Connect with us

National

കൊവിഡ് ബാധ: ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സര വേദിയില്‍ മാറ്റം

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്റെ വേദി മാറ്റി. ഈ മാസം 22ന് പൂനെയില്‍ നടത്താനിരുന്ന മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മത്സരം പൂനെയില്‍ നിന്ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇന്നലെ വരെ അഞ്ച് പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഒരു കൊവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി ക്യാമ്പില്‍ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്ന് ന്യൂസീലന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട് ആണ് കൊവിഡ് പോസിറ്റീവായത്.ഈ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹത്തിനാണ് ഡല്‍ഹി ക്യാമ്പില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.

 

Latest