Connect with us

Kerala

കോണ്‍ഗ്രസ് ഭയക്കുന്നു; തരൂര്‍ ജയിച്ചാല്‍ നിജലിംഗപ്പ ആകുമോ?

ഔദ്യോഗിക സ്ഥാനാര്‍ഥിയായി കൊണ്ടുവന്ന അശോക് ഗെലോട്ട് വിഭാഗീയതയുടെ അകമ്പടിയോടെ രംഗപ്രവേശനം ചെയ്തതോടെ മനംമടുത്താണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരു വിഭാഗം ശശി തരൂരിനെ പിന്‍തുണക്കുന്നതിലേക്ക് തിരിഞ്ഞത്

Published

|

Last Updated

കോഴിക്കോട് |  ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിനു പിന്‍തുണ ഏറുന്നു. തരൂരിനെപ്പോലെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുള്ളൊരു നേതാവ് അധ്യക്ഷനായി വരുന്നതിനെ ഭയക്കുന്ന ഒരു വിഭാഗം ആശങ്കയോടെയാണ് ഈ സാഹചര്യത്തെ വിലയിരുത്തുന്നത്.

രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും കണ്ട് അനുമതി വാങ്ങിയാണ് തരൂര്‍ മത്സരിക്കുന്നതെങ്കിലും ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മുകുള്‍ വാസ്നിക് ആണെന്നാണു സൂചന. ഔദ്യോഗിക സ്ഥാനാര്‍ഥിയായി കൊണ്ടുവന്ന അശോക് ഗെലോട്ട് വിഭാഗീയതയുടെ അകമ്പടിയോടെ രംഗപ്രവേശനം ചെയ്തതോടെ മനംമടുത്താണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരു വിഭാഗം ശശി തരൂരിനെ പിന്‍തുണക്കുന്നതിലേക്ക് തിരിഞ്ഞത്. തുടക്കം മുതല്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നത് കേരളത്തിലെ നേതാക്കളായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എം കെ രാഘവന്‍ എംപി, കെ സി അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ അബുവും രാഘവവനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരാണ്. ശബരിനാഥന്‍ ഐ ഗ്രൂപ്പിലൂടെ വളര്‍ന്ന് ഇടക്കാലത്ത് കെ സി വേണുഗോപാലിനൊപ്പം മാറി.

മാറിമറിയുന്ന സാഹചര്യത്തില്‍ തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ മുതിര്‍ന്ന നേതാവും കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അടക്കം കേരളത്തിലെ 15 പ്രധാന നേതാക്കള്‍ ഒപ്പിട്ടു.

ദിഗ് വിജയ് സിംഗും മത്സരരംഗത്തുണ്ടാവും എന്നുറപ്പായതോടെ ശക്തമായ ത്രികോണ മത്സരത്തിന്റെ സാധ്യതയാണു തെളിയുന്നത്. വിശ്വ പൗരന്‍ എന്ന പ്രതിച്ഛായയിലാണ് ശശിതരൂരിനു പ്രതീക്ഷ.
തമ്പാനൂര്‍ രവി ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായാണ് തരൂരിനെ പിന്‍തുണക്കുന്നത് എന്ന സംസാരം കോണ്‍ഗ്രസ്സില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ വോട്ടുകളില്‍ വലിയ പ്രതീക്ഷയാണു രൂപപ്പെടുന്നത്.

തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഏറ്റവുംകൂടുതല്‍ എതിര്‍ക്കുന്ന എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലാണ്. ഇതോടൊപ്പം എ കെ ആന്റണിയും തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്നില്ല. തരൂരിനെതിരെ കടുത്ത മത്സരം ഉണ്ടാക്കുന്നതിനു മുകുള്‍ വാസ്നിക്കിനെ രംഗത്തിറക്കുന്നതില്‍ എ കെ ആന്റണിയും പങ്കു വഹിച്ചു എന്നാണു വിവരം.
ആന്റണിയും വേണുഗോപാലും തരൂരിനെതിരാണെന്നറിഞ്ഞിട്ടും പത്രികയില്‍ ഒപ്പിടാനും പിന്‍തുണ അറിയിക്കാനും കൂടുതല്‍ പേര്‍ രംഗത്തുവരുന്നത് തരൂരിന്റെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരെ കണ്ടു തരൂര്‍ പിന്‍തുണ തേടിയിരുന്നു. നെഹ്രുകുടുംബത്തിനു പുറത്ത് ഒരാളെ പ്രസിഡന്റായി സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. നെഹ്രു കുടുംബം ഇല്ലെങ്കില്‍ അവരുടെ മനസ്സില്‍ ആരാണോ അവര്‍ക്കു പിന്‍തുണ നല്‍കുന്നതായിരിക്കും തങ്ങളുടെ നിലപാട് എന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ മുരളീധരന്‍ എന്നിവര്‍ക്കെല്ലാം ഇതേ നിലപാടാണ്.

കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു എന്നതിനാല്‍ കേരളത്തിലെ നേതാക്കളുമായി ബന്ധമുള്ള മുകുള്‍ വാസ്നിക് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പ്രതിച്ഛായകൂടി ഉപയോഗപ്പെടുത്തി കേരളത്തിലെ മുഴുവന്‍ വോട്ടുമാണു പ്രതീക്ഷിക്കുന്നത്.

ഇതിനിടെയാണ് തരൂരിനു പിന്‍തുണയുമായി ഏതാനും നേതാക്കള്‍ രംഗത്തുവന്നത്. കേരളത്തില്‍ നിന്ന് 328 പേര്‍ക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.

പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന ജി 23 നേതാക്കളുടെ വിമത ശബ്ദം ഹൈക്കമാന്‍ഡിന് അംഗീകരിക്കേണ്ടി വന്നതോടെയാണ് അധ്യക്ഷ പദിവിയിലേക്കില്ലെന്നു രാഹുല്‍ പ്രഖ്യാപിച്ചത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് വിട്ടുപോകുന്ന നേതാക്കളുടെ എണ്ണം പെരുകിയപ്പോഴും എല്ലാ പ്രലോഭനങ്ങളേയും തള്ളിക്കളഞ്ഞ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായി നിലകൊണ്ട നേതാവാണ് ശശി തരൂര്‍.

യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതു മുതലാണ് ശശി തരൂര്‍ രാഷ്ട്രീയ ഇടങ്ങളില്‍ ശ്രദ്ധനേടിയത്. യു എന്‍ മത്സര രംഗത്തുനിന്ന് അവസാനം പിന്‍വാങ്ങിയെങ്കിലും ആ നീക്കത്തോടെ മാധ്യമങ്ങളില്‍ അദ്ദേഹം നിറഞ്ഞു. അതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാവായി തരൂര്‍ മാറുന്നത്.
2009 ല്‍ തിരുവനന്തപുരത്തുനിന്നു മത്സരിക്കാന്‍ എത്തുമ്പോള്‍ ശശി തരൂരിര്‍ കോണ്‍ഗ്രസില്‍ ആരുമായിരുന്നില്ല. എഴുത്തുകാരന്‍, പ്രഭാഷകന്‍, എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന തരൂരിനെ ലഭിച്ചതു ശോഷിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനു മുതല്‍ക്കൂട്ടായിരുന്നു.

കോണ്‍ഗ്രസിന് ഏറെക്കാലമായി ലഭിക്കാതിരുന്ന തിരുവനന്തപുരം സീറ്റില്‍ നാലുതവണ വിജയ കിരീടം ചൂടാന്‍ തരൂരിനായി. രണ്ട് തവണ കേന്ദ്രമന്ത്രിയുമായി. പാര്‍ട്ടിയിലും ഭരണത്തിലും പൊതുസമൂഹത്തിലുമെല്ലാം തിളക്കമുള്ള പ്രതിച്ഛായ തരൂര്‍ കരസ്ഥമാക്കിയെങ്കിലും ഗ്രൂപ്പന് അതീനായ വ്യക്തി എന്നതിനാല്‍ കേരള നേതാക്കള്‍ ഒരു തൊട്ടുകൂടായ്മ എന്നും അദ്ദേഹത്തോടു കാണിച്ചു.

ജി 23 നേതാക്കളില്‍ ഉള്‍പ്പെട്ടു എന്നതാണ് തരൂരിനോട് കേന്ദ്ര നേതൃത്വത്തിനുള്ള അസംതൃപ്തി. കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തിയുള്ള ആളോട് തങ്ങളും മുഖം തിരിക്കും എന്ന നിലപാടിലാണ് കേരള നേതൃത്വം.

രാഹില്‍ പദവിയിലേക്കില്ലെങ്കില്‍, ഹൈക്കമാന്‍ഡിന്റെ താല്‍പര്യങ്ങള്‍ക്കു കാവലിരിക്കുന്ന ഒരാളെ ഡമ്മി പ്രസിഡന്റാക്കുകയായിരുന്നു നേതൃത്വത്തിന്റെ തന്ത്രം. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അനുസരിച്ച് മുന്നോട്ടു പോവുന്ന ഒരു പ്രസിഡന്റായിരിക്കാന്‍ ശശി തരൂരിനാവില്ലെന്നുറപ്പാണ്. അങ്ങനെയൊരാള്‍ പ്രസിഡന്റായാല്‍ ഇന്ദിരാഗാന്ധിയുടെ കാലത്തു കോണ്‍ഗ്രസ്സിനു സംഭവിച്ചതുപോലെ ചരിത്രം ആവര്‍ത്തിച്ചേക്കാമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഭയപ്പെടുന്നു.

1969ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വലിയ പിളര്‍പ്പിലേക്കു വരെ കാര്യങ്ങള്‍ പോയിരുന്നു. പാര്‍ട്ടി സംഘടനയില്‍ മേല്‍ക്കൈ ഉള്ളവര്‍ സംഘടനാ കോണ്‍ഗ്രസ്സും ഭരണത്തില്‍ പങ്കുള്ളവര്‍ ഭരണ വിഭാഗം കോണ്‍ഗ്രസ്സുമായാണു പിളര്‍ന്നത്.

എസ് നിജലിംഗപ്പയായിരുന്നു അന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നീലം സഞ്ജീവ് റെഡ്ഡിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി ഭൂരിപക്ഷതീരുമാനപ്രകാരം നിശ്ചയിച്ചു. നെഹ്രുവിന്റെ പ്രതാപത്തോടെ കോണ്‍ഗ്രസ്സില്‍ എത്തിയ ഇന്ദിരാഗാന്ധിക്ക് ഈ തീരുമാനം ഇഷ്ടമായില്ല. അവര്‍ സഞ്ജീവ് റെഡ്ഡിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത് ഇന്ദിരാ ഗാന്ധി ആയാലും നടപടി സ്വീകരിക്കാന്‍ ശേഷിയുള്ളതായിരുന്നു അന്നത്തെ നേതൃത്വം. 1969 നവംബര്‍ 12-ന്് ഇന്ദിരയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍നിന്നു് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം അവര്‍ കൈക്കൊണ്ടു.

നവംബര്‍ 14-നു ഇന്ദിരാ വിഭാഗം സമാന്തര എ.ഐ.സി.സി വിളിച്ചു് കൂട്ടി നിജലിംഗപ്പയ്ക്കെതിരെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടി പിളര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) നിലവില്‍ വന്നു. ഔദ്യോഗികവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു.

കോണ്‍ഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനും കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കുമായിരുന്നതുകൊണ്ടാണു അങ്ങനെ രണ്ടു ചേരിയായി മാറിയത്. ക്രമേണ ഇന്ദിരാ പ്രഭാവത്തില്‍ സംഘടനാ കോണ്‍ഗ്രസ് ക്ഷയിച്ചു.

1978-ല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) വീണ്ടും പിളര്‍ന്നപ്പോള്‍ ഇന്ദിര സ്വന്തം പേരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാക്കുകയായിരുന്നു.
പാര്‍ട്ടി അധ്യക്ഷന്റെ പദവിയില്‍ നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാള്‍ വന്നാല്‍ ഈ ചരിത്രം ആവര്‍ത്തിച്ചേക്കാമെന്ന ഭയം പാര്‍ട്ടയിലെ വലിയൊരു വിഭാഗത്തെ അലട്ടുന്നുണ്ട്. അതിനാല്‍ ശശി തരൂരിനെപ്പോലെ വ്യക്തിത്വമുള്ള ഒരു നേതാവിനെ ആ പദവിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എല്ലാവരും സംഘംചേര്‍ന്ന് രംഗത്തുവരും എന്നാണു കരുതുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്