Connect with us

Kerala

ഡോക്ടർമാർ സാമൂഹിക പ്രതിബദ്ധതയോടെ സേവനം ചെയ്യുന്നവരാകണം: വി പി ജോയ് ഐ എ എസ്

കേരളത്തിലെ ആദ്യ യൂനാനി മെഡിക്കൽ കോളേജായ മർകസ് യൂനാനി മെഡിക്കൽ കോളേജിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി

Published

|

Last Updated

നോളജ് സിറ്റി | സാമൂഹിക പ്രതിബദ്ധതയോടെ സേവനംചെയ്യുന്നവരായിരിക്കണം ഡോക്ടർമാർ എന്ന് കേരള ചീഫ് സെക്രെട്ടറി ഡോ. വി പി ജോയ് ഐ എ എസ്. കേരളത്തിലെ ആദ്യ യൂനാനി മെഡിക്കൽ കോളേജായ മർകസ് യൂനാനി മെഡിക്കൽ കോളേജിൽ നിന്നും പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 51 വിദ്യാര്‍ഥികളുമായി 2015 ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങിയത്. പൂര്‍ണമായും കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആദ്യ യൂനാനി ഡോക്ടര്‍മാര്‍ എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

പഠനകാലത്ത് ആർജിച്ചെടുക്കുന്ന പ്രത്യേക അറിവുകൾ സമൂഹത്തിനു വേണ്ടി സേവനമായി നൽകാനുള്ള ബാധ്യത ഡോക്ടർമാർക്ക് ഉണ്ട്. അതിനുള്ള പ്രതിജ്ഞ എടുത്തവരാണ് അവർ. ആയുർവേദവും അലോപ്പതിയും യൂനാനിയുമെല്ലാം നൂറ്റാണ്ടുകളായുള്ള പഠനങ്ങളിലൂടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും വികസിപ്പിച്ചെടുത്തതാണ്. എല്ലാ ചികിത്സാ സമ്പ്രദായങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന നാടാണ് ഇന്ത്യ. സമൂഹത്തെ സേവിക്കാനും സമൂഹത്തിനായി സംഭാവന നല്കാനും നമുക്കാകണം. അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ വളർത്താൻ നോളജ് സിറ്റിക്ക് സാധിച്ചു. കേരളത്തിന്റെ പുറത്ത് നിന്നും നിരവധി വിദ്യാർത്ഥികൾ ഇവിടെ നോളജ് സിറ്റിയിൽ വന്നു പഠിക്കുന്നു. നോളജ് ഇക്കോണമിയും നോളജ് സൊസൈറ്റിയും ആകാൻ ശ്രമിക്കുന്ന കേരളത്തിന് നോളജ് സിറ്റി ഇനിയും സഹായകമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മര്‍കസ് നോളജ് സിറ്റിയിലെ വലെന്‍സിയ ഗലേറിയ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനുമോദന ചടങ്ങിൽ കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് മുഖ്യാതിഥിയായിരുന്നു. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ ടി അജ്മല്‍, ജീവൻ ടി വി ഡയറക്ടർ പി ജെ ആന്റണി, പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിൽ നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഒമര്‍ സ്വാഗതവും ഡോ. യു കെ മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു .