Connect with us

Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 1544 കേസുകള്‍, ടിപിആര്‍ പത്ത് കടന്നു

നാല് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ് 43 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം 1544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടിപിആര്‍ 11.39 ആയി ഉയര്‍ന്നിരിക്കുകയാണ്. നാല് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ് 43 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിദിന കൊവിഡ് രോഗികളില്‍ കൂടുതലും കേരളത്തിലാണ്. ആകെ രോഗികളില്‍ 31 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്.

കേരളത്തിന് പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായതായി കത്തില്‍ പറയുന്നു.

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ക്വാറന്റ്റൈന്‍ ഉറപ്പാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും വാക്‌സിനേഷന്‍ ഉയര്‍ത്താനും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പടെ വീഴ്ച പല സംസ്ഥാനങ്ങളിലും സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ പ്രതിവാര കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, ആലപ്പുഴ,എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കൊവിഡ് കേസുകളില്‍ വര്‍ധനയുള്ളത്