ചെയ്ത കുറ്റം എന്തെന്നു പോലും അറിയാതെ, ജാമ്യം ലഭിക്കാതെയും ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലുകളില്‍ നരക യാതന അനുഭവിച്ചും കഴിയുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും വിചാരണാ തടവുകാരാണ്. നിരപരാധികളാണ് ഇവരില്‍ ഗണ്യമായൊരു വിഭാഗവും. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതി കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ക്ക് ജയിലുകളില്‍ വി ഐ പി പരിഗണന. എന്തുമാത്രം വിരോധാഭാസം. ഭരണഘടന മൗലികാവകാശത്തില്‍ പ്രഥമ പരിഗണന നല്‍കിയ സമത്വത്തിനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമല്ലേ ഇത്? ജയിലുകളിലെ ഈ ഇരട്ടത്താപ്പിനു അറുതി വരുത്താനുള്ള പഞ്ചാബ് സര്‍ക്കാര്‍ നടപടി നല്ലൊരു നീക്കമാണ്.

 

Latest