Connect with us

Editorial

യു പിയില്‍ തുടര്‍ രാജികള്‍; ആഘാതമേറ്റ് ബി ജെ പി

പാര്‍ട്ടിയിലെ പിന്നാക്ക വിഭാഗത്തിലെ പ്രബല ശബ്ദമായ മൗര്യക്കു പകരം വെക്കാവുന്ന ശക്തനായ നേതാവിനെ എങ്ങനെ കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് ബി ജെ പി നേതൃത്വം. അസംതൃപ്തരായ മന്ത്രിമാരും എം എല്‍ എമാരും ഇനിയും പാര്‍ട്ടി വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് അവരെ പിടിച്ചു നിര്‍ത്താനുള്ള തിരക്കിട്ട ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ഉത്തര്‍ പ്രദേശ് ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത ആഘാതമാണ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും വനം പരിസ്ഥിതി മന്ത്രി ധാരാസിംഗ് ചൗഹാന്റെയും രാജി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും യോഗിയും പാര്‍ട്ടിയും വിവിധ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യവെ അധികാരം നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയുണ്ടായ ഇവരുടെ രാജി പാര്‍ട്ടി നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ചയും ധാരാസിംഗ് ചൗഹാന്‍ ബുധനാഴ്ചയുമാണ് രാജി പ്രഖ്യാപിച്ചത്. മൗര്യയുടെ രാജിക്കു പിന്നാലെ ചൗഹാനും ബി ജെ പി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമിത് ഷാ അദ്ദേഹത്തെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഷായുമായുള്ള കൂടിക്കാഴ്ചക്കു മുതിരാതെ അദ്ദേഹവും രാജി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ ബി എസ് പിയില്‍ നിന്ന് ബി ജെ പിയിലെത്തിയവരാണ് ഇരുവരും. ബി ജെ പിയില്‍ ദളിത്, യുവജന, കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ പിന്തുണ ആര്‍ജിച്ച നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ചൗഹാനും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. രാജിക്കു പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളും എം എല്‍ എമാരുമായ റോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നിവരും രാജിവെച്ചു. മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ എം എല്‍ എമാരുടെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗി ആദിത്യനാഥിന്റെ ദളിത്, പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് മൗര്യയുടെ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘ബി ജെ പിയുടേതും എന്റേതും വ്യത്യസ്ത പ്രത്യയശാസ്ത്രമാണ്. യോഗി മന്ത്രിസഭയില്‍ ഞാന്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു. പക്ഷേ നിലവിലെ ഭരണ നയങ്ങള്‍ ജനനന്മക്കെതിരാണ്. ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടും കര്‍ഷകരോടും തൊഴില്‍രഹിതരോടും ചെറുകിട വ്യവസായികളോടുമുള്ള യോഗി മന്ത്രിസഭയുടെ നയത്തില്‍ പ്രതിഷേധിച്ച് ഞാന്‍ രാജിവെക്കുകയാണെ’ന്നാണ് യു പി ഗവര്‍ണര്‍ക്ക് അയച്ച രാജിക്കത്തില്‍ മൗര്യ പറയുന്നത്. കുറച്ചു മാസങ്ങളായി കടുത്ത ഭിന്നതയിലാണ് യോഗിയും മൗര്യയും തമ്മില്‍. ആസന്നമായ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്നു വരെ മൗര്യ പ്രസ്താവിച്ചിരുന്നു. യോഗിയുടെ നേതൃത്വത്തില്‍ മൗര്യക്ക് ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ അമര്‍ഷമുണ്ടെന്നും പരസ്യമായി വ്യക്തമാക്കുന്നുണ്ട് ഈ പ്രസ്താവം. യോഗിയുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് പരാതിപ്പെടാന്‍ രണ്ട് മാസം മുമ്പ് മൗര്യ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചില്ല.

ദുരിതപൂര്‍ണമാണ് യു പിയില്‍ ദളിതരുടെ ജീവിതം. ഉന്നത ജാതിക്കാരില്‍ നിന്ന് നിരന്തരം പീഡനങ്ങളും അക്രമങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ് ഇവര്‍. ദളിതരായ ജനപ്രതിനിധികള്‍ പോലും അവഗണനയും വിവേചനവും നേരിടുന്നു. ദളിതുകള്‍ നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ച് പരാതിപ്പെടാന്‍ പോലീസ് സ്റ്റേഷനിലെത്തിയ മുന്‍ എം പി ഛോട്ടാലാലിനെ പോലീസ് അധിക്ഷേപിച്ച് ആട്ടിയിറക്കുകയാണുണ്ടായത്. ഭരണകൂടം ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം വേട്ടക്കാര്‍ക്കൊപ്പമാണ്. സംസ്ഥാനത്ത് 2017ല്‍ 180 ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ഹൈന്ദവ ഠാക്കൂറുകളുടെ പീഡനം സഹിക്കവയ്യാതെയായിരുന്നു. ഭരണഘടനാ ശില്‍പ്പി ഭീമറാവു അംബേദ്കറെ മതപരിവര്‍ത്തനത്തിനിടയാക്കിയ അതേ സാഹചര്യമാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നതെന്നു മാത്രമല്ല, യോഗി ആദിത്യനാഥിന്റെ ഭരണം വന്നതിനു ശേഷം ദളിതരുടെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുകയുമാണ്. ജാതീയ വേര്‍തിരിവുകള്‍ക്കും ഉന്നത ജാതീയരുടെ മേല്‍ക്കോയ്മക്കും കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമീപനമാണ് യോഗി സര്‍ക്കാറില്‍ നിന്നുണ്ടാകുന്നത്. ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനും മറ്റു ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നത് സംസ്ഥാനത്ത് പതിവു സംഭവമാണ്. ഇതൊക്കെയാണ് മൗര്യയുടെ യോഗിയുമായുള്ള അഭിപ്രായഭിന്നതക്കും രാജിക്കും കാരണമെന്നാണ് അനുയായികള്‍ പറയുന്നത്.

സ്ഥാനാര്‍ഥി പ്രശ്നമാണ് മൗര്യയുടെ രാജിക്കു കാരണമെന്നും പാര്‍ട്ടിക്ക് ഇത് ഒട്ടും പോറലേല്‍പ്പിക്കുകയില്ലെന്നുമാണ് ബി ജെ പി നേതാക്കളുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൗര്യ ഒരു സീറ്റ് അധികമായി ചോദിച്ചിരുന്നു. ഈ ആവശ്യം പാര്‍ട്ടി തള്ളിയതാണത്രെ അദ്ദേഹത്തെ ചൊടിപ്പിച്ചത്. അതേസമയം പാര്‍ട്ടിയിലെ പിന്നാക്ക വിഭാഗത്തിലെ പ്രബല ശബ്ദമായ സ്വാമി പ്രസാദ് മൗര്യക്കു പകരം വെക്കാവുന്ന ശക്തനായ നേതാവിനെ എങ്ങനെ കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് യഥാര്‍ഥത്തില്‍ ബി ജെ പി നേതൃത്വം. അസംതൃപ്തരായ മന്ത്രിമാരും എം എല്‍ എമാരും ഇനിയും പാര്‍ട്ടി വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് അവരെ പിടിച്ചു നിര്‍ത്താനുള്ള തിരക്കിട്ട ശ്രമവും ആരംഭിച്ചിട്ടുണ്ട്. അമിത് ഷാ ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെയാണ് ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയത്.

ആദ്യം രാജി പ്രഖ്യാപിച്ച മൗര്യയും നാല് എം എല്‍ എമാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജി പ്രഖ്യാപനത്തിനു പിന്നാലെ എസ് പി നേതാവ് അഖിലേഷ് യാദവ്, മൗര്യയെ ട്വീറ്റിലൂടെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും അഖിലേഷും മൗര്യയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ധാരാസിംഗ് ചൗഹാനും മൗര്യയുടെ പാത പിന്തുടരുമെന്നാണ് വിവരം. ഇത്തവണ ബി ജെ പിയും എസ് പിയും നേര്‍ക്കു നേരേ അങ്കംവെട്ടുന്ന യു പിയില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എസ് പിക്കെതിരെ ദളിത്, പിന്നാക്ക വോട്ടര്‍മാരെ ബി ജെ പിക്കു അനുകൂലമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മൗര്യയുടെ രാജി ബി ജെ പിക്കു കാര്യമായ പരുക്കേല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Latest