Connect with us

Qatar World Cup 2022

ഷൂട്ടൗട്ടില്‍ ഗോളി രക്ഷകനായി; ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാർട്ടറിൽ

ജപ്പാൻ്റെ മൂന്ന് ഷോട്ടുകൾ തടഞ്ഞ് ഗോളി ഡൊമിനിക് ലിവാകോവിച്ച് ആണ് ക്രൊയേഷ്യൻ വിജയത്തിന് കാരണമായത്.

Published

|

Last Updated

ദോഹ | ഷൂട്ടൌട്ടിൽ ജപ്പാനെ പരാജയപ്പെടുത്തി റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീതം പെനാൽറ്റി ഷൂട്ടുകൾ എടുത്തപ്പോൾ 3-1 എന്ന സ്കോറിനാണ് ക്രൊയേഷ്യ വിജയിച്ചത്. ജപ്പാൻ്റെ മൂന്ന് ഷോട്ടുകൾ തടഞ്ഞ് ഗോളി ഡൊമിനിക് ലിവാകോവിച്ച് ആണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഏഷ്യൻ പ്രതീക്ഷയായിരുന്ന ജപ്പാൻ ലോകകപ്പിൽ നിന്ന് പുറത്തായി.

ക്രൊയേഷ്യയുടെ നിക്കോള വ്‌ളാസിച്ച്, മാഴ്‌സിലോ ബ്രോസോവിച്ച്, മരിയോ പസാലിച്ച് എന്നിവരാണ് പെനാല്‍റ്റിയിലൂടെ ക്രൊയേഷ്യക്ക് സ്‌കോര്‍ ചെയ്തത്. ജപ്പാന്റെ തകുമ അസാനോ മാത്രമാണ് പെനാല്‍റ്റി ഗോളാക്കിയത്.  നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന സ്കോർ ആയതിനാലാണ് ഷൂട്ടൌട്ടിലേക്ക് നീണ്ടത്.  ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാന്‍ മുന്നിലായിരുന്നു. 43ാം മിനുട്ടില്‍ ഡെയ്‌സന്‍ മയിദയാണ് ഗോളടിച്ചത്. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച ബോള്‍ ഇടങ്കാലനടിയിലൂടെ അദ്ദേഹം ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റ് ഭേദിക്കുകയായിരുന്നു. എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സമനില ഗോള്‍ നേടാന്‍ ക്രൊയേഷ്യക്ക് സാധിച്ചു. 55ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചാണ് അത്യുഗ്രന്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്. ദേയന്‍ ലോവ്‌റെന്റെ ലോംഗ് ക്രോസിന് തലവെക്കുകയായിരുന്നു അദ്ദേഹം.

ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ നിഴലിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജപ്പാനായിരുന്നു മുന്നില്‍. കരുത്തരായ ജര്‍മനിയെയും സ്‌പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ജപ്പാന്‍ പ്രിക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. അതേസമയം, കണക്കിലെ കളിയിലാണ് ക്രൊയേഷ്യ അവസാന 16ലെത്തിയത്.

Latest