Connect with us

Editorial

ജപ്തിയുടെ മറവില്‍ നിരപരാധികളെ വേട്ടയാടരുത്

പോപുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകളെയും അക്രമ സമരങ്ങളെയും ശക്തമായെതിര്‍ക്കുന്നവര്‍ അവരുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിയമ നടപടിക്ക് വിധേയമാകുന്നത് ഭരണപരമായ പിടിപ്പു കേടാണ്.റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തപ്പെടേണ്ടതുണ്ട്.

Published

|

Last Updated

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതായി പരാതി. വയനാട്ടില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടികളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മുട്ടില്‍ യൂനിറ്റ് പ്രസിഡന്റിന്റെ വീട്ടിലും എത്തുകയുണ്ടായി റവന്യൂ ഉദ്യോഗസ്ഥര്‍. പി എഫ് ഐയുമായി ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന, തീര്‍ത്തും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കേരള മുസ്ലിം ജമാഅത്ത്. നാട്ടില്‍ ഒരു സംഘര്‍ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെടുകയോ ചെയ്യാത്ത വ്യക്തിയാണ് കെ എം ജെ മുട്ടില്‍ യൂനിറ്റ് പ്രസിഡന്റ് യു അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍. എന്നിട്ടും ജപ്തി നടപടിക്കായി റവന്യൂ അധികൃതര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്താന്‍ ഇടയായതെങ്ങനെ? നിരുത്തരവാദപരമാണ് ഉദ്യോഗസ്ഥരുടെ ഈ ചെയ്തി. ഹര്‍ത്താല്‍ കേസില്‍ നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്നതായി ലീഗ് നേതൃത്വവും പരാതിപ്പെടുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം.

കഴിഞ്ഞ സെപ്തംബര്‍ 23ന് പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക്, ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കുന്നതും ജപ്തി നടപടികള്‍ നടത്തുന്നതും. പി എഫ് ഐ കേന്ദ്രങ്ങളില്‍ ഇ ഡിയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ദേശവ്യാപകമായി നടത്തിയ റെയ്ഡിനെതിരെയാണ് സംഘടന മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്താകെ അഴിഞ്ഞാടുകയായിരുന്നു ഹര്‍ത്താല്‍ ദിനത്തില്‍ പി എഫ് ഐ പ്രവര്‍ത്തകര്‍. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും കടകളും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തത് ഉള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങളാണ് അവര്‍ വരുത്തി വെച്ചത്. കെ എസ് ആര്‍ ടി സി ബസുകള്‍ക്കുണ്ടായ കേടുപാടുകളും സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും കണക്കാക്കിയാണ് പോപുലര്‍ ഫ്രണ്ടില്‍ നിന്ന് 5.2 കോടി രൂപ ഈടാക്കാനും സംഘടന അത് നല്‍കാന്‍ സന്നദ്ധമാകാത്ത പക്ഷം നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഹൈക്കോടതി ഉത്തരവിട്ടത്.

ജനാധിപത്യവിരുദ്ധമായ സമരമുറയാണ് ഹര്‍ത്താല്‍. കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകര്‍ക്കുക, വാഹനങ്ങള്‍ തടയുക, എതിര്‍ക്കുന്നവരെ അക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവര്‍ത്തനങ്ങളാണ് മിക്ക ഹര്‍ത്താലിലും അരങ്ങേറുന്നത്. കെ എസ് ആര്‍ ടി സി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കാണ് ഈ സമരനാളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ ശാപമായ ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണ് പതിവ്. ഇതേ തുടര്‍ന്നാണ്, ഹര്‍ത്താല്‍ നടത്തുന്നതിന് ഒരാഴ്ച മുമ്പേ നോട്ടീസ് നല്‍കിയിരിക്കണമെന്നും ജനങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഹര്‍ത്താലിന്റെ വിവരം അറിയുന്ന സ്ഥിതി (മിന്നല്‍ ഹര്‍ത്താല്‍) ഉണ്ടാകരുതെന്നും 2019 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജനങ്ങളുടെ മൗലികാവകാശത്തെ ഹര്‍ത്താല്‍ ബാധിക്കരുതെന്നും പൊതു മുതലിനും സ്വകാര്യ സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളും സംഘടനകളും ഉത്തരവാദികളായിരിക്കുമെന്നും വിധിയില്‍ പറയുന്നുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അതിന് ആഹ്വാനം ചെയ്യുന്നവരില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികള്‍ തന്നെ ഉള്‍പ്പെടുന്നത് കൊണ്ടായിരിക്കണം അത്തരമൊരു നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത് ഈയൊരു പശ്ചാത്തലത്തിലായിരിക്കണം. (മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളിലും കോടതി ഇതുപോലുള്ള കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുക). കോടതി നിര്‍ദേശം നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും നിയമപാലകരും ബാധ്യസ്ഥരാണ്. അതുപക്ഷേ തീര്‍ത്തും കുറ്റവാളികള്‍ക്കെതിരെ മാത്രമായിരിക്കണം. അപ്പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ പങ്ക് സുവ്യക്തമാകുകയും ഹര്‍ത്താല്‍ ദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്‍ക്ക് വിധേയമാക്കാവൂ. പോപുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകളെയും അക്രമ സമരങ്ങളെയും ശക്തമായെതിര്‍ക്കുന്നവര്‍ അവരുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിയമ നടപടിക്ക് വിധേയമാകുന്നത് ഭരണപരമായ പിടിപ്പുകേടാണ്.

റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. നിരപരാധികള്‍ ജപ്തി നടപടികള്‍ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെയും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെയും ജനാധിപത്യവിരുദ്ധ നടപടികളെ വിമര്‍ശിക്കുന്നതില്‍ മറ്റാരേക്കാളും മുന്നിലാണ് ഇടതുപക്ഷം. ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും മറ്റും അനധികൃത കെട്ടിടം ഒഴിപ്പിക്കാനെന്ന പേരില്‍ ബി ജെ പി സര്‍ക്കാറുകള്‍ നിരപരാധികളുടെ വീടുകളും കടകളും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തപ്പോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു ഇടത് നേതാക്കള്‍. ജപ്തിയുടെ മറവില്‍ കേരളത്തില്‍ പിണറായി സര്‍ക്കാറും സമാനമായ നടപടികള്‍ സ്വീകരിക്കാനിടവരുന്നത് വിരോധാഭാസമാണ്.

 

Latest