Connect with us

Book Review

ജോർദാൻ പാലം കടന്ന് റാമല്ല കാണുമ്പോൾ

താൻ ജീവിച്ച ദേശത്ത് വഴികാട്ടി വേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്ഥലങ്ങളും ഓർമകളും കൃത്യതയില്ലാത്ത ചിതറിയ ഘടനയാവുക സ്വാഭാവികം. മുരീദ് ബർഗുതി പറയുന്നതുപോലെ നാടുമാറ്റപ്പെടുന്നത് മരണം പോലെയാണ്, തിരിച്ചുവരുമ്പോൾ സ്വന്തം നാട് അയാൾക്ക് അപരിചിതമാകും. സഹതാപവും അവജ്ഞയും നിറഞ്ഞ നോട്ടത്താൽ പലയിടങ്ങളിലും പരദേശിയെപ്പോലെ തന്നെ തുടരേണ്ടിവരും. വെറുപ്പിന്റെയും വംശീയതയുടെയും യുദ്ധങ്ങളുടെയും അവസാനിക്കാത്ത ക്രൂരതകൾ ഇന്നും തുടരുന്ന ലോകത്ത് അതിൽ അകപ്പെട്ടുപോകുന്ന നിസ്സഹായരുടെ നിലവിളികളും സങ്കടങ്ങളും വേർപാടും പൊള്ളലോടെയല്ലാതെ വായിച്ചെടുക്കാൻ കഴിയില്ല, റാമല്ലയിലൂടെ കടന്ന് പോകുമ്പോൾ.

Published

|

Last Updated

ഇരപ്രവാസം വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്കാരിക സ്വത്വപ്രശ്‌നമായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നീതിരഹിതമായി തുടരുന്ന വർത്തമാന കാലത്ത്, അധിനിവേശം ഒരു ദേശത്തിലും വ്യക്തിയിലും ഉണ്ടാകുന്ന അനേകം സംഘർഷങ്ങളും ആത്മവേദനകളും സ്‌ഫോടനാത്മകമായ ഭാഷ കൊണ്ട് ഒട്ടും വൈകാരികമാകാതെ, അന്തർക്ഷോഭങ്ങളെ വാക്കുകളിൽ മിതപ്പെടുത്തി മുരീദ് ബർഗുദി എന്ന ഫലസ്തീനി കവി എഴുതുന്നു.

നീണ്ട മുപ്പത് വർഷത്തോളം സ്വന്തം നാട്ടിൽ വരാനാകാതെ പല ദേശങ്ങളിലായി ചിതറി താമസിക്കേണ്ടിവരുന്ന, യുദ്ധങ്ങളും ആക്രമണങ്ങളും അലങ്കോലമാക്കിയ ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവാഖ്യാനമാണ് “റാമല്ല ഞാൻ കണ്ടു’ എന്ന പുസ്തകം. കാൽപ്പനികമായ ഭൂതകാലത്തെപ്പറ്റി ഗൃഹാതുരപ്പെടുകയല്ല ഇതിൽ, മറിച്ച് അധിനിവേശം തീർക്കുന്ന ദുരിതങ്ങളുടെയും അലച്ചിലുകളുടെയും തീരാവ്യഥകളിൽ അനാഥമാക്കപ്പെട്ട ജീവിതത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് അത്. നിരന്തരം കളങ്കപ്പെടുന്ന ആത്മാഭിമാനത്തെ മുറുകെപ്പിടിച്ച്, വേരുമുറിഞ്ഞ മനുഷ്യരോട് ചേർന്ന് നിൽക്കുന്നു.

“അതിഭാവുകത്വം നിറഞ്ഞ ഭാഷയോട് പൊരുതി’ ഉള്ളടക്കത്തിലും രൂപത്തിലും സാധാരണവും അസാധാരണവുമായ കാര്യങ്ങളെ ഒന്നിച്ച് പിണച്ച് എഴുത്തുകാരൻ നമ്മളോട് പറയുന്നു, അപഹരിക്കപ്പെട്ട ഒരു ദേശത്തിന്റെ കഥ. ഏത് ധീരനെയും ദുർബലനാക്കുന്ന അദൃശ്യമായ ചങ്ങലകൾ തീർക്കുന്ന നിയന്ത്രണങ്ങളുടെ ജീവിതം ലോകത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളെ പോലും വകവെക്കാതെ ഇന്നും തുടരുന്ന ഇസ്്റാഈലിന്റെ കൊടും ക്രൂരതകൾക്കെതിരെയും വർണവെറിയാലും അപരവത്കരണത്താലും പലായനം ചെയ്യേണ്ടിവരുന്ന എല്ലായിടത്തുമുള്ള മനുഷ്യരോടുള്ള രാഷ്ട്രീയവും മാനുഷികവുമായി ഐക്യപ്പെടാനുള്ള ഉണർവ് തരുന്നു ഈ പുസ്തകവും അതിലെ ജീവിതവും.
സ്വന്തം ദേശത്തിലേക്ക് തിരിച്ചുവരുന്ന എഴുത്തുകാരനോടൊപ്പം പതിയെ നമ്മളും ജോർദാൻ നദിയുടെ പാലം കടക്കുന്നു.

സൈപ്രസുകളുടെയും പൈൻ മരങ്ങളുടെയും ഒലീവ് തോട്ടങ്ങളുടെയും റാമല്ല. തകർക്കപ്പെടുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന ചുറ്റുപാടുകളിൽ വേദനപ്പെടുന്ന മനുഷ്യർക്കിടയിൽ അവരുടെ ആഗ്രഹങ്ങളിലും അഭിലാഷങ്ങളിലും സ്വതന്ത്രമായ ചലനങ്ങളിൽ പോലും ഇടപെടുന്ന ഭരണകൂട അധീശത്വത്തിന്റെ കിരാതവാഴ്ചകളുടെ മുറിവുകൾ നമ്മളും കാണുന്നു.
താൻ ജീവിച്ച ദേശത്ത് വഴികാട്ടി വേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്ഥലങ്ങളും ഓർമകളും കൃത്യതയില്ലാത്ത ചിതറിയ ഘടനയാകുക സ്വാഭാവികം. മുരീദ് ബർഗുതി പറയുന്നതുപോലെ നാടുമാറ്റപ്പെടുന്നത് മരണം പോലെയാണ്, തിരിച്ചുവരുമ്പോൾ സ്വന്തം നാട് അയാൾക്ക് അപരിചിതമാകും. സഹതാപവും അവജ്ഞയും നിറഞ്ഞ നോട്ടത്താൽ പലയിടങ്ങളിലും പരദേശിയെപ്പോലെ തന്നെ തുടരേണ്ടിവരും.

തെരുവകൾക്കും തകർന്ന കെട്ടിടങ്ങൾക്കുമിടയിൽ നിന്ന്, ഭൂതകാലത്തിന്റെ ചിതറിയ ചിത്രങ്ങൾ വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു. കളിച്ച സ്ഥലങ്ങൾ, പിരിഞ്ഞുപോയ സുഹൃത്തുക്കൾ, കോഫിഷോപ്പ്, പഠിച്ച സ്‌കൂൾ, അങ്ങനെ പലതും…
എന്നിട്ടും നിരന്തരമായ പറിച്ചുനടലുകളുടെ ജീവിതത്തിൽ നിന്നും പലതും വീണ്ടെടുക്കാനാകാതെ പോകുന്നു. വെറുപ്പിന്റെയും വംശീയതയുടെയും യുദ്ധങ്ങളുടെയും അവസാനിക്കാത്ത ക്രൂരതകൾ ഇന്നും തുടരുന്ന ലോകത്ത് അതിൽ അകപ്പെട്ടുപോകുന്ന നിസ്സഹായരുടെ നിലവിളികളും സങ്കടങ്ങളും വേർപാടും പൊള്ളലോടെയല്ലാതെ വായിച്ചെടുക്കാൻ കഴിയില്ല, റാമല്ലയിലൂടെ കടന്ന് പോകുമ്പോൾ.

അധീശ വ്യവഹാരങ്ങളോടുള്ള പോരാട്ടമായി മാറുന്ന, മുറിവേറ്റവരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ബർഗുതിയുടെ കവിതകളും ഈ പുസ്തകത്തിൽ പലയിടങ്ങളിലായി ചേർക്കപ്പെട്ടിട്ടുണ്ട്.

സാംസ്‌കാരികവും രാഷ്ട്രീയവുമായ ദൗത്യമാണ് ഈ പുസ്തക വിവർത്തനത്തിലൂടെ അനിത തമ്പി നിർവഹിച്ചത്. മികച്ച വിവർത്തനത്തിലുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.
“ആത്മാവിന്റെ നിറങ്ങൾ കവർന്നെടുത്തതെന്താണ്?’
അധിനിവേശക്കാരുടെ വെടിയുണ്ടകളല്ലാതെ
ശരീരം തുളച്ച് പോയത് മറ്റെന്താണ്?
– എന്ന കവിതയോടെ അവസാനിക്കുന്ന ഈ ആത്മകഥ വായിച്ച് മടക്കിവെക്കുമ്പോൾ പലായനത്തിന്റെ രക്തചരിത്രങ്ങൾ വീണ്ടും ആവർത്തിക്കുന്നതെന്തുകൊണ്ടാണ് എന്ന ഉത്തരം കിട്ടാത്ത ചോദ്യം നമ്മളിലും അവശേഷിക്കുന്നു. പ്രസാധകർ ഒലിവ് ബുക്സ്. 220 രൂപയാണ് വില.

Latest