Connect with us

Kerala

കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടി; അപ്രൈസര്‍ തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു

കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ സ്വര്‍ണപ്പണിക്കാരനായ മോഹനനാണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ കേസില്‍ ആരോപണ വിധേയനായ ബാങ്ക് അപ്രൈസര്‍ തീവണ്ടിക്കു മുമ്പില്‍ ചാടിമരിച്ചു. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ സ്വര്‍ണപ്പണിക്കാരനായ മോഹനനാണ് മരിച്ചത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പില്‍ അപ്രൈസര്‍ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടു വെച്ച് മോഹനന്‍ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുക്കു പണ്ടം പണയം വെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത്, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയര്‍ന്നത്.

പെരുമണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനു പിന്നാലെ നാലംഗ സംഘം മുക്കുപണ്ടം പണയം വെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തി. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവര്‍ കൈക്കലാക്കിയത്.

Latest