Connect with us

National

കൊവിഡ് ആര്‍ മൂല്യം വീണ്ടും ഒന്നിന് മുകളിൽ; രാജ്യം നാലാം തരംഗത്തിലേക്കോ?

ഒരു ജനസംഖ്യയില്‍ ഒരു രോഗം എത്ര വേഗത്തില്‍ പടരുന്നു എന്നതിന്റെ സൂചകമാണ് ആര്‍ മൂല്യം. ആര്‍ മൂല്യം ഒന്ന് കടന്നുവെന്നാല്‍ രോഗബാധയേറ്റ ഓരോ വ്യക്തിയും ശരാശരി ഒരു വ്യക്തിക്കെങ്കിലും അണുബാധ പകരുന്നുണ്ടെന്നാണ് അര്‍ഥം.

Published

|

Last Updated

ന്യൂഡല്‍ഹി | നാലാം കൊവിഡ് തരംഗത്തിന്റെ സൂചന നല്‍കി രാജ്യത്ത് കൊവിഡ് ആര്‍ മൂല്യം കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ ആദ്യമായി രാജ്യത്ത് ആര്‍ മൂല്യം ഒന്ന് കടന്നു. ഒരു ജനസംഖ്യയില്‍ ഒരു രോഗം എത്ര വേഗത്തില്‍ പടരുന്നു എന്നതിന്റെ സൂചകമാണ് ആര്‍ മൂല്യം. ആര്‍ മൂല്യം ഒന്ന് കടന്നുവെന്നാല്‍ രോഗബാധയേറ്റ ഓരോ വ്യക്തിയും ശരാശരി ഒരു വ്യക്തിക്കെങ്കിലും അണുബാധ പകരുന്നുണ്ടെന്നാണ് അര്‍ഥം. ഒന്നിന് മുകളിലുള്ള ആര്‍ മൂല്യം അണുബാധ അതിവേഗം പടരുന്നു എന്നതിന്റെ സൂചനയാണെങ്കിലും ഭയപ്പെടേണ്ടതില്ല, ജാഗ്രതയാണ് ആവശ്യമെന്ന് വിദഗ്ധര്‍ പറയുന്നു.

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ (ഐഎംഎസ്) ഗവേഷകയായ സിതാഭ്ര സിന്‍ഹയുടെ അഭിപ്രായത്തില്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് ആർ മൂല്യം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, അതായത് ഏപ്രില്‍ 12-18 കാലയളവില്‍ ആര്‍ മൂല്യം 1.07 ശതമാനമായിരുന്നു. ഏപ്രില്‍ 5-11 ആഴ്ചയില്‍ 0.93 എന്ന നിലയിൽ നിന്നാണ് ഇത് കുതിച്ചുയർന്നത്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ഉയര്‍ന്ന ആര്‍ മൂല്യം രേഖപ്പെടുത്തിയത്. ജനുവരി 16-22 ആഴ്ചയില്‍ ഇത് 1.28 ആയിരുന്നു.

ഡല്‍ഹി, ഹരിയായ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടിയതാണ് ആര്‍ മൂല്യം ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും R മൂല്യം രണ്ടിലധികമാണെന്ന് സിന്‍ഹ പറഞ്ഞു. മെട്രോപൊളിറ്റന്‍ നഗരങ്ങളായ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ആര്‍ മൂല്യം ഒന്നില്‍ കൂടുതലാണ്.

ഏപ്രില്‍ 18ന് അവസാനിച്ച ആഴ്ചയില്‍, കണക്കാക്കിയ ആർ മൂല്യം ഡല്‍ഹിക്ക് 2.12, ഉത്തര്‍പ്രദേശിന് 2.12, കര്‍ണാടകത്തിന് 1.04, ഹരിയാന 1.70, മുംബൈ 1.13, ചെന്നൈ 1.18, ബെംഗളൂരു 1.04 എന്നിങ്ങനെയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ മൂല്യം ഒന്നില്‍ താഴെയാണ്. കേരളത്തില്‍ 0.72ഉം മഹാരാഷ്ട്രയില്‍ 0.88 ഉമാണ് ആര്‍ മൂല്യം.

രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങള്‍ക്ക് മുമ്പുതന്നെ ആര്‍ മൂല്യം ഒന്നിലും കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം, ഒമിക്രോണ്‍ മൂലം മൂന്നാമത്തെ തരംഗം ആരംഭിച്ചപ്പോള്‍, ആര്‍ മൂല്യം 2.98 (ഡിസം 30, 2021 മുതല്‍ ജനുവരി 10, 2022 വരെ) രേഖപ്പെടുത്തിയിരുന്നു. രണ്ടാമത്തെ തരംഗത്തിന് തൊട്ടുമുമ്പ് ആര്‍ മൂല്യം 1.08 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആര്‍ മൂല്യം ഒന്നിന് മുകളിലാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ.ആര്‍.ഗംഗാഖേദ്കര്‍ പറഞ്ഞു. ഒമിക്രോണിന്റെ പുതിയ പകര്‍ച്ചവ്യാധികള്‍ രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ നാലാമത്തെ തരംഗത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ചയും പുതിയ കേസുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,067 പുതിയ കേസുകള്‍ കണ്ടെത്തുകയും 40 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതില്‍ 34 മരണങ്ങള്‍ കേരളത്തില്‍ നിന്നാണ്.