Connect with us

Ongoing News

അര്‍ധ കേഡര്‍ പരിണാമം സുഗമമാക്കാന്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ക്ക് ബ്രേക്കിടും

Published

|

Last Updated

കോഴിക്കോട് | സി പി എം പ്രവര്‍ത്തനങ്ങളെ കോപ്പിയടിച്ച് അര്‍ധ കേഡര്‍ പാര്‍ട്ടിയാവാനുള്ള കോണ്‍ഗ്രസ് നീക്കം സുഗമമാക്കാന്‍ ആലോചന. തുടര്‍ച്ചയായ അച്ചടക്ക നടപടികള്‍ ഇല്ലാതെ നിലവിലെ കോണ്‍ഗ്രസ് ഘടനയില്‍ നിന്ന് അര്‍ധ കേഡര്‍ സ്വഭാവത്തിലേക്കു മാറാനാവില്ല. അച്ചടക്ക നടപടിയെടുത്താന്‍ അതിനു വഴങ്ങി നില്‍ക്കാതെ നേതാക്കള്‍ പുറത്തുപോകും എന്നതാണ് അവസ്ഥ. ഇത്തരം നേതാക്കളെ ചുവന്ന ഷാളണിയിച്ചു സ്വീകരിക്കാന്‍ സി പി എം തയാറായിരിക്കുമ്പോള്‍ കേഡര്‍ നീക്കം പാളുമോ എന്ന ആശങ്ക നേതൃത്വത്തെ പിടികൂടിയിരിക്കുകയാണ്. എം എം ഹസ്സനെ പോലുള്ള നേതാക്കള്‍ കേഡര്‍ നീക്കത്തെ പരിഹസിച്ചു രംഗത്തുവന്നതോടെ പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളെ മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് വ്യക്തമാവുകയാണ്. സി പി എം ഉപയോഗിക്കുന്ന സഖാവ് എന്ന അഭിസംബോധനയും ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ടി സിദ്ധിഖിന്റെ പ്രഖ്യാപനം കൂടിവന്നതോടെ അര്‍ധ കേഡര്‍ നീക്കം കോണ്‍ഗ്രസില്‍ തന്നെ വലിയ തമാശയായി പരിണമിക്കുമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാതെ സംഘടനാപരമായി അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കാനുള്ള നീക്കം വിജയിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇങ്ങനെ ഒരു അര്‍ധ കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് മുഴുവന്‍ കേഡര്‍ പാര്‍ട്ടിയായ സി പി എമ്മില്‍ പോയാല്‍ പോരെ എന്നു പ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ലെന്നാണ് അവരുടെ നിലപാട്. കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോരുന്ന മികച്ച നേതാക്കളെ സ്വീകരിക്കാന്‍ സി പി എം പദ്ധതി തയാറാക്കിയതോടെ അച്ചടക്ക നടപടികള്‍ക്കു തത്ക്കാലം ബ്രേക്കിടേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. വരാനിരിക്കുന്ന കെ പി സി സി ഭാരവാഹികളുടെയും ഡി സി സി ഭാരവാഹികളുടെയും തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ വലിയ തോതില്‍ പൊട്ടിത്തെറികളുണ്ടാവും. അച്ചടക്ക നടപടിയുടെ വാളുയര്‍ത്തി നിശബ്ദരാക്കാനുള്ള നീക്കം നല്ലതിനല്ല എന്ന് കെ പി അനില്‍കുമാര്‍ അടക്കമുള്ളവരുടെ വേര്‍പിരിയലോടെ നേതൃത്വത്തിനു വ്യക്തമായി. ഒന്നു രണ്ടു പ്രമുഖ നേതാക്കള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നടപടിയുണ്ടായാല്‍ മറ്റുള്ളവര്‍ ഭയന്നു മൗനം പാലിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അങ്ങനെയാണ് മുതിര്‍ന്ന നേതാക്കളായ കെ ശിവദാസന്‍ നായരേയും കെ പി അനില്‍കുമാറിനേയും ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയപ്പോള്‍ ഇടതു മുന്നണിയില്‍ പ്രവേശനം കിട്ടാതെ കെ കരുണാകരനും കെ മുരളീധരനും ഉഴന്നതുപോലെ, നടപടിക്ക് വിധേയരായവര്‍ പുറത്തുകിടന്ന് ഉഴലും എന്നതായിരുന്നു പുതിയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സി പി എം തന്ത്രപരമായി നീങ്ങിയതോടെ പുതിയ കോണ്‍ഗ്രസ് നേതൃത്വം ആകെ അങ്കലാപ്പിലായിരിക്കുകയാണ്.

കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ വിശദമായി വിശകലനം ചെയ്ത ശേഷമാണ് സി പി എം, പുറത്തുവരുന്ന കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്. ദീര്‍ഘകാലം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സി പി എമ്മിന്റെ ചട്ടക്കൂടില്‍ ഉയര്‍ന്ന നേതാവാകാമെന്നതിന് ടി കെ ഹംസയുടെ മാതൃകയാണ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ സി പി എം സഹയാത്രികനായും പാര്‍ട്ടിയുടെ ഭാഗമായി മുന്നോട്ടു പോകാം. സി പി എമ്മില്‍ പാര്‍ട്ടി അംഗത്വം നല്‍കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് സ്ഥാനാര്‍ഥി അംഗത്വത്തില്‍ കൊണ്ടുവരിക. അതിനു ശേഷമാണ് പൂര്‍ണ അംഗത്വം നല്‍കുക. മറ്റു പാര്‍ട്ടിയില്‍ നിന്നു വരുന്ന മുതിര്‍ന്ന നേതാക്കളെ നേരിട്ടു മെമ്പര്‍ഷിപ്പില്‍ പ്രവേശിപ്പിക്കണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ക്ക് തുടക്കത്തില്‍ പാര്‍ട്ടി അംഗത്വമോ ഘടകമോ നല്‍കില്ല. പാര്‍ട്ടിയിലെ അംഗത്വത്തിന്റെ വ്യവസ്ഥകളും രീതികളുമൊക്കെ ഇത്തരം നേതാക്കളെ ആദ്യം ബോധ്യപ്പെടുത്തുകയാണ് രീതി. പാര്‍ട്ടി അംഗത്വത്തില്‍ വരുന്നതിനു മുമ്പ് വര്‍ഗ-ബഹുജന സംഘടനകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. അവിടെ നിന്നാണ് പാര്‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരികയും പാര്‍ട്ടി ഘടകങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുക.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തേക്കും പാര്‍ലിമെന്ററി സ്ഥാനങ്ങളിലേക്കും അവസരമുണ്ടാകുമ്പോള്‍ ഇവരെ പരിഗണിക്കും. സി പി എമ്മിനൊപ്പമെത്തിയ നേതാക്കളെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലനിര്‍ത്താനും അവര്‍ക്കു പരമാവധി വേദികള്‍ ഒരുക്കാനും പാര്‍ട്ടി തയാറാവും. 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് മുതല്‍ മുകളിലോട്ടുള്ള സമ്മേളനങ്ങള്‍ നടക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ റാലികള്‍ക്ക് സാധ്യതയുണ്ട്. അത്തരം റാലികള്‍, സെമിനാറുകള്‍ എന്നിവയിലെല്ലാം നിറഞ്ഞു നില്‍ക്കാന്‍ കോണ്‍ഗ്രസ് വിട്ടു വന്ന നേതാക്കള്‍ക്ക് പരമാവധി അവസരം നല്‍കും. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പരിഗണന കൂടുതല്‍ പേരെ സി പി എമ്മിലേക്ക് ആകര്‍ഷിക്കും. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളുടെ പിന്നാലെ പോയി സി പി എമ്മിലേക്ക് ആകര്‍ഷിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി കാണുന്നത്. വ്യക്തിത്വ വിശുദ്ധിയുള്ളവരേയും സി പി എമ്മുമായി ചേര്‍ന്നു പോകാന്‍ കഴിയുന്ന രാഷ്ട്രീയ ബോധ്യമുള്ളവരേയും പാര്‍ട്ടിയിലേക്കു സ്വീകരിക്കാനാണ് ആലോചിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ ബി ജെ പി യിലേക്കു പോകുന്ന പ്രവണത ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സി പി എം കേരളത്തില്‍ മറ്റു കാര്‍ക്കശ്യങ്ങളെല്ലാം കൈവിട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്കു സ്വീകരിക്കുന്നത്.

ആരുപോയാലും പാര്‍ട്ടിക്കു കുലുക്കമില്ല എന്ന നിലപാട് കോണ്‍ഗ്രസിന് അപകടം വരുത്തുമെന്നു മുതിര്‍ന്ന പല നേതാക്കളും പുതിയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പി സി ചാക്കോ, കെ സി റോസക്കുട്ടി, പി എം സുരേഷ് ബാബു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഗൗരവത്തോടെ കാണാതിരുന്ന നേതൃത്വം അനില്‍കുമാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നതോടെയാണ് അര്‍ധ കേഡര്‍ പാര്‍ട്ടിയിലേക്കുള്ള പാത സുഗമമാക്കാന്‍ ആലോചിക്കുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്