Connect with us

Health

അപസ്മാര രോഗത്തിന്റെ ഈ അപായ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഏതുപ്രായത്തിലുള്ള ആര്‍ക്കും ഉണ്ടാകാവുന്ന രോഗമാണ് അപസ്മാരം.

Published

|

Last Updated

ലച്ചോറിന്റെ സാധാരണയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വൈദ്യുതി പ്രവാഹത്തിലൂടെയാണ്. ഈ വൈദ്യുതി പ്രവാഹത്തില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് അപസ്മാരം എന്ന രോഗം ഉണ്ടാകുന്നത്.

അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍

രോഗിയുടെ രണ്ട് കൈയും കാലും ബലം പിടിക്കുക, കണ്ണ് മുകളിലേക്ക് മറിഞ്ഞുപോകുക, വായില്‍ നിന്ന് നുരയും പതയും വരിക, നാവ് കടിച്ചു മുറിക്കുക, അതോടൊപ്പം മലമൂത്ര വിസര്‍ജനം അറിയാതെ ഉണ്ടാകുക. തുടര്‍ന്ന് രോഗിയ്ക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതല്ലാതെ തന്നെ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങള്‍ കൂടി അപസ്മാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളില്‍ കാണുന്ന ആബ്‌സന്റ്‌സ് സീസേര്‍സ് എന്ന അപസ്മാരം. ഇത് പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ഒരു രോഗമാണ്. പല സമയങ്ങളിലും അധ്യാപകരാണ് ഇത് ശ്രദ്ധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ കുട്ടി പഠനത്തില്‍ പുറകോട്ട് പോകുന്നത്, ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക, ഒരു ഭാഗത്തേക്ക് മാത്രം തുറിച്ചുനോക്കുക ഇതെല്ലാമാണ്. ഇത് തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് അതിന് കൃത്യമായ ചികിത്സ നല്‍കിയാല്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ മറ്റൊരു അപസ്മാര രോഗമാണ് ജുവനെല്‍ മൈക്ലോണിക് എപിലെപ്‌സി. ഇതിന്റെ ലക്ഷണങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈയ്ക്ക് പെട്ടെന്ന് വെട്ടല്‍ അനുഭവപ്പെടുക, പല്ലുതേയ്ക്കുമ്പോള്‍ ബ്രഷ് കൈയില്‍ നിന്ന് തെറിച്ചുപോകുക എന്നിവയെല്ലാം ഈ രോഗമുള്ളവര്‍ക്ക് അനുഭവപ്പെടുന്നു. അപസ്മാരത്തിന്റെ മറ്റൊരു വകഭേദമാണ് കോപ്ലക്‌സ് പാര്‍ഷ്യല്‍ സീസേര്‍സ്. ഇതില്‍ രോഗി ചുറ്റുപാടില്‍നിന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതായി കാണുന്ന അവസ്ഥയാണ്. പത്തോ പതിനഞ്ചോ മിനിട്ടു കഴിഞ്ഞാല്‍ സാധാരണ ഗതിയിലേക്ക് മാറുകയും ചെയ്യുന്നു. തൊട്ടുമുന്‍പ് പ്രവര്‍ത്തിച്ചതോ സംസാരിച്ചതോ ആയ കാര്യങ്ങള്‍ അവരുടെ ഓര്‍മയില്‍ ഉണ്ടാകുകയുമില്ല. ചില കുട്ടികളില്‍ കാണുന്ന അമിത ദേഷ്യം, കണ്ണ് ഇടക്കിടെ വെട്ടിക്കുന്നത്, തുടങ്ങിയവയെല്ലാം ചിലപ്പോള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ആകാം.

അപസ്മാരത്തിന്റെ കാരണങ്ങള്‍

ഏതുപ്രായത്തിലുള്ള ആര്‍ക്കും ഉണ്ടാകാവുന്ന രോഗമാണ് അപസ്മാരം. അതുകൊണ്ട് തന്നെ ഓരോ പ്രായത്തിലും അതിന്റേതായിട്ടുള്ള ചില കാരണങ്ങളും ഉണ്ട്. ജനിച്ച് കുറച്ചു മാസങ്ങള്‍ മാത്രമുള്ള കുട്ടികള്‍ക്കുവരെ അപസ്മാരമുണ്ടാകാം. ഇതിന് പ്രധാനകാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം അല്ലെങ്കില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുപോകുമ്പോഴാണ്. അതുപോലെ തന്നെ രക്തത്തില്‍ പഞ്ചസാരയുടെ അളവ്, കാത്സ്യം തുടങ്ങിയവ ക്രമാതീതമായി കുറഞ്ഞുപോകുമ്പോള്‍ കുട്ടികളില്‍ അപസ്മാരം വരാം. അതുമല്ലെങ്കില്‍ ചിലപ്പോള്‍ ജനിതകമായിട്ടുള്ള കാരണം കൊണ്ടും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അപസ്മാരം വരാം. ആറ് മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളില്‍ സാധാരണയായി കാണുന്ന അപസ്മാരമാണ് ഫെബ്‌റൈല്‍ സീസിയേര്‍സ്. ഇത് സാധാരണ കുട്ടികളില്‍ പനി വരുമ്പോള്‍ മാത്രം കാണുന്ന അപസ്മാരമാണ്. അതിനാല്‍ തന്നെ ഇത് ഭയപ്പെടേണ്ട അപസ്മാരമല്ല. ഇതിന്റെ പ്രധാനപ്പെട്ട ചികിത്സ കുട്ടികയ്ക്ക് പനി ഒരു പരിധി വരെ വര്‍ധിയ്ക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്.
പ്രായമായവരിലും പല കാരണങ്ങള്‍കൊണ്ടും അപസ്മാരം വരാം. തലച്ചോറില്‍ എന്തെങ്കിലും മുഴകള്‍, തലച്ചോറില്‍ ട്യൂമര്‍, സ്‌ട്രോക്ക് ഉണ്ടാകുക, മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ചവര്‍ ഇതെല്ലാം പില്‍ക്കാലത്ത് അപസ്മാരത്തിന് കാരണമാകാം. അതുപോലെ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയുക, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയവയെല്ലാം പ്രായമായവരില്‍ അപസ്മാരം വരാന്‍ കാരണമാകുന്നു.

അപസ്മാരം വന്നാല്‍ ചെയ്യേണ്ടത്

അപസ്മാരം വന്ന രോഗിയെ ആദ്യം സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. രോഗിയെ ഇടത് ഭാഗത്തേക്കോ വലതു ഭാഗത്തേക്കോ ചെരിച്ചു കിടത്തുക. തലക്ക് പരിക്ക് പറ്റാതിരിക്കാനായി തലയുടെ പിറകില്‍ മൃദുവായ തലയണ വെച്ചുകൊടുക്കുക. അപസ്മാരം ഉള്ള സമയത്ത് രോഗിയെ എടുത്ത് പൊക്കി കസേരയില്‍ ഇരുത്താന്‍ ശ്രമിക്കരുത്. സാധാരണ അപസ്മാരം രണ്ടോ മൂന്നോ മിനിട്ട് നീണ്ടു നില്‍ക്കും. ശേഷം അത് അവസാനിക്കും. അപസ്മാരം വരുന്ന രോഗി ഒരു ന്യൂറോളജിസ്റ്റിന്റെ ചികിത്സ തേടേണ്ടതാണ്. പ്രധാനമായും രണ്ട് പരിശോധനകളാണ് നടത്താറ്. ഒന്നാമതായി തലയുടെ എംആര്‍ ഐ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കും. തലച്ചോറിന്റെ അകത്ത് എന്തെങ്കിലും ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സ്‌കാനിംഗ് ചെയ്യുന്നത്. രണ്ടാമതായി ചെയ്യുന്നത് ഇ ജി ടെസ്റ്റാണ്. ഇത് തലച്ചോറിനകത്തെ വൈദ്യുതി പ്രവാഹത്തില്‍ എന്തെങ്കിലും വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഇജി ടെസ്റ്റ് ചെയ്യുന്നത്. ഈ രണ്ട് ടെസ്റ്റുകളും ചെയ്തു കഴിഞ്ഞതിനുശേഷമാണ് ചികിത്സ ആരംഭിക്കുക. അപസ്മാരത്തിന്റെ ചികിത്സകള്‍ ഒന്നോ രണ്ടോ വര്‍ഷമോ ചിലപ്പോള്‍ അതിലധികം വര്‍ഷമോ നീണ്ടു നിന്നേക്കാം. പലരും കൃത്യമായി മരുന്ന് കഴിക്കാതെയും മറ്റു ചികിത്സാ രീതികള്‍ തേടിപോകുന്നതായും കണ്ടുവരാറുണ്ട്. അങ്ങനെ വരുമ്പോള്‍ അപസ്മാരം ഒരു തീരാ രോഗമായി മാറും. കൃത്യമായി ചികിത്സ ചെയ്താല്‍ ഈ രോഗം പൂര്‍ണ്ണമായും നിയന്ത്രിക്കാനും സാധിക്കുന്നതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെവിന്‍ റെജി
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്
സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, ധര്‍മഗിരി, കോതമംഗലം

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്