Connect with us

Articles

സമൂഹ അടുക്കള: സുപ്രീം കോടതി ഉയര്‍ത്തിപ്പിടിക്കുന്നത്

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത പട്ടിണിയും പട്ടിണി മരണങ്ങളും ഒരു യാഥാര്‍ഥ്യമാണെന്ന വസ്തുത ബോധപൂര്‍വം സംസ്ഥാനങ്ങള്‍ മറച്ചുവെക്കുകയാണ്. വിശപ്പും പോഷകാഹാരക്കുറവും രാജ്യത്ത് വ്യാപകമായി ഉണ്ടെന്നുള്ള വസ്തുത എന്തായാലും പരമോന്നത കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതുകൊണ്ടുതന്നെയായിരിക്കണം സമൂഹ അടുക്കളകള്‍ വ്യാപകമായി ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

Published

|

Last Updated

ലോകത്തെ പട്ടിണി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ കൊവിഡ് മഹാമാരി ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. നാട്ടിലെ ഭയാനകമായ ഈ സ്ഥിതിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമൂഹ അടുക്കള പോലുള്ള സംവിധാനങ്ങള്‍ ഉടന്‍ കൊണ്ടുവരണമെന്നുമാണ് കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

കൊവിഡ് കാലത്തു പോലും ജനങ്ങള്‍ക്ക് തൊഴിലും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കുന്ന വിധം പാക്കേജുകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഉള്ള പാക്കേജുകള്‍ തന്നെ വന്‍കിട ബിസിനസ്സുകാര്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ളതായിരുന്നു. 2019-20ല്‍ ഇന്ത്യയുടെ ജി ഡി പി 146 ലക്ഷം കോടി ആയിരുന്നത് 2021ല്‍ 135 ലക്ഷം കോടി രൂപയായി കുറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആളുകളുടെ എണ്ണം 60 ദശലക്ഷത്തില്‍ നിന്ന് 134 ദശലക്ഷമായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഗോള ദരിദ്രരുടെ വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന 57.3 ശതമാനമായിരുന്നു. നമ്മുടെ മധ്യവര്‍ഗത്തില്‍ 59.3 ശതമാനം പേര്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്ന സ്ഥിതിയുമുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം 2020ല്‍ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നു. ജനങ്ങളുടെ ദുരിതത്തിന്റെ തോത് ഗണ്യമായി വര്‍ധിക്കുകയാണെങ്കിലും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ നിന്ന് 140 ആയി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാമതായിരിക്കുന്നു.

നമ്മുടെ രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ക്ക് മാതൃകാ പദ്ധതി തയ്യാറാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിനായി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന കാര്യവും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പെണ്ണ, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു. പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന കൂടുതല്‍ ഭക്ഷ്യധാന്യം ഏറ്റെടുക്കാനുണ്ടാകുന്ന ചരക്കു നീക്കത്തിന്റെ ചെലവുകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

പട്ടിണി, പോഷകാഹാരക്കുറവ് മൂലമുള്ള മരണം തുടങ്ങിയ വലിയ പ്രശ്നങ്ങളല്ല കോടതി പരിഗണിച്ചത്. വിശക്കുന്നവരുടെ വിശപ്പകറ്റണം. പാവപ്പെട്ട ആളുകള്‍ തെരുവില്‍ വിശക്കുകയാണ്. ഇവരില്‍ പലര്‍ക്കും വീടുപോലുമില്ല. ഈ പ്രശ്നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. വിഷയം മനുഷ്യത്വപരമായി എടുത്ത് പരിഹാരത്തിന് ശ്രമിക്കണം. ബുദ്ധി പ്രയോഗിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

രാജ്യത്തെ പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കള നയം രൂപവത്കരിക്കണമെന്ന ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാജ്യത്ത് നിന്ന് പട്ടിണി മരണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, പട്ടിണി മരണം തുടങ്ങിയ വിഷയങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കി. രണ്ടാഴ്ചക്ക് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. അതിനകം സംസ്ഥാനങ്ങള്‍ക്ക് ബന്ധപ്പെട്ട സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വീഴ്ചവരുത്തിയ സംസ്ഥാനങ്ങള്‍ക്ക് വരുത്തിയ പിഴ കോടതി ഒഴിവാക്കുകയും ചെയ്തു. സമൂഹ അടുക്കള എന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും നയരൂപവത്കരണത്തില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം വാദിച്ചത്. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം എടുക്കുന്നില്ല. രാജ്യത്തെ പട്ടിണി മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കിയാല്‍ പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്‍കാമെന്ന നിലപാടാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സമൂഹ അടുക്കള പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തു നിന്നും പട്ടിണി മരണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും എ ജി കോടതിയെ അറിയിച്ചു.

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പട്ടിണിയും പട്ടിണി മരണവും ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സാര്‍വദേശീയവും ദേശീയവുമായിട്ടുള്ള വിശ്വസനീയമായ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറലിന് കഴിയുമോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ സംസ്ഥാനങ്ങളിലൊന്നും പട്ടിണി മരണം ഇല്ലെന്ന സംസ്ഥാന അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചതെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത പട്ടിണിയും പട്ടിണി മരണങ്ങളും ഒരു യാഥാര്‍ഥ്യമാണെന്ന വസ്തുത ബോധപൂര്‍വം സംസ്ഥാന അധികൃതര്‍ മറച്ചുവെക്കുകയാണ്. വിശപ്പും പോഷകാഹാരക്കുറവും രാജ്യത്ത് വ്യാപകമായി ഉണ്ടെന്നുള്ള വസ്തുത എന്തായാലും പരമോന്നത കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതുകൊണ്ടുതന്നെയായിരിക്കണം സമൂഹ അടുക്കളകള്‍ വ്യാപകമായി ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും സമൂഹ അടുക്കളകള്‍ സ്ഥാപിക്കുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളത് ഒരു വസ്തുതയാണ്. സംസ്ഥാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമായി സമൂഹ അടുക്കളകള്‍ അടിയന്തരമായി ആരംഭിച്ചേ മതിയാകൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണം. നിലവിലുള്ള സംസ്ഥാനങ്ങളുടെ ഭക്ഷ്യധാന്യ ക്വാട്ടയില്‍ രണ്ട് ശതമാനം വര്‍ധന വരുത്താന്‍ കേന്ദ്രം തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമൂഹിക അടുക്കളകള്‍ സാര്‍വത്രികമായി ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും വേണമെന്നാണ് സംസ്ഥാനങ്ങളുടെ ഡിമാന്‍ഡ്. രണ്ട് ശതമാനം അധിക ഭക്ഷ്യധാന്യം നല്‍കുമെന്നും സമൂഹ അടുക്കളയുടെ മറ്റ് ചെലവുകള്‍ സ്വന്തം ഫണ്ടില്‍ നിന്നോ പുതിയതായി ടാക്സുകള്‍ ഏര്‍പ്പെടുത്തിയോ സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ കൊവിഡ് കാലത്ത് വീണ്ടും ജനങ്ങളുടെ മേല്‍ സമൂഹ അടുക്കളയുടെ പേരില്‍ പുതുതായി നികുതികള്‍ ഏര്‍പ്പെടുത്തുക എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടതാണ്. അപ്രായോഗികമായ നിര്‍ദേശമാണിത്. സമൂഹ അടുക്കളയുടെ ചെലവ് കേന്ദ്രം തന്നെ വഹിക്കുന്നതാണ് എന്തുകൊണ്ടും പ്രായോഗികമായിട്ടുള്ളത്.

എന്തായാലും രാജ്യത്ത് സമൂഹ അടുക്കളകള്‍ വേണമെന്ന പരമോന്നത കോടതിയുടെ അഭിപ്രായം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതില്‍ സംശയമില്ല. രാജ്യത്തെ ലക്ഷോപലക്ഷം പട്ടിണി പാവങ്ങളുടെ വികാരമാണ് പരമോന്നത കോടതി ഐതിഹാസികമായ ഈ നിരീക്ഷണത്തില്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428