Connect with us

National

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പരോള്‍ നീട്ടി നല്‍കണം: സുപ്രീം കോടതി

കൊവിഡ് വ്യാപനം കണക്കിലെടുത്താണിത്. തൃശൂര്‍ സ്വദേശി രഞ്ജിത്തിന്റെ പരോളാണ് ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കാന്‍ അധികാരികളോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോള്‍ നീട്ടി നല്‍കണമെന്ന് സുപ്രീം കോടതി. കൊവിഡ് വ്യാപനം കണക്കിലെടുത്താണിത്. തൃശൂര്‍ സ്വദേശി രഞ്ജിത്തിന്റെ പരോളാണ് ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കാന്‍ അധികാരികളോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്താണ് കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന രഞ്ജിത്ത് നിലവില്‍ പരോളിലാണ്. തിങ്കളാഴ്ച ജയിലിലേക്ക് മടങ്ങാനായിരുന്നു രഞ്ജിത്തിന് നിര്‍ദേശം. നിര്‍ദേശത്തിന് എതിരെ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.

വെള്ളിയാഴ്ച രഞ്ജിത്തിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു എന്ന അനുമാനത്തിലായിരുന്നു. എന്നാല്‍ ശനിയാഴച പുറത്തിറങ്ങിയ ഉത്തരവില്‍ സ്റ്റേ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മുന്‍ ഉത്തരവ് കോടതി തിരിച്ച് വിളിച്ച് ഇന്ന് വീണ്ടും രഞ്ജിത്തിന്റെ ഹര്‍ജി പരിഗണിച്ചത്. രഞ്ജിത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, അഭിഭാഷകന്‍ ദീപക് പ്രകാശും ഹാജരായി.