Kerala
കെ സി വേണുഗോപാലിനെ അനുകൂലിച്ചു ബോര്‍ഡ് വച്ച സി പി എം പ്രവര്‍ത്തകന്‍ കുറ്റം ഏറ്റു പറഞ്ഞു
സി പി എം വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഭര്‍ത്താവ് അരവശ്ശേരി മുഹമ്മദ് ആണ് ബോര്‍ഡ് വച്ചത്
തൃശ്ശൂര്‍ | കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കെ കെ സി വേണുഗോപാലിനെ അനുകൂലിച്ച് ബോര്‍ഡ് വച്ച സി പി എം പ്രവര്‍ത്തകന്‍ കുറ്റം ഏറ്റുപറഞ്ഞു. ക്യാമറ കേട് ആണെന്ന ധൈര്യത്തിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചതെന്ന് മുഹമ്മദ് അരവശേരി ഏറ്റുപറഞ്ഞു.
നമുക്ക് ഏറ്റവും ദേഷ്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡ് ആണ് വെച്ചത്. പാര്‍ട്ടിയില്‍ വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്തത്. ക്യാമറ അവിടെയുള്ള കാര്യം അറിയില്ല. മൊബൈല്‍ ഷോപ്പിലെ ക്യാമറയാണെന്ന് തോന്നുന്നു. അവിടെ ക്യാമറ ഉണ്ടായിരുന്നു. അത് കട് ആയിരുന്നുവെന്നാണ് പറഞ്ഞത്. ആ ധൈര്യത്തിലാണ് അവിടെ ഫ്ളക്സ് വെച്ചത് -മുഹമ്മദ് അരവശേരി ഏറ്റുപറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇയാള്‍ സ്ഥാപിച്ചത്. രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തുള്ള സി സി ടി വി പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. അരവശ്ശേരി മുഹമ്മദിന്റെ ഭാര്യ സി പി എം വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ്.
സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി പോലീസില്‍ പരാതി നല്‍കി. വാടാനപ്പള്ളിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. സി പി എ ലോക്കല്‍ – ഏരിയ നേതാക്കളുടെ ബലത്തിലാണ് ഇയാള്‍ ഈ ഹീന കൃത്യം നടത്തിയതെന്ന് മണ്ഡലം യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു.







