Connect with us

cotton hill school

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ അക്രമം: ഡി ഡി ഇ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിഷയം വാര്‍ത്തയായതോടെ ചിത്രം തന്നെ മാറിയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ അക്രമിച്ചുവെന്ന പരാതിയില്‍ ഡി ഡി ഇ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂളിലുണ്ടായ ചെറിയൊരു പ്രശ്‌നത്തെ അനാവശ്യമായി പര്‍വതീകരിച്ചതാണ് പ്രധാന പ്രശ്‌നമെന്ന് ഡി ഡി ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികളെ കണ്ടെത്താന്‍ നടത്തിയ വ്യാപക തിരച്ചില്‍ വിദ്യാര്‍ഥികളെ പരിഭ്രാന്തരാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ഥികളിലെ ഈ പരിഭ്രാന്തി രക്ഷിതാകളിലേക്കും വ്യാപിച്ചു. വിഷയം വാര്‍ത്തയായതോടെ ചിത്രം തന്നെ മാറിയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അതേസമയം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സംഭവത്തെ റാഗിംഗ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്‌കൂളാണ്. റാഗിംഗ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ സ്‌കൂളിന്റ മതില്‍ ചാടിക്കടന്ന് കളര്‍ഡ്രസ് ധരിച്ച പെണ്‍കുട്ടികള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെത്തി ഉപദ്രവമേല്‍പ്പിച്ച് കടന്നുകളഞ്ഞു എന്നത് ശരിയാണെന്ന് കാണുന്നില്ല.

കാരണം സ്‌കൂളിന്റെ മതിലുകള്‍ എല്ലാ ഭാഗത്തും കുട്ടികള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധത്തില്‍ ഉയരക്കൂടുതലുള്ളതാണ്. സ്‌കൂളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടില്ലായെന്നാണ് അധ്യാപകരുള്‍പെടെയുള്ള സ്‌കൂളധികാരികള്‍ ബോധിപ്പിച്ചിട്ടുള്ളത്. കുറ്റക്കാരായ കുട്ടികളെ കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.